മാതാവിനെയും ഈശോയെയും കുറ്റപ്പെടുത്തിയവര്‍ക്ക് വി. യൗസേപ്പിതാവ് നല്കിയ മറുപടി എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-177/200
വീട്ടിലേക്കുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുവാന്‍ ഗ്രാമത്തിലേക്കു പോകുമ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ക്ഷീണിച്ചു മെലിഞ്ഞ ജോസഫിന്റെ ശരീരം ശ്രദ്ധിക്കുകയും എന്തുപറ്റു എന്നു തിരക്കുകയു ംചെയ്തു. ശരീരം ക്ഷീണിക്കുവാനും ആരോഗ്യം കുറയുവാനും കാരണം താന്‍തന്നെ ചില സഹനങ്ങളിലൂടെ കടന്നുപോകാന്‍ തീരുമാനിച്ചതുകൊണ്ടാണെന്ന് വളരെ ലാഘവത്തോടെ അവരോടു തുറന്നുപറഞ്ഞു.
എന്നാല്‍ ആ മനുഷ്യര്‍ ഉടനെതന്നെ മാതാവിനെയും ഈശോയെയും ജോസഫിന് ആവശ്യമായ ഭക്ഷണവും പരിചരണവും കൊടുക്കുന്നില്ല എന്നു കുറ്റപ്പെടുത്തി സംസാരിക്കാന്‍ തുടങ്ങി. അവരുടെ ആരോപണങ്ങള്‍ കേട്ട് ജോസഫ് ഞെട്ടിപ്പോയി. തനിക്ക് ആവശ്യമായതെല്ലാം ലഭിക്കുന്നുണ്ടെന്നും നിഷ്‌കളങ്കരായ അവരെക്കു്‌റിച്ച് അങ്ങനെ മോശമായ പരാമര്‍ശങ്ങള്‍ ഒരിക്കലും നടത്തരുതെന്നും യഥാര്‍ത്ഥത്തില്‍ അവരിലൂടെയാണ് തനിക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതെന്നും പറഞ്ഞ്് അവരെ ആ തെറ്റില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
ജോസഫ് വീണ്ടും അവരോടു പറഞ്ഞു: ‘നിങ്ങള്‍ ഇത് അറിഞ്ഞുകൊള്ളുക. എന്റെ ഭാര്യയും അതുപോലെതന്നെ മകനും എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചുതരുന്നുണ്ട്. ഈ നിമിഷംവരെ ഒന്നിനും ഒരു കുറവും വരുത്തിയിട്ടുമില്ല. എന്റെ സങ്കല്പങ്ങള്‍ക്കും ഉപരിയായി അവര്‍ അതു ചെയ്തുതരുന്നുണ്ട്. അതുകൊണ്ട് അവരുടെ ആത്മാര്‍ത്ഥതയെ കുറ്റപ്പെടുത്തി പറഞ്ഞ് നിങ്ങള്‍ എന്റെ ഹൃദയത്തെ ദയവായി മുറിപ്പെടുത്തരുത്. ഞാന്‍ ഈ അവസ്ഥയിലൂടെ കടന്നുപോകണമെന്നാണ് ദൈവനിശ്ചയമെങ്കില്‍ എന്റെ മേല്‍ അനുഗ്രഹം വര്‍ഷിക്കുകയും ശ്രദ്ധാപൂര്‍വ്വം എന്നെ പരിചരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എന്തിനാണ് കുറ്റപ്പെടുത്തുന്നത?’
ജോസഫിന്റെ ഈ വാക്കുകള്‍ ചിലരില്‍ ജാള്യത ഉളവാക്കി. എന്നാല്‍ മറ്റുള്ളവരാകട്ടെ കൂടുതല്‍ കഠിനചിത്തരായി അവനെ പരിഹസിച്ചു പറഞ്ഞു. മറിയത്തിനെയും മകനെയും അപമാനിക്കാതിരിക്കാന്‍ ജോസഫ് നുണ പറയുന്നതാണെന്നും ശരിയായ പരിചരണവും ഭക്ഷണവും കൊടുക്കാത്തതുകൊണ്ടാണ് ഇപ്രകാരം ജോസഫ് മെലിഞ്ഞുപോയതെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു. അവരോടു ജോസഫ് പറഞ്ഞു: ‘സത്യമായും എല്ലാവിധ പരിഗണനയും പരിചരണവും എനിക്കു ലഭിക്കുന്നുണ്ട്. അവരാണ് എന്റെ സഹായവും സമാശ്വാസവും. നിങ്ങള്‍ക്കാണ് തെറ്റുപറ്റിയത്.’ അവന്‍ ഇതു പറഞ്ഞശേഷം മുഖം തിരിച്ച് അവരെ വിട്ടുപോയി.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.