പൈശാചിക പീഡകള്‍ വി. യൗസേപ്പിതാവിനെ വേദനിപ്പിക്കാനിടയായതെങ്ങനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-176/200

സാത്താന്റെ പ്രേരണയാലുള്ള സംസാരങ്ങള്‍ ജോസഫിന്റെ ഹൃദയത്തില്‍ സാരമായ വേദനകള്‍ സൃഷ്ടിക്കുകതന്നെ ചെയ്തു. ഈ വിധത്തിലുള്ള സംസാരം അവസാനിപ്പിക്കണമെന്നല്ലാതെ കൂടുതലൊന്നും ജോസഫ് അവരോടു പ്രതികരിച്ചില്ല. എന്തെന്നാല്‍, അതുവഴി അവര്‍ ദൈവത്തോടാണ് എതിരിട്ടുകൊണ്ടിരുന്നത്. ഒരു കാര്യംകൂടി അവരോടു പറഞ്ഞു: തന്റെ മകന്റെ പദ്ധതികളെന്തെന്ന് അവര്‍ അറിയുന്നില്ല. മറിച്ച് അവര്‍ അവനെ പരിഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്. അവസാനം ഇങ്ങനെ പറഞ്ഞു നിര്‍ത്തി: ‘അതം, യഥാര്‍ത്ഥത്തില്‍, എതിര്‍ക്കുന്ന നിങ്ങള്‍ക്കുവേണ്ടിയല്ലേ ഇതെല്ലാം ചെയ്യുന്നത്? എന്നിട്ടും അവന്‍ എല്ലാം ശാന്തമായി സഹിക്കുന്നു.’

അവര്‍ പറഞ്ഞ ആരോപണങ്ങള്‍ ഒട്ടും വീറും വാശിയുമില്ലാത്തവരില്‍പ്പോലും ചൊടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. എന്നിരുന്നാലും വിശുദ്ധന്‍ ഒരിക്കല്‍പ്പോലും ആത്മസംയമനം വെടിയുകയോ ക്ഷമവിട്ട് അവരോട് പ്രതികരിക്കുകയോ ചെയ്തില്ല. ഈശോയോടുള്ള സ്‌നേഹത്താല്‍ മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിനായി രക്ഷകന്‍ വളരെയേറെ സഹിക്കേണ്ടിയിരിക്കുന്നു എന്ന ബോദ്ധ്യത്തില്‍, അവര്‍ പറഞ്ഞതെല്ലാം ക്ഷമാപൂര്‍വ്വം കേള്‍ക്കുകയും അവരെ അംഗീകരിക്കുകയും ചെയ്തു. വേദനാജനകമായ ഈ അനുഭവത്തിലൂടെ ആസന്നഭാവിയില്‍ ഈശോ അനുഭവിക്കാനിരിക്കുന്ന ക്ലേശങ്ങളെയും കഠിനപീഡകളെയും കുറിച്ച് വ്യക്തമായ ചില ഉള്‍ക്കാഴ്ചകള്‍ ജോസഫിന് ലഭിച്ചു. അതേക്കുറിച്ചുള്ള ചിന്തകള്‍ ജോസഫിനെ കൂടുതല്‍ ദുഃഖാര്‍ത്തനാക്കുകയും ചെയ്തു.

മറ്റൊരു സന്ദര്‍ഭത്തില്‍ ജോസഫ് തന്റെ പ്രിയപ്പെട്ട ഭാര്യയെ അടുത്തു വിളിച്ചിട്ടു പറഞ്ഞു: ‘എന്റെ പ്രിയ പത്‌നീ, എനിക്കിപ്പോള്‍ നിന്നോട് വലിയ അനുകമ്പ തോന്നുന്നു. നമ്മുടെ സ്‌നേഹനിധിയായ ഈശോയോട് അവരില്‍ ചിലര്‍ പറഞ്ഞ ആരോപണങ്ങള്‍ കേട്ടപ്പോള്‍ എന്റെ ആത്മാവു ശരീരത്തില്‍നിന്നു പറിച്ചെടുക്കപ്പെട്ട പോലെയാണ് അനുഭവപ്പെട്ടത്. എങ്കില്‍, അവന്റെ യഥാര്‍ത്ഥ പീഡാസഹനവേളകളില്‍ എല്ലാവരാലും നിന്ദിക്കപ്പെട്ടും അപമാനിക്കപ്പെട്ടും ഭയാനകമാംവിധം അവന്‍ പീഡകളേറ്റ തളര്‍ന്നു വിവശനായിക്കാണപ്പെടുമ്പോള്‍ നീ അനുഭവിക്കാന്‍ പോകുന്ന ദുഃഖവും സങ്കടവും എത്രയോ കഠിനമായിരിക്കും? നിന്റെ ഹൃദയവ്യഥകള്‍ എത്ര കയ്‌പ്പേറിയതായിരിക്കും? നിന്റെ ആത്മാവിന്റെ രോദനം ആര്‍ക്ക് അളക്കാന്‍ കഴിയും! നിന്റെ വിമലഹൃദയം എത്രയധികം കുത്തിമുറിക്കപ്പെടും? എനിക്കു നിന്നോടു വലിയ സഹതാപമാണിപ്പോള്‍ തോന്നുന്നത്. എന്റെ ജീവിതം തന്നെ ബലികഴിച്ചുകൊണ്ടും എന്റെ രക്തം ചിന്തിക്കൊണ്ടും ആ നിന്ദനങ്ങളും പീഡകളും ദുഃഖങ്ങളും വേദനകളും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ തീവ്രമായി ആശിക്കുകയാണ്. അങ്ങനെയെങ്കില്‍ എനിക്കു വലിയ ആശ്വാസമാകുമായിരുന്നു.!’

ദൈവമാതാവ് ജോസഫ് പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. അവളുടെ വിമലഹൃദയം ദുഃഖഭാരത്താല്‍ വിവശമായി. തന്റെ പ്രിയപുത്രന്‍ അനുഭവിക്കാനിരിക്കുന്ന പീഡകളെക്കുറിച്ചുള്ള ചിന്തകള്‍ അവളെ കഠോരദുഃഖത്തിലാഴ്ത്തി. എങ്കിലും എപ്പോഴും അവള്‍ ജോസഫിനെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തിരുന്നു. ഈശോയുടെ സഹനങ്ങളിലൂടെയും വചനങ്ങളിലൂടെയും എണ്ണമറ്റ ആത്മാക്കള്‍ക്ക് നേട്ടമുണ്ടാകുമെന്നും പീഡാസഹത്തിനുശേഷം മഹത്വപൂര്‍ണ്ണമായ ഒരു തിരിച്ചുവരവ് സുനിശ്ചിതമാണെന്നും വിവരിച്ചുകൊണ്ട് ജോസഫിനെ അവള്‍ സമാധാനിപ്പിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles