വാര്‍ദ്ധക്യത്തിലും വി. യൗസേപ്പിതാവ് നേരിട്ട സാത്താന്റെ പീഡകളെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-175/200

ജോസഫിനോടും ഈശോയോടും തീരാത്ത ഉള്‍പ്പകയുമായി നടന്ന സാത്താന്റെ അസൂയ അപ്പോഴും അടങ്ങിയിരുന്നില്ല. അവരില്‍ പരിലസിച്ചിരുന്ന ദൈവികപ്രകാശത്തിന്റെയും കൃപയുടെ നിറവിന്റെയും മുമ്പില്‍ തിന്മയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്പ്രഭമായിത്തീര്‍ന്നു. ദുഷ്ടന്‍ വീണ്ടും കുറച്ചാളുകളെ വശീകരിച്ച് അവര്‍ക്കെതിരായി ദൂഷണം പറയാന്‍ കൊണ്ടുവന്നു. ഇത്തവണ ജോസഫിനോടു സഹതാപം നടിച്ചുകൊണ്ട് ഈശോയെ കുറ്റപ്പെടുത്താനാണ് അവര്‍ തുനിഞ്ഞത്. ആരോഗ്യം ക്ഷയിച്ചു വൃദ്ധനായ മനുഷ്യനെക്കൊണ്ട് ഇനിയും ശ്രമകരമായ ജോലികള്‍ ചെയ്യിച്ചു ഭാരപ്പെടുത്തി ഉപജീവനത്തിനു വകയുണ്ടാക്കുകയാണ് എന്നു പറഞ്ഞ് അവര്‍ ഈശോയെ കുറ്റപ്പെടുത്തി. ചെറുപ്പക്കാരനും ആരോഗ്യവാനുമായ ഈശോയ്ക്ക് പിതാവിനോട് ഒട്ടും അലിവും ബഹുമാനവുമില്ലാത്തതുകൊണ്ടാണ് വൃദ്ധനെക്കൊണ്ട് ഇനിയം പണിയെടുപ്പിച്ചു വരുമാനമുണ്ടാക്കുന്നത് എന്നു പറയാന്‍ അവര്‍ മുതിരുകതന്നെ ചെയ്തു.

അവരുടെ വാക്കുകള്‍ വ്യസനിച്ചിരിക്കുന്ന ഹൃദയത്തില്‍ നിരവധി മുറിവുകള്‍ സൃഷ്ടിച്ചു. എന്തെന്നാല്‍, അതിന്റെ പിന്നില്‍ മറഞ്ഞിരുന്ന കൗശലം മനസ്സിലാക്കാന്‍ അവനു കഴിഞ്ഞില്ല. താന്‍ കാരണമാണല്ലോ ഈശോ ഈ അപമാനമേല്‍ക്കാന്‍ ഇടയായത് എന്ന ചിന്തയില്‍ തലകുനിക്കുകയും ചെയ്തു. എന്നിരുന്നാലും പിശാചിന്റെ ദുഷ്‌പ്രേരണയ്ക്കു വശംവദരായ ആ മനുഷ്യരുടെ ഹൃദയം കഠിനമായതല്ലാതെ അത്ര എളുപ്പത്തില്‍ കുലുക്കം തട്ടുന്നതായിരുന്നില്ല. അവര്‍ സഹതപിച്ചില്ലെങ്കിലും ഈശോയുടെ ശാന്തവും ക്ഷമാപൂര്‍ണ്ണവുമായ പെരുമാറ്റത്തെ അവര്‍ക്ക് അഭിനന്ദിക്കേണ്ടിവന്നു. കാരണം വളരെ ആത്മാര്‍ത്ഥതയോടും ക്ഷമയോടുംകൂടി പ്രശാന്തസുന്ദരമായിട്ടാണ് അവിടുന്ന് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് എന്ന് അവര്‍തന്നെ കണ്ടു.

അവരില്‍ ചിലര്‍ അസൂയപൂണ്ട് ഈശോയുടെമേല്‍ മറ്റുചില അപവാദങ്ങള്‍ ചൊരിയണമെന്ന ഉദ്ദേശത്തോടെ വീണ്ടും പണിപ്പുരയിലെത്തി. എന്നാല്‍, അവരുടെ ഉദ്ദേശ്യം നടപ്പാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്തെന്നാല്‍, അവിടെയെത്തിയപ്പോള്‍ കൃപാലുവും സ്‌നേഹനിധിയുമായ ഈശോയില്‍നിന്ന് അവര്‍ക്കു ലഭിച്ച മാന്യവും സൗഹാര്‍ദ്ദപരവുമായ പെരുമാറ്റം ആരോപണം ഉന്നയിക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിച്ചു. അത് അവരില്‍ ജാള്യം ഉളവാക്കുകയും ഒന്നും പറയാന്‍ കഴിയാത്തവിധം അവരെ വിഷമത്തിലാക്കുകയും ചെയ്തു. ഈശോ വീട്ടില്‍ പ്രാര്‍ത്ഥനയിലായിരിക്കുന്ന സമയത്ത് പണിപ്പുരയില്‍ ജോസഫിന്റെ അടുത്തുവന്ന് അവര്‍ ഏറ്റം സ്‌നേഹനിധിയായ ഈശോയെക്കുറിച്ച് വിലയിടിച്ചു സംസാരിച്ചു.

അവര്‍ സമര്‍ത്ഥിച്ചത് ഇങ്ങനെയാണ്: ജോസഫ് അവനെ ശരിയായ ശിക്ഷണത്തില്‍ വളര്‍ത്താത്തതുകൊണ്ടാണ് അവന്‍ മടിയനും ഉത്തരവാദിത്വബോധമില്ലാത്തവനുമായിത്തീര്‍ന്നത്. അങ്ങനെയുള്ള ഒരു കുട്ടി മടിയനായി വളരാന്‍ അനുവദിച്ചതിന് ദൈവത്തിന്റെ മുമ്പില്‍ കണക്കു കൊടുക്കേണ്ടിവരും. ഇതുപോലെ മടിയനും അലസനുമായി സമയം പാഴാക്കുന്ന ഒരു പുത്രന്‍ ഉണ്ടായിരിക്കുന്നത് അപമാനകരമാണ്. ‘നോക്കിക്കോ, അവന്‍ നിന്നോട് എങ്ങനെയാണ് വര്‍ത്തിക്കാന്‍ പോകുന്നത് എന്ന്.’അവസാനം അവര്‍ ഇങ്ങനെയും കൂടി പറഞ്ഞു: ‘നോക്കിക്കേ, നിന്നെ അവന്‍ ഒറ്റയ്ക്കാക്കിയിട്ട് പോയിരിക്കുന്നതു കണ്ടോ? ഭാവിയില്‍ നിന്നെ അവന്‍ നോക്കാന്‍ പോകുന്നില്ല. നിന്നെക്കുറിച്ച് അവന് ഒരു വിചാരവുമില്ല.’

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles