ശാരിരികമായി തളര്‍ന്ന അവസ്ഥയില്‍ വി.യൗസേപ്പിതാവിന്റെ ആഗ്രഹം എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-174/200
വി.യൗസേപ്പിതാവ് പ്രാര്‍ത്ഥനകള്‍ നിരന്തരം സ്വര്‍ഗ്ഗീയപിതാവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നതോടൊപ്പം ഒരു കാര്യം തന്നോടുതന്നെ പറയുകയും ചെയ്തിരുന്നു: ‘ദൈവപുത്രന്റെ വചനം കേള്‍ക്കുകയും അവ പാലിക്കുകയും ചെയ്യുന്നവര്‍ എത്ര അനുഗൃഹീതരായിരിക്കും!’ മറിയത്തോടും ഇക്കാര്യം പലപ്പോഴും പറഞ്ഞിരുന്നു. ഒരിക്കല്‍ അവന്‍ പറഞ്ഞു: ‘എന്റെ പ്രിയപ്പെട്ട പത്‌നീ, ഈശോയുടെ പ്രബോധനങ്ങള്‍ കേള്‍ക്കാന്‍ നിനക്ക് വലിയ അനുഗ്രഹം ലഭിച്ചിട്ടുണ്ടല്ലോ. അവന്‍ വരിക്കാനിരിക്കുന്ന കഠോരമായ പീഡകളുടെയും നിന്ദ്യമായ വിചാരണകളുടെയും ഭീകരമായ സഹനങ്ങളുടെയുും ദുസ്സഹമായ അവസ്ഥകളിലൂടെ നിനക്കും കടന്നുപോകേണ്ടിവരും, എങ്കിലും അവന്റെ വചനം നിനക്കു സമാശ്വാസമരുളും. അവന്റെ സ്‌നേഹസാന്നിദ്ധ്യം നിനക്കു ശക്തിപകരുകയും ചെയ്യും.
ഈശോയോടുള്ള സ്‌നേഹത്തെപ്രതി നീ അനുഭവിക്കാനിരിക്കുന്ന സഹനങ്ങളെയും അവന്റെ സന്ദര്‍ശനം മൂലം നിനക്കുണ്ടാകാനിരിക്കുന്ന ആനന്ദത്തെയും ഓര്‍ത്തു ഞാന്‍ ആനന്ദം കൊള്ളുകയാണ്. ഈശോ നിന്നെ സമാശ്വസിപ്പിക്കും എന്നതില്‍ എനിക്കു നല്ല ബോദ്ധ്യമുണ്ട്. സ്‌നേഹനിധിയായ ഒരമ്മയെന്ന നിലയില്‍ മനുഷ്യവംശത്തിന്റെ പരിവര്‍്ത്തനത്തിനായി അവന്‍ അനുഭവിക്കാനിരിക്കുന്ന വലിയ സഹനങ്ങളുടെയും അത്യദ്ധ്വാനങ്ങളുടെയും വേദനയുടെയും നടുവില്‍, ദുഃഖഭാരത്താല്‍ തളര്‍ന്ന്ുപോകുമ്പോള്‍ സമാശ്വാസത്തിന്റെ സന്ദേശവുമായി അവന്‍ നിന്റെയടുത്തു വീണ്ടും വരും.’
ഈ വിധത്തിലുള്ള സംവാദങ്ങളുടെ ഫലമായി വിശുദ്ധ ജോസഫിന്റെ ഹൃദയത്തലെ സ്‌നേഹാഗ്നിജ്വാല പൂര്‍വ്വാധികം ശക്തിയോടെ കത്തിജ്വലിക്കാന്‍ തുടങ്ങി. തത്ഫലമായി അവന്‍ തളരുകയും പലപ്പോഴും അബോധാവസ്ഥയില്‍ എത്തുകയും ചെയ്തിരുന്നു.
ആരോഗ്യം വീണ്ടെടുക്കാനാവശ്യമായ ചില ഭക്ഷണങ്ങള്‍ മറിയം തയ്യാറാക്കിക്കൊടുത്തു. ജോസഫ് അതു നന്ദിപൂര്‍വ്വം സ്വീകരിക്കുകയും ദൈവം നല്കിയ നിരവധിയായ കൃപകള്‍ക്കു നന്ദി പറയുകയും ചെയ്തു.
ശാരീരികമായി അത്രമേല്‍ തളര്‍ന്ന അവസ്ഥയിലായിരുന്നിട്ടും ഈശോയുടെ സഹായത്തോടെ ജോസഫ് പണിപ്പുരയില്‍ പോയിരുന്നു. വളരെ വികാരഭരിതനായി ജോസഫ് ഈശോയോടു പറഞ്ഞു: ‘എന്റെ മകനേ, എന്റെ രക്ഷകാ! എന്നെ എപ്പോഴും നിന്റെ അടുത്തായിരിക്കാന്‍ അനുവദിക്കുക. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ എനിക്കു ഭുമിയില്‍ നിന്നോടുകൂടെ ആയിരിക്കാന്‍ അവശേഷിക്കുന്നുള്ളു എന്നെനിക്കറിയാം. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാന്‍ നിന്റെ സാന്നിദ്ധ്യം ആസ്വദിക്കട്ടെ! നീ വിജയശ്രീലാളിതനായി മഹത്വത്തോടെ എഴുന്നള്ളിവരുന്നതുവരെ, കല്ലറകളില്‍ നിദ്രകൊള്ളുന്ന നീതിമാന്മാരെയും നമ്മുടെ ഗോത്രപിതാക്കന്മാരെയും എന്നെയും ഉയിര്‍പ്പിക്കാന്‍ ശക്തിയോടും അധികാരത്തോടുംകൂടെ മഹത്വപൂര്‍ണ്ണനായി ആഗതനാകുന്നതുവരെ എനിക്കു നിന്നെ കാണാന്‍ കഴിയുകയില്ലല്ലോ.’ ജോസഫിന്റെ ആഗ്രഹത്തിന് ഈശോ വഴങ്ങിക്കൊടുത്തു. ഈശോയുടെ സാന്നിദ്ധ്യം അനുഭവിക്കുന്നതിന് പണിപ്പുരയില്‍ തന്നോടുകൂടെ ആയിരിക്കാനുള്ള ആഗ്രഹം സാധിച്ചുകൊടുത്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.