തന്റെ അവസാന നാളുകളിലും ഈശോയുടെ പീഡകളെയോര്‍ത്ത് ആകുലപ്പെട്ടിരുന്ന വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-173/200

ഒരുവസരത്തില്‍ ഈശോയുടെ നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു: ‘എന്റെ ഏറ്റവും പ്രിയപ്പെട്ട മകനേ! ദൈവത്തെ മൂഖാഭിമുഖം ദര്‍ശിക്കാന്‍ എന്റെ ഈ മര്‍ത്യശരീരം വിട്ടുപിരിയാന്‍ ഞാന്‍ എത്രയധികം കാംക്ഷിക്കുന്നു എന്നു നിനക്കറിയാമോ! നിന്റെ പ്രബോധനങ്ങള്‍, സ്വര്‍ഗ്ഗീയ രഹസ്യങ്ങളെക്കുറിച്ചുള്ള നിന്റെ വെളിപ്പെടുത്തലുകള്‍, കേട്ടതുമുതല്‍ ഈ ശരീരത്തില്‍നിന്നു വേര്‍പിരിഞ്ഞു സ്വര്‍ഗ്ഗത്തില്‍ ദൈവത്തോട് ഒന്നുചേരാനുള്ള ഉല്‍ക്കടമായ ആഗ്രഹം എന്റെ ആത്മാവില്‍ ആളിക്കത്തുകയാണ്. ഈ ലോകം വിട്ട് ദൈവത്തില്‍ എത്തിച്ചേരുമ്പോള്‍ എന്റെ ആത്മാവിന്റെ അവസ്ഥ എത്ര ആനന്ദകരമായിരിക്കും? എന്നിരുന്നാലും എന്റെ എല്ലാ സന്തോഷവും തീവ്രദുഃഖത്തിലാഴ്ത്തുന്ന കാര്യം മറ്റൊന്നാണ്. സ്വര്‍ഗ്ഗകവാടം തുറക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കും സാദ്ധ്യമല്ല. നിന്റെ മരണത്തിലൂടെയും പീഡാസഹനത്തിലൂടെയും ജീവത്യാഗത്തിലൂടെയുമല്ലാതെ അതിനു മറ്റൊരു വഴിയുമില്ല.’

‘ഓ അതെത്രമാത്രം എന്റെ ആത്മാവില്‍ തുളച്ചുകയറുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നു! ഞങ്ങളുടെ വിമോചനത്തിനു നീ നല്കുന്ന വില എത്ര വലുതാണ്! ഓ, എന്റെ രക്ഷകാ! അതോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം വരിഞ്ഞുമുറുകുകയാണ്. ഞങ്ങള്‍ ദൈവത്തിന്റെ അനുഗ്രഹങ്ങളുടെ പരമാനന്ദം അനുഭവിക്കുന്നത് നീ ദാരുണമായ മരണവും തീവ്രവേദനയും പീഡാസഹനവും ഏറ്റെടുത്തതു കൊണ്ടാണല്ലോ. നിന്റെ അനന്തമായ സ്‌നേഹത്തിന് പ്രത്യുപകാരം ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇത്ര മഹത്തായ ദാനത്തിനും വിസ്മയകരമായ സ്‌നേഹത്തിനും നന്ദി പ്രകടിപ്പിക്കാനറിയാത്ത ഈ ലോകത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യണമെന്നു ഞാന്‍ ആശിക്കുന്നു.

‘എന്തെന്നില്ലാത്ത സ്‌നഹംകൊണ്ടും തീവ്രദുഃഖംകൊണ്ടും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ആത്മീയാനന്ദത്തില്‍ നിറഞ്ഞ് പലതവണ ജോസഫ് ആ വാക്കുകള്‍ ഈശോയോട് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഇപ്രകാരമുള്ള സ്‌നേഹത്തില്‍ ജ്വലിച്ച് ജോസഫിന്റെ ഹൃദയം കത്തിയെരിയുകയായിരുന്നു. അവന്‍ രക്ഷകനെ ധ്യാനിക്കുകയും ദൈവത്തിന്റെ സവിശേഷദാനങ്ങളില്‍ ആനന്ദപരവശനായിത്തീരുകയും ചെയ്തു. ആത്മാവ് പരമാനന്ദപുളകമണിയുമ്പോഴും ഈശോയുടെ ദാരുണമായ മരണത്തെയും പീഡാസഹനത്തെയും കുറിച്ചുള്ള ചിന്തകള്‍ ആ നിഷ്‌കളങ്കമനസ്സിനെ എപ്പോഴും മഥിച്ചുകൊണ്ടിരുന്നു.

അവന്‍ പലപ്പോഴും തന്നോടുതന്നെ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു: ‘ഓ, എന്റെ ഈശോ, എന്റെ രക്ഷകാ, എത്ര ജ്ഞാനവും കൃപയും സൗന്ദര്യത്തികവും നിന്നില്‍ നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നു. എണ്ണമറ്റ നന്മയും വിസ്മയകരമായ അറിവും നിന്നില്‍ പരിലസിക്കുന്നു. എന്നിട്ടും ഈ മഹത്വമാര്‍ന്ന സവിശേഷതകളെല്ലാം നിന്ദനത്തിനും പരിഹാസത്തിനും അപമാനത്തിനും വിട്ടുകൊടുക്കേണ്ടിവരുമല്ലോ!’ ഈശോയുടെ പീഡകളെക്കുറിച്ചുള്ള ചിന്തകള്‍ എപ്പോഴും ജോസഫിന്റെ മനോവീര്യം കെടുത്തുകയും ശക്തി ക്ഷയിപ്പിക്കുകയും ചെയ്തിരുന്നു. ജോസഫിന്റെ ഈ മനോഗതത്തെ ഈശോ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെയുള്ള സമ്മിശ്രങ്ങളായ വൈകാരികതലങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോഴും നിത്യേനെയുള്ള പ്രാര്‍ത്ഥനയില്‍ ജോസഫ് വിഴ്ചവരുത്തിയില്ല.മറിച്ച്, അതു വര്‍ദ്ധിപ്പിക്കുകയാണു ചെയ്തത്. മണിക്കൂറുകള്‍ അവന്‍ മുട്ടിന്മേല്‍ നിന്ന് ആത്മാക്കളുടെ നന്മയ്ക്കുവേണ്ടിയും യഥാര്‍ത്ഥ മിശിഹായെ എല്ലാവരും അറിയുവാനും അംഗീകരിക്കുവാനും വേണ്ടിയും സ്വര്‍ഗ്ഗീയപിതാവിനോടു നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. ആ സത്യം നേരത്തെതന്നെ ജോസഫിനു ദൈവം വെളിപ്പെടുത്തിക്കൊടുത്തിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles