ശാരീരികമായി അവശനായ വി. യൗസേപ്പിതാവിനെ ഈശോ സമാശ്വസിപ്പിച്ചതെങ്ങിനെ എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-171/200
രക്ഷകന്‍ ഭാവിയില്‍ അനുഭവിക്കാനിരിക്കുന്ന ദാരുണമായ പീഡകളെക്കുറിച്ച് തീവ്രമായ ദുഃഖം ജോസഫിനെ ഗ്രസിക്കാന്‍ തുടങ്ങി. ദൈവത്തോടുള്ള സ്‌നേഹം ശക്തി പ്രാപിക്കുകയും ശരീരത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കുറയുകയും ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അതിനാല്‍ പണികള്‍ ചെയ്തുതീര്‍ക്കുന്നതിന് വല്ലാതെ ഭാരപ്പെടേണ്ടി വന്നു. ശാരീരികമായി വലയുകയും തളരുകയും ചെയ്യട്ടെ എന്ന മനോഭാവത്തിലായിരുന്നു ആ നാളില്‍ ചിന്തിച്ചിരുന്നത്. എല്ലാം കണക്കിലേടുത്ത് ഈശോ സഹായത്തിന് എത്തുമായിരുന്നു. ഏറ്റം ഭാരമേറിയ ജോലികള്‍ ഈശോ ചെയ്യുകയും ചെറിയ പണികള്‍മാത്രം ജോസഫിന് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഒരു പരിധിവരെ ഈശോയുടെ സാന്നിദ്ധ്യം സമാശ്വാസവും ശക്തിയും പകര്‍ന്നു. അങ്ങനെ ലഘുവായ ജോലികള്‍ കൂടുതല്‍ ആയസപ്പെടാതെ ചെയ്തുതീര്‍ക്കാനര്‍ കഴിഞ്ഞു. ആത്മാര്‍ത്ഥവും അനുകമ്പാര്‍ദ്രവുമായ ഈശോയുടെ വാക്കുകള്‍ ജോസഫിനെ ഊര്‍ജ്ജസ്വലനാക്കുക മാത്രമല്ല ഈശോയോടുള്ള സ്‌നേഹം ഉജ്ജ്വലിപ്പിക്കുകയും ചെയ്തു.
ഒരു ദിവസം ഈശോ പണിയെടുത്തു തളര്‍ന്നതായി കണ്ടപ്പോള്‍ ജോസഫ് പറഞ്ഞു: ‘ഓ, എന്റെ വാത്സല്യ മകനേ! ഇപ്പോള്‍ നീ ഈ ഉപയോഗശൂന്യമായ പഴയ മരക്കഷണങ്ങളെ രൂപപ്പെടുത്താന്‍ അതില്‍ കഠിനാദ്ധ്വാനം ചെലുത്തുന്ന്ു. എന്നാല്‍ നിന്റെ സമയം സമാഗതമാകുമ്പോള്‍ മറ്റുള്ളവര്‍ ഒരു മരക്കഷണത്തില്‍ അദ്ധ്വാനിച്ച് നിനക്കുവേണ്ടി ഒരു കുരിശിനെ രൂപപ്പെടുത്തും.’ ഇതു പറഞ്ഞുകൊണ്ട് ജോസഫ് മോഹാലസ്യപ്പെട്ടു വീഴാന്‍ തുടങ്ങി. ഈശോ ഉടനെ കൈനീട്ടി താങ്ങിപ്പിടിച്ചു. അവിടുന്ന് വീണ്ടും പിതാവിന്റെ തിരുഹതം നിറവേറ്റേണ്ടതിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ജോസഫിനെ സമാശ്വസിപ്പിച്ചു.
അതു കേട്ടപ്പോള്‍ത്തന്നെ ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് ജോസഫ് പറഞ്ഞു: ‘അതെ, എന്റെ മകനേ അങ്ങനതന്നെ! പിതാവുനിശ്ചയിച്ചിരിക്കുന്നതുപോലെ എല്ലാം സത്യമായും നിറവേറുകതന്നെ ചെയ്യട്ടെ! എന്നിരുന്നാലും എന്റെ ഹൃദയത്തിന്റെ വ്യഥകള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഈ തീവ്രവേദനകളെല്ലാം എന്റെ ആത്മാവിനോടുകൂടി പിതാവിനു ഞാന്‍ കാഴ്ചവയ്ക്കുന്നു. അവിടുത്തേക്ക് ഇഷ്ടമെങ്കില്‍ ഒരു കുരിശില്‍ എന്റെ ജീവനും അര്‍പ്പിക്കാന്‍ ഞാന്‍ ഒരുക്കമാണ്.’
തന്റെ ശാരീരികശക്തി ക്ഷയിച്ചതില്‍ ജോസഫിന് ആശയറ്റിരുന്നു. അതുകൊണ്ടു തന്റെ കുടുംബത്തിന് അത്യാവശ്യമായ കാര്യങ്ങളൊന്നും വാങ്ങിച്ചുകൊടുക്കാന്‍ ്‌സാധിക്കാത്തതോര്‍ത്ത് അതീവ ദുഃഖിതനായിത്തീര്‍ന്നു. ഒരവസരത്തില്‍ വളരെ വ്യസനത്തോടെ ഈശോയോടു പറഞ്ഞു: ‘എന്റെ മകനേ, എന്റെ കര്‍ത്താവേ! നീ വളരെ കഠിനപ്രയത്‌നം നടത്തുന്ന ഈ അവസരത്തില്‍ എനിക്കു നിന്നെ ഒരു വിധത്തിലും സഹായിക്കാന്‍ പറ്റാതെവരുന്ന അവസ്ഥ എനിക്കെത്ര വേദനാജനകമായ കാഴ്ചയാണെന്നറിയാമോ? ചെറിയ കാര്യങ്ങളിലെങ്കിലും നിന്നെ ഒന്നു സഹായിക്കാനുള്ള ശക്തിയെങ്കിലും എനിക്കു കിട്ടിയിരുന്നെങ്കില്‍ മതിയായിരുന്നു. മറ്റൊരാഗ്രഹവും എനിക്കില്ല. അങ്ങനെ നിന്റെ കഠിനാദ്ധ്വാനത്തില്‍ കുറച്ചൊരാശ്വാസം നിനക്കു ലഭിക്കുമല്ലോ. പക്ഷേ, ഞാന്‍ വളരെ അവശനായിത്തീര്‍ന്നിരിക്കുന്നു. നിനക്കുവേണ്ടി മുമ്പ് അദ്ധ്വാനിച്ചതുപോലെ ഇനിയും പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം ഞാന്‍ തീര്‍ത്തും തളര്‍ന്നിരിക്കുന്നു.’ ഇതു പറഞ്ഞുകൊണ്ട് ജോസഫ് തേങ്ങിക്കരയാന്‍ തുടങ്ങി.
ഈശോ ജോസഫിന്റെ അടുത്തുചെന്ന് സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു: ‘കഴിഞ്ഞ കാലങ്ങളില്‍ ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ വളരെ കൂടുതല്‍ അപ്പന്‍ ചെയ്തുകഴിഞ്ഞു. ആയതിനാല്‍ ഇനിയുള്ള സമയം സമാധാനത്തില്‍ വിശ്രമിക്കാനുള്ളതാണ്. അവസാനം, അനാരോഗ്യകരമായ ഈ അവസ്ഥയിലായിരിക്കണമെന്നത് ദൈവനിശ്ചയമാണെന്ന സത്യം മനസ്സിലാക്കി സന്തോഷത്തോടെ കഴിയുകയാണു വേണ്ടത്. അതു കേട്ടപ്പോള്‍ തന്റെ ശക്തിയറ്റ ശരീരത്തിന്റെ അവസ്ഥയെ ജോസഫിന് അംഗീകരിക്കാന്‍ കഴിഞ്ഞു. നേരെ മറിച്ച്, ആത്മീയതലത്തില്‍ അതീവശക്തനായിത്തീരുകയും ചെയ്തു. കൃപയിലും ദൈവസ്‌നേഹത്തിലും വളരുകയും അതിന്റെ പൂര്‍ണ്ണതയിലേക്ക് ഉയരുകയും ചെയ്തു.
മറിയം തന്റെതായ പ്രാത്സാഹനവും ആശ്വാസവും കൊടുത്തുകൊണ്ടിരുന്നു. ജോസഫിന് ആവശ്യമായ ഭക്ഷണവും മറ്റഉ പരിചരണവും ചെയ്തുകൊടുക്കുന്നതില്‍ മറിയം നിതാന്ത ശ്രദ്ധ പതിപ്പിച്ചിരുന്നു. ഈ കലയളവില്‍ വളരെ കുറച്ചു ഭക്ഷണം മാത്രമേ അവന്‍ കഴിച്ചിരുന്നുള്ളു. അതില്‍ ഒരു ഭാഗം ദരിദ്രര്‍ക്കു കൊടുത്തു. സാധുക്കളോടുള്ള അനുകമ്പയും സ്‌നേഹവും അവസാനംവരെ അവന്‍ നിലനിര്‍ത്തിയിരുന്നു. സാധുക്കളെ കഴിയുന്നത്ര സഹായിക്കുന്നതിന് കൂടുതല്‍ അദ്ധ്വാനിക്ക്ണം എന്നത് ജോസഫിന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ഇനിയും അതു സാദ്ധ്യമല്ലാതായിത്തീര്‍ന്നിരിക്കുന്ന. എങ്കിലും പ്രാര്‍ത്ഥനയിലൂടെ അവര്‍ക്കാവശ്യമായതെല്ലാം ചെയ്തു കൊടുക്കണമെന്ന് പിതാവിനോട് അപേക്ഷിച്ചുകൊണ്ട് കൂടുതല്‍ അവരെ സഹായിച്ചു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.