മനുഷ്യാവതാരരഹസ്യത്തെക്കുറിച്ചുള്ള വി. യൗസേപ്പിതാവിന്റെ ആഴമേറിയ ഉള്‍ക്കാഴ്ചകളെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-169/200
ഇവിടെ മുതല്‍ മനുഷ്യാവതാരരഹസ്യത്തെക്കുറിച്ചുള്ള ജോസഫിന്റെ എല്ലാ ധാരണകളും ബോദ്ധ്യങ്ങളും വളരെ ആഴമേറിയതും തീവ്രവുമാണ്. ദൈവത്തിന്റെ വചനത്തെ ഉദരത്തില്‍ വഹിക്കാനുള്ളവള്‍ക്കു ജന്മം നല്കിയ പുണ്യദിനം, ദൈവം തന്റെ അത്ഭുതസൃഷ്ടിക്കു രൂപം നല്കിയ ആ വിശുദ്ധ ദിവസവും സമയവും, മാതാവില്‍നിന്ന് അറിഞ്ഞതുമുതല്‍ എല്ലാ വര്‍ഷവും ആ ദിവസത്തെയും മാസത്തെയും ഭയഭക്തിപൂര്‍വ്വം സ്മരിക്കുകയും ആചരിക്കുകയും ചെയ്തുപോന്നു. ശരീരത്തെ പല തരത്തില്‍ ദണ്ഡിപ്പിച്ചുകൊണ്ട് ആ ദിവസത്തിനുവേണ്ടി ഒരുക്കി. ദൈവത്തിന്റെ പദ്ധതിയുടെ നിഗൂഢരഹസ്യം നിറവേറപ്പെട്ട, മാതാവിന്റെ ജനനം നടന്ന ആ മണിക്കൂറില്‍ – അര്‍ദ്ധരാത്രിയില്‍ മറയത്തോടൊത്ത് ജോസഫും ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുകയും മനുഷ്യവംശം മുഴുവനുംവേണ്ടി നന്ദി പറയുകയും ചെയ്തു. എന്തെന്നാല്‍, സകല ജനത്തിനുംവേണ്ടി ദൈവം അനുഗ്രഹം വര്‍ഷിച്ച സൗഭാഗ്യ സമയമാണിത്.
അതേ മാനദണ്ഡത്തില്‍ത്തന്നെയാണ് ഈശോയുടെ പിറവിത്തിരുനാളും ജോസഫ് ആഘോഷിച്ചിരുന്നത്. ലോകരക്ഷകന്റെ മനുഷ്യാവതാര രഹസ്യം നിറവേറപ്പെട്ട, ലോകത്തിലെ ഏറ്റം മഹത്തായ അത്ഭുതം നടന്ന വിശുദ്ധദിവസം, ആ അര്‍ദ്ധരാത്രിയെ അനുസ്മരിച്ചുകൊണ്ട് എല്ലാ വര്‍ഷവും ആ രാത്രിയില്‍ അവന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്നു. ഈശോയെ ദൈവാലയത്തില്‍ കാഴ്ചവച്ച സംഭവം ജോസഫ് ഭക്തിപൂര്‍വ്വം ആചരിച്ചിരുന്നു. പുരോഹിതനും പ്രവാചകനും വൃദ്ധനും വിശുദ്ധനുമായ ശിമയോന്‍ പറഞ്ഞ വാക്കുകളെ പ്രത്യേകം ധ്യാനിക്കുകയും ചെയ്യുമായിരുന്നു.
ഈ വിധത്തിലുള്ള ഭക്താനുഷ്ഠാനങ്ങളിലൂടെ നിരവധി കൃപകള്‍ ജോസഫ് സ്വായത്തമാക്കിയിരുന്നു. ഹൃദയം ഉരുകിയൊഴുകുന്നതുപോലെ കണ്ണീര്‍പ്രവാഹത്തിലും തികഞ്ഞ ഉത്സാഹത്തോടെയുമാണ് ജോസഫ് അതെല്ലാം ആചരിച്ചുപോന്നത്. മറിയത്തോടൊത്താണ് അത് അവന്‍ ചെയ്തിരുന്നത്. വിശുദ്ധരഹസ്യങ്ങള്‍ ്മറിയവുമായി ചര്‍ച്ചചെയ്തിരുന്ന സമയത്ത് ദൈവസ്‌നേഹംകൊണ്ട് അവരുടെ ഹൃദയം കത്തിജ്ജ്വലിച്ചിരുന്നു. രക്ഷകന്റെ പീഡകളെക്കുറിച്ചുള്ള വിശുദ്ധലിഖിതഭാഗങ്ങള്‍ അവര്‍ വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തു. ദൈവമാതാവ് ആ ഭാഗങ്ങള്‍ വായിക്കുകയും വിവരിക്കുകയും ചെയ്തത് ആ നിമിഷംതന്നെ ജോസഫിന് ഗ്രഹിക്കാന്‍ കഴിഞ്ഞു. ഈശോയോടുള്ള ജോസഫിന്റെ സ്‌നഹം വര്‍ദ്ധിക്കുന്നതനുസരിച്ച് വിശുദ്ധന്‍ അനുഭവിച്ച വേദനകളും ദുരിതങ്ങളും വിവരണാതീതം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തന്റെ ഏറ്റം വലിയ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും വേളകളില്‍പോലും രക്ഷകന്‍ അനുഭവിക്കാനിരിക്കുന്ന പീഡകളെക്കുറിച്ചുള്ള അവധാനപൂര്‍വ്വമായ ചിന്തകള്‍ ജോസഫിന്റെ ഹൃദയത്തില്‍ കാത്തുസൂക്ഷിച്ചിരുന്നു.
ഈശോയുടെ നേര്‍ക്കുള്ള ജോസഫിന്റെ അനുകമ്പയും ആര്‍ദ്രമായ സംസാരവും ഈശോയുടെ സഹനങ്ങള്‍ ഏറ്റെടുക്കാനുള്ള തീവ്രമായ അഭിലാഷവും വാക്കുകള്‍കൊണ്ടു വിവരിക്കാവുന്നതല്ല. മറിയത്തോടു സംസാരിക്കുന്നതിനിടയ്ക്ക് ജോസഫ് പറഞ്ഞു: ‘എന്റെ പ്രിയ ഭാര്യേ, സത്യത്തില്‍ എന്റെ ജീവിതം ദൈവസ്‌നേഹത്തില്‍ പൂര്‍ണ്ണമായും കത്തി എരിഞ്ഞുതീരണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍, മരിക്കുന്നതിനു മുമ്പ് ഈശോയോടുള്ള സ്‌നേഹത്താല്‍ അവന്റെ ദുരിതത്തില്‍ പങ്കാളിയാകുകയും ചെയ്യണം. അവന്‍ വരിക്കാനിരിക്കുന്ന കഷ്ടതകളില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞാല്‍ അത് എത്ര ഭാഗ്യമായിരിക്കും!’
വാസതവത്തില്‍ ഇക്കാര്യത്തെക്കുറിച്ച് സുദീര്‍ഘമായി ചിന്തിക്കുകയും സംസാരിക്കുയും ചെയ്യുമ്പോഴെല്ലാം ജോസഫിന്റെ ഹൃദയം കത്തിജ്വലിക്കുകയും ഈശോയുടെ സഹനത്തിന്‍ ഭാഗഭാക്കാകണമെന്ന സുദൃഢമായ ചിന്തകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ തീവ്രമായി പിതാവിനോടു യാചിക്കുകയും ചെയ്തിരുന്നു. ദാരുണമായ പീഡാസഹനത്തിനും മരണത്തിനുംവേണ്ടി അയയ്ക്കപ്പെട്ടിരിക്കുന്ന ഈശോയുടെ തീവ്രദുഃഖത്തിലും വേദനയിലും പങ്കാളിയാകാന്‍ വേണ്ട ശക്തി തരണമെന്ന് നിരന്തരം പ്രാര്‍ത്ഥിച്ചിുന്നു. ഈശോയും മാതാവും സംസാരരിച്ചിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ജോസഫ് ഒറ്റയ്ക്ക് സാഷ്ടാംഗപ്രണാമം ചെയ്ത് ഈശോ നിര്‍മ്മിച്ച ആ ചെറിയ കുരിശില്‍ ദൃഷ്ടിയുറപ്പിച്ച് പിതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു. ഈശോ കുരിശില്‍ അനുഭവിക്കാനിരിക്കുന്ന കഠോരമായ പീഡകളില്‍ ഭാഗഭാക്കാകാന്‍ തന്നെയും അനുഗ്രഹിക്കണമെന്ന് യാചിക്കുമായിരുന്നു. ആ പ്രാര്‍ത്ഥനകള്‍ ഒന്നും പാഴായിപ്പോയില്ല. അന്ത്യനാളുകളിലെ കഠിനമായ രോഗപീഡകളിലൂടെ അവന്‍ കുരിശിലെ സഹനത്തില്‍ പങ്കാളിയാകാന്‍ ദൈവം അനുവദിച്ചു.
ദൈവസ്‌നേഹത്തിന്റെയും സമാശ്വാസത്തിന്റെയും നിറവില്‍ ജരോസഫ് എല്ലാ ഭൗതികസുഖഭോഗങ്ങളും ഉപേക്ഷിച്ചു. ദൈവപുത്രന്‍ ഭാവിയില്‍ അനുഭവിക്കാനിരിക്കുന്ന പീഡാസഹനത്തെക്കുറിച്ചുള്ള ദുഃഖത്തില്‍ ഭാഗഭാക്കാകാന്‍ അതു വളരെയേറെ ഉപകരിച്ചു. ആ നാളുകളില്‍ രാപ്പകല്‍ യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല. വലിയ വിലാപത്തോടും കണ്ണീരോടുംകൂടി തീരാദുഃഖങ്ങളും പേറി കഴിഞ്ഞുകൂടി.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.