തന്നെ വിമര്‍ശിച്ചവരോടല്ലാം വി. യൗസേപ്പിതാവ് എപ്രകാരമാണ് പ്രത്യുത്തരിച്ചത് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-164/200
ഈശോയെ കാണാനുള്ള ആഗ്രഹത്താല്‍ പലരും പണിപ്പുരയില്‍ വന്നിരുന്നു. ദൈവികമായ ഈശോയുടെ പെരുമാറ്റവും പ്രവൃത്തികളും കണ്ട് എല്ലാവരും ആശ്ചര്യപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ, അവരില്‍ ചിലര്‍ വിശുദ്ധന്റെ ചങ്കില്‍ കുത്തുന്ന അധിക്ഷേപശരങ്ങള്‍ തൊടുത്തുവിട്ടാണ് സ്ഥലംവിട്ടത്. അവര്‍ ഒരിക്കലും ദൈവത്തിന്റെ പദ്ധതി അറിഞ്ഞിവല്ല. ജോസഫിന്റെ ജ്ഞാനമുള്ള ഹൃദയത്തെ മനസ്സിലാക്കിയതുമില്ല. ഇത്രമാത്രം പ്രതാപവാനും കൃപാലുവും ഹൃദയഹാരിയുമായ ഒരുവനെ തന്റെ പണിശാലയില്‍ സഹായത്തിനു ലഭിക്കണമെങ്കില്‍ എത്രയധികം കൃപാപൂര്‍ണ്ണമായ ഒരു ഹൃദയം ആവശ്യമാണെന്ന രഹസ്യം അവര്‍ ഗ്രഹിച്ചില്ല. മറിച്ച് എന്തിനെയും ചോദ്യംചെയ്യുന്ന തങ്ങളുടെ വിമര്‍ശനബുദ്ധിയില്‍ അവര്‍ ദൈവത്തിന്റെ പദ്ധതികളെ നിരീക്ഷിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.
ഇത്രയും പ്രഗത്ഭനും ബുദ്ധിമാനുമായ കുട്ടിയെ മരപ്പണിക്കു വിട്ടത് ശരിയായില്ല, മറിച്ച് അവനെ നിയമപഠനത്തിന് അയച്ചിരുന്നെങ്കില്‍ അവന്‍ വിശുദ്ധ ലിഖിതങ്ങളില്‍ ഡോക്ടറേറ്റ് എടുക്കുകയും ജന്മനാടിന് വലിയ നേട്ടമുണ്ടാക്കുകയും ചെയ്യുമായിരുന്നു എന്നു പറഞ്ഞ് അവര്‍ ജോസഫിനെ ശകാരിച്ചു. വിശുദ്ധന്റെ ഹൃദയത്തെ അതു മുറിപ്പെടുത്തി. എങ്കിലും ഒരു വാക്കുപോലും എതിര്‍ത്തു പറഞ്ഞില്ല. മകനോടു സ്‌നേഹമില്ലെന്നും ഈശോയുടെ മൃദുല ശരീരത്തെ അലിവില്ലാതെ പണിയെടുപ്പിക്കുന്നു എന്നും മറ്റും അവര്‍ കുറ്റാരോപണം നടത്തിയിട്ട്, ജോസഫ് എതിര്‍ക്കാനോ തിരുത്താനോ പോയില്ല. എല്ലാം തലകുനിച്ചു നിന്ന് മൗനമായി കേള്‍ക്കുകമാത്രം ചെയ്തു. ഇത്രയും മിടുക്കനായ ഒരു മകനെ തന്റെ തരംതാണ കൂലിപ്പണിക്ക് നിയോഗിക്കുന്നത് അവനോടു പരിഗണനയില്ലാത്തതുകൊണ്ടും അവന്റെ ഭാവിയെക്കുറിച്ച് വിചാരമില്ലാത്ത ഹൃദയകാഠിന്യം കൊണ്ടുമാണ് എന്ന് ആവേശത്താല്‍ അവര്‍ ആരോപിച്ചു. വേറെ ആര്‍ക്കെങ്കിലുമാണ് ഇത്രമാത്രം കഴിവുകളും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ഒരു മകനെ കിട്ടിയിരുന്നതെങ്കില്‍ അവര്‍ തങ്ങള്‍ക്കുള്ളതെന്തും പണയപ്പെടുത്തി അവനെ ഉന്നതപഠനത്തിന് അയയ്ക്കുമായിരുന്നു എന്നെല്ലാം അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു.
വളരെ അമ്പരപ്പോടും ഹൃദയം തകര്‍ന്ന വേദനയോടുംകൂടിയാണ് ജോസഫ് ഈ സംസാരങ്ങള്‍ കേട്ടുകൊണ്ടിരുന്നത്. അവര്‍ ചിന്തിക്കുന്നതു ബുദ്ധിയുടെ തലത്തിലാണെന്നും അവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മാനുഷികമായ പ്രസ്താവനകള്‍ മാത്രമാണെന്നും ജോസഫ് തിരിച്ചറിഞ്ഞിരുന്നു. ഒരിക്കലും തനിക്കവരെ തിരുത്തുവാന്‍ കഴിയുകയില്ലെന്നും ദൈവം വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ അവിടുന്ന് ആഗ്രഹിക്കുന്നിടത്തോളം കാലം രഹസ്യമായിത്തന്നെയിരിക്കണമെന്നും ജോസഫ് മനസ്സിലാക്കിയിരുന്നു. അങ്ങനെയുള്ളവരെ അവരുടെ ചിന്താഗതിക്കുതന്നെ വിട്ടുകൊടുക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ല. വളരെ വിനയത്തോടും ആത്മസംയമനത്തോടും കൂടി അവന്‍ അവരുടെ വാക്കുകള്‍ മനഃപൂര്‍വ്വം ശരിയെന്ന് അംഗീകരിച്ചുകൊടുത്തു. തന്റെ മകന്റെ കാര്യത്തില്‍ കൂടുതലായി ഒന്നും ചെയ്യാന്‍ തനിക്കു കഴിവില്ലെന്നു പറയുകയും ചെയ്തു.
അവനെ ദൈവം ഒരുവന് ഏല്പിച്ചുകൊടുത്തപ്പോള്‍ അവന് ഉണ്ടായിരിക്കേണ്ട എല്ലാ കാര്യങ്ങളും പരിഗണിച്ചിട്ടുണ്ട്. അതിലുപരിയായി എന്തെങ്കിലും അവിടുന്ന് ആഗ്രഹിക്കുന്നു എന്നു കാണുകയാണെങ്കില്‍ നിശ്ചയമായും അതു ചെയ്തുകൊടുക്കാന്‍ ഏതു നിമിഷവും താന്‍ തയ്യാറാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതു കേട്ടപ്പോള്‍ വിശുദ്ധനെ പരിഹസിച്ചുകൊണ്ട് അവര്‍ പറഞ്ഞു: ‘ഓഹോ, ദൈവം നിന്നോടു സംസാരിക്കുന്നു, നീ ചെയ്ത കാര്യങ്ങളൊക്കെ ദൈവം പറഞ്ഞിട്ടാണെന്ന് ഞങ്ങള്‍ വിശ്വസിക്കണംപോലും! എന്തു ധിക്കാരമാണിത്? നീ എന്തൊക്കെ കാട്ടിക്കൂട്ടിയാലും വേണ്ടില്ല, ആ കുട്ടിയുടെ ഭാവി തുലയ്ക്കാതെ അതിനെ നല്ല പഠനത്തിനയയ്ക്കണം. അത്രമാത്രമേ ഞങ്ങള്‍ക്കു പറയാനുള്ളു!’
ജോസഫ് എല്ലാം തലകുനിച്ചു നിന്നു കേട്ടതല്ലാതെ ധിക്കാരികളെ എതിര്‍ക്കാനോ അഹങ്കാരികളോടു തര്‍ക്കിക്കാനോ മുതിര്‍ന്നില്ല. പതറാതെ, തളരാതെ ക്ഷമാപൂര്‍വ്വം അവന്‍ അവരുടെ അരോചകമായ സാരോപദേശങ്ങള്‍ കേട്ടുകൊണ്ടു നിന്നു. തന്റെ മകനെക്കുറിച്ച് അവര്‍ക്കുണ്ടായ താല്പര്യവും അവന്റെ നല്ല ഭാവിയെക്കുറിച്ച് ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കിയതും സദുദ്ദേശത്തോടെയല്ലായെന്ന് അവരുടെ വാക്കുകളില്‍നിന്ന് പ്രകടമായിരുന്നിട്ടുകൂടി അവന്‍ അവര്‍ക്കു നന്ദി പറഞ്ഞു. അവന്‍ ഒരു പിടിവാശിക്കാരനാണെന്നും തന്നിഷ്ടം വച്ചുപുലര്‍ത്തുന്നവനോട് ഇത്തരം നല്ല കാര്യങ്ങള്‍ ഉപദേശിച്ചിട്ട് യാതൊരു പ്രയോജനവുമില്ലെന്നും പറഞ്ഞുകൊണ്ട് അവര്‍ തിരിച്ചുപോയി. അവര്‍ വിശുദ്ധനെ പഴിക്കുകയും നാടുമുഴുവന്‍ കിംവദന്തികള്‍ പറഞ്ഞു പരത്തുകയും ചെയ്തു. പണിശാലയില്‍ വരുമ്പോഴെല്ലാം അവര്‍ ജോസഫിനെ വാക്കുകള്‍കൊണ്ടു പീഢിപ്പിക്കുകയും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന ശല്യം തുടരുകയും ചെയ്തു.
എങ്കില്‍പോലും ജോസഫ് അവരെ വെറുക്കുകയോ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന നിര്‍ത്തുകയോ ചെയ്തില്ല. കാരണം ഇത്തരം കാര്യങ്ങളിലൂടെയും ഒരുവന് ദൈവത്തെ പ്രസാദിപ്പിക്കുവാനും ആത്മാവിനു നേട്ടമുണ്ടാക്കുന്ന പുണ്യങ്ങള്‍ നേടുവാനും കഴിയുമെന്ന് അവന്‍ മനസ്സിലാക്കിയിരുന്നു. തന്നെ പീഡിപ്പിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കുംവേണ്ടി ഇടതടവില്ലാതെ അവന്‍ പ്രാര്‍ത്ഥിച്ചു. അവരുടെ അധിക്ഷേപങ്ങള്‍ ഒരു പരിധിവരെ ജോസഫിന്റെ ഹൃദയത്തെ മുറിപ്പെടുത്തി എന്നതു ശരിയാണെങ്കിലും, പണിശാലയില്‍ ഈശോ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെയും വിലാപങ്ങളുടെയും പ്രതിഫലനമായിട്ടാണ് അവന്‍ അതിനെ കണക്കാക്കിയത്. അതോര്‍ത്ത് അനവരതം അവന്‍ പ്രാര്‍ത്ഥിച്ചു. എങ്കിലു എല്ലാ അപേക്ഷകളും ആഗ്രഹങ്ങളും ദൈവഹിതം നിറവേറുന്നതിനുവേണ്ടിയാണ് സമര്‍പ്പിച്ചു പര്യവസാനിപ്പിച്ചിരുന്നത്.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.