വി. യൗസേപ്പിതാവിന്റെയും പരി. മാതാവിന്റെയും പരസ്പര സ്‌നേഹവും കരുതലും എത്രവലുതായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-163/200

തിരുക്കുടുംബത്തിനാവശ്യമായ ഭക്ഷണസാധനങ്ങള്‍ – മിക്കവാറും ധാന്യങ്ങളും കുറച്ചു മത്സ്യവും സസ്യാഹാരസാധനങ്ങളുമായിരിക്കും – വാങ്ങിക്കൊണ്ടുവരുമ്പോള്‍ എങ്ങനെ പാകപ്പെടുത്തുന്നതാണ് ജോസഫിന് ഇഷ്ടമെന്ന് മറിയം ചോദിക്കും. പക്ഷേ, ആ ചോദ്യം ജോസഫിനെ വിഷമിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം സ്വന്തം ഇഷ്ടത്തേക്കാള്‍ ഭാര്യയുടെ താല്പര്യമെന്താണോ അതായിരുന്നു ജോസഫിന്റെ ഇഷ്ടം. എങ്കിലും ദൈവഹിതത്തിനു വഴങ്ങുന്നതിനുവേണ്ടി ജോസഫ് തന്റെ ഇഷ്ടം പറയും. എങ്കില്‍പ്പോലും മറിയത്തിന്റെ ആഗ്രഹങ്ങളോട് സ്വയം പൊരുത്തപ്പെടുകയും ലളിതമായ ഭക്ഷണക്രമത്ത്ില്‍ തൃപ്തിപ്പെടുകയും ചെയ്തിരുന്നു. ജോസഫ് ചില വിശേഷപ്പെട്ട കറികളൊക്കെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഒരിക്കല്‍പ്പോലും അതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല.

എന്നിരുന്നാലും മറിയം അത് വിവേചിച്ചറിഞ്ഞിരുന്നു. ഒരിക്കല്‍ വളരെ കഠിനാദ്ധ്വാനം ചെയ്തു വന്ന സമയത്ത്, ജോസഫിന് ഏറ്റവും ഇഷ്ടപ്പെട്ട ആ കറി മറിയം ജോസഫിന്റെ മുമ്പില്‍ വിളമ്പി. ചില ദിവസങ്ങളില്‍ ജോസഫ് അതു കഴിച്ചു. എന്നാല്‍ മറ്റവസരങ്ങളില്‍ മറിയത്തിന്റെ അനുവാദത്തോടെ അത് ദരിദ്രര്‍ക്കു കൊടുത്തു. ദൈവത്തെപ്രതി സ്വന്തം സുഖങ്ങള്‍ ത്യജിക്കുന്നതിനാണ് അങ്ങനെ ചെയ്തത്. മറിയം തന്റെ രഹസ്യമായ ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞു എന്നു മനസ്സിലാക്കിയ നിമിഷ തന്നെ ജോസഫ് തന്റെ എല്ലാ വ്യക്തിപരമായ ആഗ്രഹങ്ങളെയും പരിത്യജിച്ചു. മറിയം അതിനുവേണ്ടിയാണ് അങ്ങനെ ചെയ്തത്. ജോസഫിന്റെ ആ തീരുമാനം അറിഞ്ഞപ്പോള്‍ മറിയം തന്നെത്തന്നെ നോക്കി ചിരിച്ചു. അവള്‍ അങ്ങനെയുള്ള നിസ്സാരകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നതില്‍നിന്നു പിന്‍വാങ്ങുകയും ചെയ്തു. അവള്‍ ഇപ്രകാരം ചെയ്തത് ദൈവം തന്റെമേല്‍ വര്‍ഷിച്ചിരിക്കുന്ന വരവും കൃപയും മറച്ചുപിടിക്കുന്നതിനുവേണ്ടിയാണ്. ജോസഫിന്റെ ആഗ്രഹങ്ങള്‍ വിവേചിച്ചറിഞ്ഞത് മറിയത്തിന്റെ പരഹൃദയ ജ്ഞാനമെന്ന വരപ്രസാദത്തിലാണ്.

മറുവശത്ത് ജോസഫിന്റെ ചിന്തകളാകട്ടെ ഈശോയെയും മാതാവിനെയും ഏതെല്ലാം വിധത്തില്‍ സഹായിക്കാന്‍ കഴിയും, അവരുടെ ക്ഷേമത്തിന് എന്തെല്ലാം ചെയ്തുകൊടുക്കാന്‍ കഴിയും എന്നായിരുന്നു. എവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും എന്താണ് എന്നു ചോദിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, അവര്‍ അവന്റെ നല്ല മനസ്സിനു നന്ദിപറഞ്ഞു. തങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ഭാരപ്പെടരുത് എന്നും പഴങ്ങളും പയറുവര്‍ഗ്ഗങ്ങളും പച്ചക്കറികളും അപ്പവും വെള്ളവും അപൂര്‍വ്വമായി ഉണക്കമത്സ്യങ്ങളും അടങ്ങുന്ന ലളിതമായ ആഹാരക്രമത്തില്‍നിന്ന് വ്യതിചലിക്കാന്‍ ഇടയാകാതിരിക്കട്ടെ എന്നും നിര്‍ദ്ദേശിച്ചു.

മറിയത്തോടുള്ള ജോസഫിന്റെ സ്‌നേഹബഹുമാനങ്ങള്‍ എപ്പോഴും വര്‍ദ്ധിച്ചുകൊണ്ടാണിരുന്നത്. എപ്പോഴും മറിയത്തിന്റെ അടുത്തായിരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ജോലിക്കു പോകുമ്പോള്‍ മറിയത്തെ കാണാനും സംസാരിക്കാനും കഴിയാത്തത് ഒരു വിഷമം തന്നെയായിരുന്നു. ഈശോ കൂടെയുണ്ടെങ്കില്‍പോലും മറിയംകൂടി അടുത്തുണ്ടായിരിക്കണമെന്നാണ് ജോസഫ് ആഗ്രഹിച്ചിരുന്നത്. കാരണം അവള്‍ അവന്റെ ഏറ്റം സ്‌നേഹനിധിയായ ഭാര്യയും എല്ലാ സൃഷ്ടികളിലുംവച്ച് കൃപാനിധിയും നന്മ നിറഞ്ഞവളുമായിരുന്നു.

എന്നാല്‍ ജോസഫിന്റെ ഈവിധ വൈകാരികപ്രവണതകളൊന്നും പുറത്തു പ്രകടിപ്പിച്ചിരുന്നില്ല. ജോലിക്കു പോകുമ്പോള്‍ യാതൊരു ഭാവപ്രകടനവുമില്ലാതെയാണ് മറിയത്തെ വിട്ടുപോകുന്നത്. ഇടയ്ക്ക് ഭാര്യയെ കാണണമെന്നു തോന്നിയാലും പണിസ്ഥലം വിട്ടു പോകാറില്ല. ആ വിചാരങ്ങള്‍ ത്യാഗമായി ദൈവത്തിനു സമര്‍പ്പിക്കും. എന്നാല്‍ വിശുദ്ധനും ഭക്തനുമായ ജോസഫിന്റെ വിശുദ്ധമായ അഭിലാഷങ്ങള്‍ മനസ്സിലാക്കി ഈശോ മറിയത്തിന്റെ അടുക്കലേക്കു ജോസഫിനെ പറഞ്ഞയയ്ക്കുമായിരുന്നു. അതുവഴി ജോസഫിന് വലിയ സമാശ്വാസം ലഭിക്കുകയും ചെയ്തിരുന്നു. അത് ഈശോയില്‍നിന്ന് ലഭിച്ചിരുന്ന ആശ്വാസത്തിനു പുറമെയുള്ള സാന്ത്വനമായിരുന്നു. മറിയത്തെ കാണുമ്പോള്‍ ദൈവത്തോടുള്ള ജോസഫിന്റെ സ്‌നേഹം വര്‍ദ്ധിക്കും. കൂടുതല്‍ വിശുദ്ധിയിലേക്ക് ഉയരുവാനായി ഹൃദയം ജ്വലിക്കുകയും ചെയ്തിരുന്നു. തമ്പൂരാന്റെ അമ്മയ്ക്ക് പ്രത്യേകമായ ഒരു വരദാനാധികാരമുണ്ടായിരുന്നു. ആരെങ്കിലും വിശുദ്ധിയോടും തീക്ഷ്ണതയോടുംകൂടി മാതാവിനെ നോക്കിയാല്‍, ജോസഫിന് അനുഭവപ്പെട്ടതുപോലെ അവരുടെ ഹൃദയത്തില്‍ വിശുദ്ധമായ അഭിലാഷങ്ങളും സ്വര്‍ഗ്ഗീയമായ ആഗ്രഹങ്ങളും ഉളവാകും.

അതുപോലെതന്നെ ചില സമയങ്ങളില്‍, മറിയത്തിന് ഈശോയെ കാണേണ്ടത് ആവശ്യവും ആശ്വാസവുമാണെന്ന് ജോസഫ് വ്യക്തമായി തിരിച്ചറിയുകയും ഉടനെതന്നെ ഈശോയെ ജോലിയില്‍നിന്നു മാതാവിന്റെ അടുത്തേക്കു പറഞ്ഞയയ്ക്കുകയും ചെയ്തിരുന്നു. എപ്പോഴെങ്കിലും മറിയത്തിന് എന്തെങ്കിലും സന്ദേശം കൊടുക്കേണ്ടിവന്നാലും അത് ഈശോവഴി അറിയിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അതുവഴി മാതാവിന് ഈശോയെ കാണുന്നതിനുള്ള അവസരം ലഭിക്കട്ടെ എന്നു കരുതിയാണ്. ഈശോ കൃത്യമായും അത് അനുസരിക്കുകയും തന്റെ വചനത്താല്‍ മാതാവിന് ആശ്വാസം നല്കുകയും ചെയ്തിരുന്നു. അവര്‍ പരസ്പരം ആശയവിനിമയെ നടത്തുവാനും സമാശ്വാസം ലഭിക്കുവാനും ഈശോയെ അയച്ചതിന് മറിയം ഹൃദയത്തില്‍ ജോസഫിനു നന്ദി പറയുകയും പുതിയ കൃപകള്‍ അദ്ദേഹത്തിനു ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കാരണം, ഈശോ കൂടെയില്ലാതിരിക്കുന്നത്ര സമയം സമാശ്വാസത്തിന്റെ ഒരു കുറവ് ഉള്ളില്‍ ജോസഫും അനുഭവിക്കുന്നുണ്ട്. എന്നാല്‍, അവരുടെ പ്രാര്‍ത്ഥന വഴി ജോസഫിന് വലിയ സാന്ത്വനം ലഭിച്ചിരുന്നു.

ഇതു ലഭിച്ചത് ദൈവകൃപയാലാണെന്നും താന്‍ വെറും ഉപകരണമാകുകയല്ലാതെ മറ്റൊന്നുമല്ലെന്നും മറിയത്തിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. എല്ലാ മഹത്വവും സ്തുതിയും ബഹുമാനവും ദൈവത്തിനു മാത്രം. ദൈവത്തിന്റെ മുമ്പില്‍ ഒരുവന്‍ നീതമാനായി പ്രവര്‍്ത്തിക്കുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ദൈവമാതാവിന്റെ പ്രാര്‍ത്ഥനയുണ്ട് എന്നാണ് ഇവിടെ മാതാവ് വ്യക്തമാക്കുന്നത്. അതിനാല്‍ മറിയം സംസാരിക്കുമ്പോഴൊക്കെ ജോസഫ് അതില്‍ ദത്തചിത്തനായി ശ്രദ്ധിക്കുകയും മാതാവിന്റെ സാരോപദേശങ്ങള്‍ക്ക്, പ്രത്യേകിച്ച് ദൈവഹിതപ്രകാരം പ്രവര്‍ത്തിക്കാന്‍ തന്നെ പ്രാപ്തനാക്കുന്ന മാതാവിന്റെ പ്രാര്‍ത്ഥനയ്ക്കും വാക്കുകള്‍ക്കും പിന്നീട് അവസരം വന്നപ്പോഴെല്ലാം ജോസഫ് നന്ദി പറയുകയും ചെയ്തിരുന്നു. അക്കാര്യത്തില്‍ മറിയത്തിന് ഒരിക്കല്‍പ്പോലും തെറ്റുപറ്റിയിട്ടില്ലെന്ന് ജോസഫിനു ബോധ്യമുണ്ടായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles