ഈശോയെ കണ്ടെത്തിയ വി. യൗസേപ്പിതാവ് ദൈവത്തിന് നന്ദിയര്‍പ്പിച്ചത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-160/200
കുറച്ചു സമയം അവര്‍ ഒന്നുചേര്‍ന്നു ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്തശേഷം ദൈവാലയത്തില്‍നിന്നു പുറത്തുകടക്കുകയും ജറുസലേമില്‍നിന്ന് നസ്രത്തിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഈ യാത്രയില്‍ ഈശോ അവരുടെ രണ്ടുപേരുടെയും മധ്യത്തിലാണു നടക്കുന്നത്. ജോസഫിന്റെ ഒരു കണ്ണ് എപ്പോഴും ഈശോയുടെ മേലുണ്ട്. ഇനിയും അവനെ തങ്ങളില്‍നിന്നു വേര്‍പെടുത്താനുള്ള അവസരങ്ങള്‍ ഉണ്ടാകരുതെന്ന് അവന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ഇനി ഒരിക്കലും അവരെ വിട്ടുപോകുകയില്ലെന്ന് ഈശോ വാക്കുകൊടുത്തു. അതു കേട്ടപ്പോള്‍ ജോസഫിന് വലിയ ആശ്വസം കൈവന്നു.
ഈശോയോടുകൂടിയുള്ള ഈ യാത്ര മുമ്പുണ്ടായിട്ടുള്ളതിനേക്കാള്‍ ആനന്ദദായകവും സന്തോഷകരവുമായിരുന്നു. മുമ്പു പ്രതിപാദിച്ചതുപോലെ നിശ്ചേഷ്ടജീവികളായ പക്ഷിമൃഗാദികള്‍ തങ്ങളുടെ സ്രഷ്ടാവിന്റെ മുമ്പില്‍ വന്ന് വണങ്ങിയതിനേക്കാള്‍ ആനന്ദം പ്രദാനം ചെയ്യുന്ന യാത്രയായിരുന്നു ഇത്. രക്ഷകനെ കണ്ടെത്തിയതില്‍ മറിയം സ്തുതിഗീതങ്ങള്‍ പാടി ദൈവത്തെ മഹത്വപ്പെടുത്തി. തങ്ങള്‍ക്കുണ്ടായ സകല സങ്കടങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ജോസഫ് ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു. ഇപ്പോള്‍ അനുഭവിക്കുന്ന അതിരില്ലാത്ത ആനന്ദത്തിനും പരിധിയില്ലാത്ത സന്തോഷത്തിനും ആത്മാവില്‍ ജ്വലിച്ചുകൊണ്ട് കര്‍ത്താവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തു.
അവരുടെ ഹൃദയത്തില്‍ ആവസിച്ച ആത്മീയജ്വലനത്തിന്റെ തീക്ഷ്ണമായ ചിന്തയാല്‍ ആ മടക്കയാത്ര നസ്രത്തില്‍ എത്തിച്ചേര്‍ന്നതുപോലും അവര്‍ അറിഞ്ഞില്ല. സുദീര്‍ഘമായ യാത്രയുടെ ക്ലേശമോ തളര്‍ച്ചയോ അവര്‍ക്ക് അനുഭവപ്പെട്ടതുമില്ല. എന്തെന്നാല്‍ ദാവീദിന്റെ സ്തുതിഗീതം ജോസഫ് ഏറ്റുപറഞ്ഞുകൊണ്ടിരുന്നു: ‘എന്റെ ഹൃദത്തിന്റെ ആകുലതകള്‍ വര്‍ദ്ധിക്കുമ്പോള്‍ അങ്ങു നല്കുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു,’ (സങ്കീ. 84:19).
ഈശോയെ നഷ്ടപ്പെട്ടു എന്നു കേട്ടിരുന്നവര്‍ അവന്‍ തിരിച്ചു വന്നിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളുമായി വന്ന് അവരെ പൊതിഞ്ഞു. എന്നിരുന്നാലും, ഈശോയെ കാണാതായ സമയത്ത് അതില്‍ ആഹ്‌ളാദിച്ച പൈശാചിക ശക്തികള്‍ക്ക് അടിപ്പെട്ട ചില മനുഷ്യര്‍ ഇവിടെയും ദുഷ്ടന്റെ ഇഷ്ടക്കേടു പ്രകടിപ്പിച്ചു. തിരുക്കുമാരനെ തന്റെ മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടിയതില്‍ അവന് വലിയ അമര്‍ഷമുണ്ടായി. അസൂയാലുക്കളായ മനുഷ്യരുടെ ഒളിയമ്പെയ്യുന്ന സംസാരം ജോസഫിനെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് വളരെ പ്രകടമായി കാണാമായിരുന്നു.
ജോസഫ് തന്റെ അനുപമമായ സദ്ഗുണസമ്പന്നത ഇവിടെയും പ്രകടിപ്പിച്ചു. അവന്‍ അവരോട് അനുകമ്പയും അലിവും പ്രകടിപ്പിച്ചു എന്നുമാത്രമല്ല, സാത്താന്റെ ദുഷ്‌പ്രേരണകള്‍ അവരെ വിട്ടുപോകുന്നതിന് അവരുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കണമെന്ന് പിതാവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. ജോസഫിന്റെ ആഗ്രഹങ്ങള്‍ക്കും അപേക്ഷകള്‍ക്കും ദൈദവം അനുകൂലമായി നിന്നു. ഏറെ താമസിയാതെ ആ മനുഷ്യര്‍ തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും തിരുത്തുകയും തിരിച്ചുവന്ന് ഹൃദയം തുറന്ന് ജോസഫിനെ അഭിനന്ദിക്കുകയും ചെയ്തു. അവരെ ജോസഫ് ഹാര്‍ദ്ദവമായി സ്വീകരിച്ചു നന്ദി പറഞ്ഞു.
അവരുടെ മുന്‍ധാരണകളെക്കുറിച്ചോ അഭിപ്രായപ്രകടനങ്ങളെക്കുറിച്ചോ യാതൊരുവിധ ഭാവപ്രകടനങ്ങളുമില്ലാതെ തുറന്ന മനസ്സോടെയാണ് അവരെ സ്വാഗതം ചെയ്തത്. ജോസഫിന്റെ അതിശ്രേഷ്ഠമായ ധാര്‍മ്മികമൂല്യങ്ങളെയോര്‍ത്ത് അവര്‍ വളരെയധികം അവനോട് ഇഷ്ടം പ്രകടിപ്പിച്ചു. അതുവഴി മുന്‍കാലങ്ങളിലേക്കാള്‍ കൂടുതലായി സാത്താനെ അത് ആശയക്കുഴപ്പത്തിലാക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.