സാത്താന്‍പോലും പരാജയപ്പെട്ട വി. യൗസേപ്പിതാവിന്റെ വിശുദ്ധിയെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-154/200
എപ്പോഴും എല്ലാ കാര്യത്തിലും അവന്‍ വിനയവും എളിമയും ഉള്ളവനായിരുന്നു. അഹങ്കാരത്തിന്റെയോ അഹന്തയുടെയോ ഒരു ചിന്തപോലും അവന്റെ മനസ്സിലൂടെ കടന്നുപോകാന്‍ ഇടംകൊടുത്തില്ല. എന്തെന്നാല്‍ എല്ലായ്‌പ്പോഴും ദൈവഹിതത്തിന് എല്ലാമെല്ലാം അവന്‍ സമര്‍പ്പിച്ചിരുന്നു. എന്നു മാത്രമല്ല, തന്നെക്കുറിച്ചോ തന്നിലുള്ള ഉന്നതവും മഹത്വപൂര്‍ണ്ണവുമായ നന്മകളെയും വിശുദ്ധിയെയും കുറിച്ചോ ചിന്തിക്കുകയോ വലിയ ധാരണകള്‍ വച്ചുപുലര്‍ത്തുകയോ ചെയ്തിരുന്നുമില്ല.
ഈ വിഷയത്തില്‍ അവനെ പരീക്ഷിക്കാന്‍ പിശാചുക്കള്‍പോലും ധൈര്യപ്പെട്ടിരുന്നില്ല. എന്തെന്നാല്‍, ദൈവമാതാവിന്റെ വിശുദ്ധഭര്‍ത്താവില്‍ തിന്മയുടെ അശുദ്ധചിന്തകളൊന്നും പ്രവേശിക്കാന്‍ സാത്താനെ ദൈവം അനുവദിച്ചില്ല. ജോസഫ് തന്റെ ജീവിതത്തില്‍ ഈശോയുടെ തനിപ്പകര്‍പ്പായിരുന്നു. അതുപോലെതന്നെ പരിശുദ്ധ മറിയത്തിന്റെയും. ഇത് എപ്പോഴും അവനെ ദൈവത്തിന്റെ പ്രീതിക്കും പുതിയ കൃപകള്‍ക്കും വലിയ അനുഗ്രഹങ്ങള്‍ക്കും പാത്രമാക്കിയിരുന്നു. നിഷ്പ്രയോജനകരമായ ഒന്നിനുംവേണ്ടി അവന്‍ ഒരിക്കലും ദൈവത്തോടു യാചിച്ചിട്ടില്ല.
അനിതരസാധാരണമായ ഈ സ്വഭാവഗുണങ്ങളും സവിശേഷമായ പദവിയും മൂലമാണ് വിശുദ്ധ കന്യാമറിയം ജോസഫിനെ അത്യധികമായി സ്‌നേഹിച്ച്ത്. മറിയം ജോസഫിന്റെ മഹത്തായ അധികാരങ്ങളെയും കൃപകളെയും തിരിച്ചറിയുകയും ദൈവത്തിന് ഏറ്റം പ്രിയങ്കരനാണെന്ന് അംഗീകരിക്കുകയും ചെയ്തിരുന്നു. അവന്‍ അങ്ങനെതന്നെയായിരുന്നു താനും. അതിനാല്‍ മറിയം ഭൂമിയിലെ എല്ലാ വിശുദ്ധന്മാരെയും പരിശുദ്ധരെയുംകാള്‍ അധികം ജോസഫിനെ സ്‌നേഹിച്ചിരുന്നു. ഇക്കാര്യം പലപ്പപോഴും മറിയം ഈശോയോടു പറയുകയും ദൈവം ജോസഫിന്റെമേല്‍ ധാരാളമായി വര്‍ഷിച്ചിരിക്കുന്ന കൃപകളെ ഓര്‍ത്തു നന്ദി പറയുകയും ചെയ്യുമായിരുന്നു.
ജോസഫിന്റെ ആത്മാവിനെ അതിന്റെ എല്ലാ കൃപകളോടും ചേര്‍ന്ന സൗന്ദര്യത്തികവില്‍ മറിയം തന്റെ അരൂപിയുടെ കണ്ണുകളിലൂടെ കണ്ടിരുന്നു. ഇത് അവളില്‍ വലിയ സംതൃപ്തി ഉളവാക്കുകയും ജോസഫിനെ അത്യധികമായി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാന്‍ പ്രചോദനമാവുകയും ചെയ്തു. ജോസഫിന്റെ ഓരോ വാക്കുകളും ചര്‍ച്ചകളും മറിയത്തില്‍ വളരെ ആനന്ദകരമായ ആത്മീയചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജോസഫിന്റെ വരദായകവും ആരാധ്യവുമായ ആത്മീയനിറവും സൗന്ദര്യവും ദൈവം മറിയത്തിന് ദൃശ്യമാക്കിക്കൊടുത്തിരുന്നു.
അതുപോലെതന്നെ ജോസഫും തന്റെ ഏറ്റവും പരിശുദ്ധയും കൃപാപൂര്‍ണ്ണയുമായ ഭാര്യയെ അഭിനന്ദിക്കുമായിരുന്നു. അവളെക്കുറിച്ചുള്ള ദൈവത്തിന്റെ വിളിയും തിരഞ്ഞെടുപ്പും ഉന്നതമായ പദവിയും മനസ്സിലാക്കി അവളുടെ ആത്മാവില്‍ പരിലസിക്കുന്ന മഹത്തായ കൃപയുടെ പൂര്‍ണ്ണത എത്ര അപാരമാണെന്ന് വ്യക്തമായി കണ്ടുകൊണ്ടു തന്നെയാണ് ജോസഫ് അവളെ അഭിനന്ദിച്ചത്. മറിയത്തോടു സംസാരിക്കുമ്പോള്‍ അവളില്‍നിന്നു പ്രസരിക്കുന്ന അരൂപിയുടെ പ്രകാശകിരണങ്ങള്‍ ദര്‍ശിക്കാനുള്ള ഭാഗ്യം ജോസഫിന് പലപ്പോഴും ലഭിച്ചിരുന്നു. അത് എപ്പോഴും അവന്റെ ആത്മാവിനെ ആഹ്ലാദഭരിതമാക്കിയിരുന്നു.
ചിലപ്പോഴൊക്കെ ജോസഫ് തന്നോടുതന്നെ പറയുമായിരുന്നു. ‘മറിത്തിന്റെ ബാഹ്യപ്രകൃതി ഇത്രയും പ്രകാശപൂര്‍ണ്ണമാണെങ്കില്‍ അവളുടെ ആന്തരികസൗന്ദര്യം എത്ര മഹത്തരവും പ്രഭാപൂര്‍ണ്ണവുമായിരിക്കും! അവളോടു സംസാരിക്കാനും ഇടപഴകാനും അവളുടെ ഭര്‍ത്താവായിരിക്കാനും എനിക്ക് എന്തര്‍ഹതയാണുള്ളത്. പിന്നീട് അവന്‍ ദൈവത്തിനു നന്ദി പറയുകയും അവിടുത്തെ മുമ്പില്‍ തന്നെത്തന്നെ വിനീതനാക്കുകയും ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.