വി. യൗസേപ്പിതാവിന്റെ പ്രാര്‍ത്ഥനാശക്തിയുടെ രഹസ്യം എന്താണെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-152/200
കര്‍ത്താവിന്റെ കല്പനകളും ചട്ടങ്ങളും കാത്തുപാലിക്കുന്നതില്‍ ജോസഫ് നിതാന്തശ്രദ്ധയുള്ളവനായിരുന്നു. ജീവിതത്തിലുടനീളം നിയമത്തില്‍നിന്നു വ്യതിചലിക്കാന്‍ അവന്‍ കൂട്ടാക്കിയിരുന്നില്ല. ഈ വിവരണത്തിലെ പല സന്ദര്‍ഭങ്ങളിലും അതു വ്യക്തമായിരുന്നു. – ജോസഫ് പൂര്‍ണ്ണഹൃരദയത്തോടും സര്‍വ്വശക്തിയോടും കൂടി ദൈവത്തെ സ്‌നേഹിച്ചിരുന്നു എന്ന്. എത്ര ആര്‍ദ്രമായ സ്‌നേഹമായിരുന്നു ജോസഫിന് തന്റെ സഹോദരങ്ങളോടും അയല്‍ക്കാരോടും ഉണ്ടായിരുന്നത്! അവരുടെ ആത്മീയവും ഭൗതീകവുമായ ആവശ്യങ്ങളെക്കുറിച്ച് അദ്ദേഹം എത്ര താല്പര്യമുള്ളവനായിരുന്നു! അതു സാധിച്ചു കൊടുക്കുന്നതില്‍ എത്ര ശുഷ്‌കാന്തിയായിരുന്നു പ്രകടിപ്പിച്ചത്! ദരിദ്രര്‍ക്കു സഹായം എത്തിച്ചുകൊടുക്കാന്‍ വേണ്ടി എത്ര കഠിനാദ്ധ്വാനം ചെയ്തിരുന്നു! അതു ചെയ്യുന്നതിനുവേണ്ടി പലപ്പോഴും സ്വന്തം ആവശ്യങ്ങള്‍ അവഗണിക്കുകയും ചെയ്തിരുന്നു. എല്ലാവരോടും അനുകമ്പയും സഹാനുഭൂതിയും എല്ലായ്‌പ്പോഴും പ്രകടിപ്പിച്ചിരുന്നു. ഒന്നും കൊടുത്തു സഹായിക്കുവാന്‍ കഴിയാതിരുന്ന സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ കൊണ്ട് ആശ്വാസമായി അവരുടെ അടുത്ത് എത്തുമായിരുന്നു.
അനേകര്‍ സാന്ത്വനം തേടി ജോസഫിന്റെ അടുത്തു വന്നിരുന്നു. അവരിലാരും തങ്ങളെ അലട്ടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെന്താണെന്നു തിരിച്ചറിഞ്ഞ് അതു ദുരീകരിക്കാതെ തിരിച്ചുപോയിട്ടില്ല. ജോസഫിനെ ജനകീയവിചാരണ നടത്തിയവരില്‍ ചിലര്‍ക്കുപോലും അവര്‍ ദുരിതത്തിലകപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്തുകൊടുത്തിട്ടുണ്ട. അതുവഴി അവരില്‍ പലും ജോസഫിലേക്ക് ആകര്‍ഷിക്കപ്പെടുകയും ക്ഷമാപണം നടത്താന്‍ ഇടയാകുകയും ചെയ്തിട്ടുണ്ട്. ജോസഫ് തന്റെയുള്ളില്‍ വളരെ ആര്‍ദ്രവും ദൃഢവുമായ ഒരു സ്‌നേഹം കരുപ്പിടിപ്പിച്ചിരുന്നു. സഹജീവികളുടെ ആത്മരക്ഷയ്ക്കുവേണ്ടി തനിക്കുള്ളതെന്തും വ്യയം ചെയ്യുന്ന ത്യാഗപൂര്‍ണ്ണമായ സ്‌നേഹം അവനില്‍ നിറഞ്ഞുനിന്നിരുന്നു. പാപികളുടെ മനസ്സു വരവിനായി ജോസഫ് പൂര്‍ണ്ണമായും ദൈവത്തിന് തന്നെത്തന്നെ വിട്ടുകൊടുത്തിരുന്നു.
മരണാസന്നര്‍ക്കുവേണ്ടിയുള്ള ജോസഫിന്റെ ദീനാനുകമ്പ വളരെ വലുതായിരുന്നനു. നേരിട്ടുചെന്ന് അവരെ പരിചരിക്കാനോ സഹായിക്കാനോ കഴിഞ്ഞില്ലെങ്കില്‍ രാത്രി മുഴുവന്‍ അവര്‍ക്കുവേണ്ടി ജാഗരണം നടത്തും. അവരുടെമേല്‍ കര്‍ത്താവിന്റെ കരുണാകടാക്ഷം ഉണ്ടാകുന്നതുവരെ അതു നിര്‍ത്താതെ തുടരുകയും ചെയ്തിരുന്നു. മരണത്തിനു മുമ്പ് അവരുടെ മനസ്സിനു പരവര്‍ത്തനം ഉണ്ടായി എന്നു ദൈവം ഉറപ്പുകൊടുക്കുന്നതുവരെ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. കൃപയിലായവര്‍ക്ക് നിത്യസൗഭാഗ്യത്തിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായതുകൂടി നേടിക്കൊടുക്കാന്‍ അദ്ദേഹം ജാഗ്രത പാലിച്ചിരുന്നു. കൃപയിലായിരിക്കുന്ന ആത്മാക്കള്‍ ഏതൊക്കെയാണെന്നും അല്ലാത്തവര്‍ ആരൊക്കെയാണെന്നും ഗ്രഹിക്കാനുള്ള സൂചനകള്‍ ദൈവം തന്റെ ജ്ഞാനത്താല്‍ ജോസഫിനു നല്‍കുമായിരുന്നു. അതുവഴി അങ്ങനെയുള്ള ആത്മാക്കളെ സഹായിക്കാനും തന്റെ പ്രാര്‍ത്ഥനകള്‍ എത്മ്രാത്രം ഫലപ്രദമായി എന്ന് അറിയാനും അവനു കഴിഞ്ഞിരുന്നു.
ഒടുവില്‍ എല്ലാറ്റിനും ഉപരിയായി സര്‍വ്വശക്തിയോടുകൂടി ദൈവത്തെ സ്‌നേഹിക്കണം. തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണം എന്ന രാജകീയമായ കല്പനയെ ജോസഫ് എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് വാക്കുകള്‍കൊണ്ടു വിവരിക്കാന്‍ പ്രയാസമാണ്. ഏതു സമയത്തും അതിനാവശ്യമായതെന്തും ചെയ്യാന്‍ അവന്‍ ബദ്ധശ്രദ്ധനായിരുന്നു. മോശയുടെ നിയമത്തിലെ മറ്റ് അനുശാസനങ്ങളും ഒന്നുപോലും വീഴ്ചവരുത്താതെ കൃത്യമായും സൂക്ഷ്മമായും പാലിക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവരും നിയമം പാലിക്കണമെന്ന് ആഗ്രഹിക്കുകയും എപ്പോഴെങ്കിലും അതു ലംഘിക്കപ്പെടുന്നതു കാണുമ്പോള്‍ അവന്റെ ഹൃദയം വേദനിക്കുകയും ചെയ്തിരുന്നു.
നിയമലംഘനം നടത്തുന്നവര്‍ക്കുവേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും നിരന്തരം അവരെ ഉപദേശിക്കുകയും ചെയ്തിരുന്നു. അവര്‍ മനസ്സുതിരിഞ്ഞ് നിയമാനുസൃതം ജീവിക്കുന്നതുവരെ പ്രാര്‍ത്ഥന തുടരുകയും ചെയ്തിരുന്നു. അവനിലൂടെ അനേകര്‍ക്ക് ദൈവദത്തമായ നിയമം ലംഘിക്കുമ്പോള്‍ വന്നുഭവിക്കുന്ന വിപത്ത് എത്ര ഗൗരവമുള്ളതാണെന്ന ബോദ്ധ്യം ഉണ്ടാവുകയും ചെയ്തു. ഒരുപക്ഷേ, അവനു നേരിട്ടു പറയാന്‍ കഴിയാത്ത മനുഷ്യരാണെങ്കില്‍ കണ്ണുനീരോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദൈവം അവരുടെ ഹൃദയത്തെ പ്രകാശിപ്പിക്കുകയും അങ്ങനെ അവര്‍ ദൈവകൃപ സ്വീകരിക്കാന്‍ തക്ക തിരിച്ചറിവിലേക്കു തിരിയുകയും ചെയ്തിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.