വി. യൗസേപ്പിതാവിനെ സഹായിക്കാന്‍ ദൈവം മാലാഖമാരെ അയച്ചതിനെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-147/200
ഈശോയെ പണിയെടുപ്പിക്കുന്നതോര്ത്ത് ജോസഫിന് കുറച്ചൊരു അസ്വസ്ഥതയുണ്ടായിരുന്നു. മറിയം വിചാരിച്ചാല്‍ ചിലപ്പോള്‍ അത് ഒഴിവാക്കാന്‍ കഴിയും എന്നു കരുതി, ജോസഫ് അക്കാര്യം അവളോടു പറഞ്ഞു. അതില്‍ ഒട്ടും അസ്വസ്ഥനാകേണ്ട കാര്യമില്ലെന്നു ദൈവഹിതം പൂര്‍ത്തിയാകുന്നതിലാണ് സന്തോഷം കുടികൊള്ളുന്നതെന്നും പറഞ്ഞു മറിയം ജോസഫിനെ സമാധാനിപ്പിച്ചു. തിരിച്ചു ചെന്നു ജോലികള്‍ ചെയ്തുതുടങ്ങിയപ്പോള്‍ എല്ലാ ആകുലതകളും ജോസഫിനെ വിട്ടുപോയി. ഈശോയുടെ രാജകീയമായ പെരുമാറ്റവും സൗമ്യവും വിനയപൂര്‍ണ്ണവുമായ ഇടപെടലും ഹൃദ്യവും കരുണാര്‍ദ്രവുമായ സ്വഭാവവും മനുഷ്യരെ സ്വാഗതം ചെയ്യുന്ന ആകര്‍ഷകമായ രീതിയും മനുഷ്യര്‍ക്കിടയില്‍ സംസാരവിഷയമായി. തത്ഫലമായി പലരും കൗതുകത്തോടെ ഈശോയെ ഒന്നു കാണാന്‍ വേണ്ടി അവിടെ വരികയും ചെയ്തു.
ജിജ്ഞാസമൂലം വന്നതാണെങ്കിലും എല്ലാവരിലും ആനന്ദവും സംതൃപ്തിയും വിശ്വാസവും ഉളവായി. ഈശോ ആരാണെന്ന് അവരാരും തിരിച്ചറിഞ്ഞില്ല. എങ്കിലും അവിടുന്ന് അവര്‍ ഓരോരുത്തര്‍ക്കും വേണ്ടി സ്വര്‍ഗ്ഗീയപിതാവിനോട് പ്രാര്‍ത്ഥിക്കുകയും എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കുകയും ചെയ്തു. ഈജിപ്തില്‍നിന്നു തിരിച്ചെത്തിയ ആദ്യനാളുകളില്‍ ജോസഫിന്റെ കൂടെ ഈശോയെ കണ്ടപ്പോള്‍ അവര്‍ എല്ലാവരുംതന്നെ ശണ്ഠകൂടാന്‍ വന്നെങ്കിലും ജോസഫ് ഒരിക്കലും അവരോടു പരിഭവം കാണിക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ല. മറ്റുള്ളവര്‍ക്കു നന്മ ഉണ്ടാകുന്നതില്‍ സന്തോഷിക്കുകയും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന സ്വഭാവത്തിലധിഷ്ഠിതമായിരുന്നു ജോസഫിന്റെ അയല്പ്പക്കസ്നേഹം. അവര്‍ക്ക് ആത്മീയനേട്ടവും ആനന്ദവും ലഭിക്കുമെങ്കില്‍, പിതാവ് അത് ആഗ്രഹിക്കുന്നെങ്കില്‍, എന്തുതന്നെ നഷ്ടപ്പെടുത്തുന്നതിനും ജോസഫ് സന്നദ്ധനായിരുന്നു.
ദൈവഹിതത്തോടുള്ള ജോസഫിന്റെ അചഞ്ചലമായ ബോദ്ധ്യം അതായിരുന്നു. ഒരു ദിവസം ഈശോയും ജോസഫും തനിച്ചായിരിക്കുമ്പോള്‍ ജോസഫ് ഇക്കാര്യം ഈശോയെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി: ‘അയല്‍ക്കാരില്‍ ആത്മീയനേട്ടമുണ്ടാകുന്നത് എത്ര സന്തോഷകരമായ കാര്യമാണ്!’ അതിനാല്‍, മനുഷ്യരെ അദ്ദേഹം വീട്ടിലേക്കു സ്വാഗതം ചെയ്തു. തന്റെ വ്യക്തിപരമായ സമാശ്വാസം മറ്റുള്ളവര്‍ക്കു വേണ്ടി ബലികഴിക്കുകയും അതുവഴി അവര്‍ക്ക് ആശ്വാസവും ആനന്ദവും ലഭിക്കുകയും ചെയ്യട്ടെ എന്നു വിചാരിച്ചു. അങ്ങനെയെങ്കിലും തിരുക്കുമാരനെ മനുഷ്യര്‍ സ്നേഹിക്കുകയും അറിയുകയും ചെയ്യട്ടെ എന്നായിരുന്നു ജോസഫ് ചിന്തിച്ചത്.
ധാരാളം പേര് ഈശോയെ സന്ദര്‍ശിക്കാന്‍ വരികയും ജോസഫിന് ഒറ്റയ്ക്കു ഒട്ടേറെജോലികള് ചെയ്തുതീര്‍ക്കുകയും ചെയ്യേണ്ട നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജോലിത്തിരക്ക് കൂടുതലുള്ള സമയം, കൂടുതല്‍ സാമ്പത്തികനേട്ടം ഉണ്ടാക്കാവുന്ന അവസരം, എങ്കിലും ജോസഫ് ഒറ്റയ്ക്കുതന്നെ ജോലികള്‍് ചെയ്തുതീര്‍ത്തു. ആരെയും അവഗണിച്ചതുമില്ല. കഠിനപ്രയത്നം ചെയ്തു കൃത്യസമയത്തുതന്നെ ഏറ്റെടുത്ത എല്ലാ പണികളും ചെയ്തുതീര്‍ത്തു. നേരത്തെ സൂചിപ്പിച്ചതുപോലെ തന്റെ ഇടപാടുകാര്‍ മനസ്സറിഞ്ഞു തരുന്നതില്‍ തൃപ്തിപ്പെടുകയല്ലാതെ ഒന്നിനും കണക്കു പറയുകയില്ല എന്നത് ജോസഫിന്റെ നിശ്ചയദാര്‍ഢ്യമുള്ള നയവും സ്വാഭാവവുമായിരുന്നു.
ഒരിക്കല്‍പോലും ആ ചുണ്ടുകൡനിന്ന് ഒരു പരാതിയും ഉണ്ടായിട്ടില്ല. നന്ദിഹീനരായ ചില മനുഷ്യര്‍ ഒരു പ്രതിഫലവും നല്കാതിരുന്നപ്പോള്പോലും അവരില്‍നിന്നു പ്രതിഫലം സ്വീകരിച്ചു എന്നഭാവത്തില്‍ ചിന്താമഗ്നനായി അദ്ദേഹം അവരുടെ മുമ്പില്‍ തല താഴ്ത്തി നില്ക്കുകമാത്രം ചെയ്യും. അന്നന്നുള്ള ചെലവിന് ആവശ്യമായത് കിട്ടി എന്ന കാഴ്ചപ്പാടില്‍ അദ്ദേഹം സംതൃപ്തനായിരുന്നു. മിച്ചമുള്ളതു ദരിദ്രര്‍ക്കു കൊടുക്കുകയും ചെയ്തിരുന്നു. ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന് വലിയ ആഹ്ലാദകരമായ കാര്യമായിരുന്നു. നിശ്ചയമായും ഇശോയും മാതാവും അതില്‍ സന്തുഷ്ടരായിരുന്നു.
ജോസഫ് തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തോടൊപ്പം അനുദിന ജീവിതത്തിലെ മറ്റു കാര്യങ്ങളും ചിട്ടയായി ചെയ്തിരുന്നു. ഒരു നിശ്ചിതസമയം കര്‍ത്താവിനെ സ്തുതിക്കുന്നതിനും അവിടുത്തോടു പ്രാര്‍ത്ഥിക്കുന്നതിനും നീക്കിവയ്ക്കുകയും നിവര്‍ത്തിക്കുകയും ചെയ്തിരുന്നു. കഠിനമായ അദ്ധ്വാനഭാരംകൊണ്ടു തളര്‍ന്നുപോയാലും അവന്റെ എല്ലാ പ്രയത്നങ്ങളെയും ദൈവം കടാക്ഷിക്കുകയും അതേ തൊഴില്‍ ചെയ്യുന്ന മറ്റെല്ലാവരെയുംകാള്‍ ഫലസമൃദ്ധമാക്കുകയും ചെയ്തു.
ചില സന്ദര്‍ഭങ്ങളില്‍ ജോസഫിന് പണിപ്പുരയില്‍ സഹായികളെ ആവശ്യമായി വന്നിട്ടുണ്ട്. സൈന്യങ്ങളുടെ രാജാവും കര്‍ത്താവുമായ ദൈവം തന്റെ മാലാഖമാരെ അയയ്ക്കുകയും അവര്‍ തങ്ങളുടെ മഹിമയുടെ നില വിട്ട് ജോസഫിനെ ജോലിയില്‍ സഹായിക്കുകയും ചെയ്ത അപൂര്‍വ്വമായ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. കാരണം, ചില മനുഷ്യര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചില ഉപകരണങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
അതുകൊണ്ടാണ് വിശുദ്ധ ജോസഫിന് മനുഷ്യരുടെ ആവശ്യങ്ങള്‍ കൃത്യസമയത്ത് തൃപ്തികരമായി ചെയ്തുകൊടുക്കാന്‍ സാധിച്ചത്. കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായിരുന്നതിനാല്‍ ജോസഫിന്റെ പ്രവൃത്തിയെ ജനം അഭിനന്ദിച്ചിരുന്നു. എങ്കിലും വിശുദ്ധനാകട്ടെ സ്വയം നിസ്സാരനായി കരുതുകയും എല്ലാത്തിനും ദൈവത്തിനു നന്ദി പറയുകയും ചെയ്തു. ജീവിതത്തില്‍ നേരിട്ട് എളിമ അഭ്യസിക്കാനുള്ള ഓരോ അവസരത്തെയും അദ്ദേഹം വളരെയധികം സ്നേഹിച്ചിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.