ദൈവം തന്നില്‍ ചൊരിഞ്ഞ കൃപകള്‍ക്കും കാരുണ്യത്തിനും വി. യൗസേപ്പിതാവ് നന്ദിയര്‍പ്പിച്ചതെങ്ങിനെഎന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-144/200

ജോസഫിന്റെ നിഷ്‌കളങ്കമായ ഹൃദയവിചാരങ്ങളിലും കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനെക്കുറിച്ചുള്ള ചിന്തകളിലും ദൈവത്തിനു സംപ്രീതി തോന്നി. സമയാസമയങ്ങളില്‍ ഉണ്ടാകുന്ന ആവശ്യങ്ങളില്‍ അവിടുന്നു സഹായിക്കുകയും ചെയ്തുപോന്നു. തിരിച്ച് ജോസഫാകട്ടെ തന്റെ എല്ലാ കാര്യത്തിനും ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുകയും എല്ലാ നന്മകളും ദൈവത്തില്‍ നിന്നു ലഭിച്ചതാണെന്ന് ഏറ്റുപറയുകയും ചെയ്തു. തന്റെ തന്നെ കഴിവുകൊണ്ട് ഒന്നും നേടിയിട്ടില്ലെന്നും ഏറ്റം നിസ്സാരനായ വ്യക്തിയാണ് താനെന്നും കണക്കാക്കുകയും ചെയ്തിരുന്നു. ദൈവത്തിന്റെ അത്യുദാത്തമായ സ്‌നേഹാതിരേകത്തില്‍ നിന്നു നല്‍കപ്പെടുന്നതിനുവേണ്ടി യാചിക്കുക മാത്രമാണ് അവന്‍ ചെയ്തത്.

പ്രഭാതം പൊട്ടിവിടര്‍ന്നപ്പോഴേക്കും ജോസഫ് വീടിനുള്ളിലെയും തന്റെ വര്‍ക്ക്‌ഷോപ്പിലെയും കാര്യങ്ങളെല്ലാം ഒന്നു ക്രമപ്പെടുത്തിക്കഴിഞ്ഞിരുന്നു. മാതാവിനും ഈശോയ്ക്കും അഭിവാദ്യമര്‍പ്പിക്കാനും അവരോടൊത്ത് പ്രഭാതപ്രാര്‍ത്ഥന നടത്താനും അവരുടെ മുറിയുടെ മുമ്പില്‍ ജോസഫ് കാത്തുനില്‍ക്കുകയായിരുന്നു. ഈശോയും മാതാവും മുറിക്കുള്ളില്‍നിന്നു പുറത്തുവന്ന് ജോസഫിനെ വണങ്ങി. കഴിഞ്ഞ രാത്രി സുഖമായി ഉറങ്ങാന്‍ കഴിഞ്ഞോ എന്നു മറിയം ജോസഫിനോട് തിരക്കി. ഉത്തമയും വിശ്വസ്തയുമായ ഒരു ഭാര്യയില്‍നിന്നു പ്രതീക്ഷിക്കാവുന്നതുപോലെതന്നെ മറിയം തന്റെ ഭര്‍ത്താവിനോടുള്ള കരുതല്‍ പ്രകടിപ്പിച്ചു.

ജോസഫ് ഉപചാരപൂര്‍വ്വം മറിയത്തിന്റെ ക്ഷേമാന്വേഷണത്തിനു നന്ദി പറഞ്ഞു. മറിയത്തിന്റെ എല്ലാക്കാര്യത്തിലും താന്‍ സേവകനായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ജോസഫ് പറഞ്ഞു. അവന്‍ ഉദ്‌ഘോഷിച്ചു. ‘എന്റെ പ്രിയ പത്‌നീ, എന്നെ നിന്റെ പരിചാരകനായി ദൈവം തിരഞ്ഞെടുത്തതിനേക്കാള്‍ വലിയ സന്തോഷമെന്താണുള്ളത്? ശരിയായ ഒരു ഭര്‍ത്താവ് തന്റെ ഭാര്യയോടുള്ള കടമകള്‍ മനസ്സിലാക്കിയിരിക്കണം എന്നതാണ് ദൈവനിശ്ചയം. അതിനാല്‍ അവിടുത്തെ തിരുഹിതത്തിനു ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. ഈശോയും മറിയവും ദൈവത്തിന്റെ ഈ തിരുഹിതം നിറവേറ്റുന്നതിന് സമ്മതിക്കണം എന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എന്റെ പ്രിയേ, എന്റെ പരാജയങ്ങളിലും ബലഹീനതകളിലും നീ എന്നോടു ക്ഷമ കാണിക്കണം. ഇത്രമാത്രം കൃപകളും കാരുണ്യവും എനിക്ക് കനിഞ്ഞരുളിയ ദൈവത്തെ മഹത്വപ്പെടുത്താന്‍ എന്നെ നിങ്ങളും സഹായിക്കുക.’

ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ സ്വതവേ വിനയാന്വിതയായ മറിയത്തിന്റെ മുഖത്ത്െ ഭാവമാറ്റവും അത് അവളെ എത്രമാത്രം അസ്വസ്ഥയാക്കി എന്നും ജോസഫ് ശ്രദ്ധിച്ചു. എങ്കിലും തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതില്‍നിന്നു പിന്‍തിരിയാന്‍ ജോസഫിനു കഴിഞ്ഞില്ല. അവള്‍ അവന് കൂടുതല്‍ ധന്യയും സുന്ദരിയുമായി കാണപ്പെട്ടു. അവളുടെ മഹത്തായ ദൃഢചിത്തത ജോസഫിനെ ആശ്ചര്യപ്പെടുത്തി. ആ നിലയില്‍ അവളെ നോക്കിയപ്പോള്‍ത്തന്നെ ജോസഫിന് അത് ശക്തി പകര്‍ന്നു. ‘ഹാ! ഇത് എത്രയോ വലിയ ഭാഗ്യമാണ്. ദൈവത്തിന്റെ സംപൂജ്യമായ സൃഷ്ടിയുടെ പങ്കാളിയായിരിക്കുക എന്നത്! സ്വര്‍ഗ്ഗീയ പിതാവില്‍ നിന്ന് ഈ അനുഗ്രഹം എനിക്ക് എങ്ങനെ ലഭിച്ചു!’ – ജോസഫ് തന്നോടു തന്നെ മന്ത്രിച്ചു.

തന്റെ വ്യര്‍ത്ഥമായ വിചാരങ്ങളെ വിട്ടിട്ട് ജോസഫ് ഈശോയുടെ നേരെ തിരുഞ്ഞുകൊണ്ടു പറയാന്‍ തുടങ്ങി. സ്‌നേഹോഷ്മളമായി തന്റെ അരുമസുതനെ നോക്കിക്കൊണ്ട് അവനെ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുകയെന്നതാണ് തന്റെ മുഴുവന്‍ ഹൃദയത്തിന്റെയും അഭിലാഷമെന്നു തുറന്നുപറഞ്ഞു. സ്‌നേഹനിധിയായ ഈശോയെ നോക്കുമ്പോഴൊക്കെ അതു കാണാനുള്ള ഭാഗ്യം ലഭിച്ചതിനെ ഓര്‍ത്തുള്ള സന്തോഷംകൊണ്ട് അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുക പതിവായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles