നസ്രത്തില്‍ തിരിച്ചെത്തിയ യൗസേപ്പിതാവ് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിച്ചത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-143/200
തിരുക്കുടുംബം നസ്രത്തിലെത്തുമ്പോള്‍ സമയം വളരെ വൈകിയിരുന്നു. എത്തിച്ചേര്‍ന്ന ഉടനെ നേരെ അവരുടെ കൊച്ചുവീട്ടീലേക്കുതന്നെ പോയി. അവരുടെ വിശ്രമത്തില്‍ തടസ്സമുണ്ടാകാതിരിക്കണമെന്നുള്ളതിനാല്‍, അയല്‍ക്കാരില്‍ അധികം പേരും വന്ന വിവരം അറിഞ്ഞില്ല. മറിയത്തെ മുമ്പ് അറിയാവുന്ന ചുരുക്കം ചില സ്ത്രീകള്‍ കാണുകയും സ്വാഗതം പറയുകയും ചെയ്തു.
അവര്‍ വിശുദ്ധമായ ആ മുറിയിലേക്കു പ്രവേശിച്ചു. അവിടെ വച്ചാണ് ഏറ്റം ശ്രേഷ്ഠമായ സ്വര്‍ഗ്ഗീയ രഹസ്യം, ദൈവത്തിന്റെ വചനം മനുഷ്യാവതാരം ചെയ്യുന്നു എന്ന മഹാരഹസ്യം വെളിപ്പെട്ടത്, അവിടെ പ്രവേശിച്ച അവര്‍ സ്വര്‍ഗ്ഗീയപിതാവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തു; ആരോഗ്യത്തോടെ സുരക്ഷിതമായി തങ്ങളെ വീട്ടില്‍ തിരികെയെത്തിച്ച കര്‍ത്താവിന് അവര്‍ നന്ദി പ്രകാശിപ്പിച്ചു. ഈ ലോകത്തിനുവേണ്ടി അവിടുന്ന് ചെയ്ത ഏറ്റം മഹത്തായ പ്രവൃത്തിക്ക്, മനുഷ്യരെ തങ്ങളുടെ ബന്ധനത്തില്‍നിന്ന് മോചിപ്പിക്കാന്‍ പുത്രനെ അയച്ചതിന്, അവര്‍ വീണ്ടും കൃതജ്ഞതയര്‍പ്പിച്ചു. ആ പുണ്യസ്ഥലത്തായിരിക്കുന്നതുകൊണ്ടുതന്നെ ആ മഹാത്മാക്കള്‍ക്ക് വലിയ സമാശ്വാസം അതു പ്രദാനം ചെയ്തു.
ജോസഫിന്റെ ആത്മാവ് ആനന്ദനിര്‍വൃതിയില്‍ നിറഞ്ഞു. മാലാഖമാര്‍ സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. വിശുദ്ധ സ്വര്‍ഗ്ഗത്തില്‍നിന്ന് ഉദാരമായി പ്രകടമാക്കിയ അവിടുത്തെ കാരുണ്യത്തെ ്പ്രതി ജോസഫിന്റെ ഹൃദയം വീണ്ടും പരമാനന്ദംകൊണ്ടു നിറഞ്ഞു. ഹര്‍ഷപുളകിതമായ ആ ആനന്ദനിര്‍വൃതി അതിന്റെ എല്ലാ പരിധിയും നിറഞ്ഞുകവിഞ്ഞൊഴുകി! മനുഷ്യാവതാരം സംബന്ധിച്ചുള്ള ഏറ്റം നിഗൂഢരഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനത്തിലാണ് ജോസഫിന് എല്ലാ സ്വര്‍ഗ്ഗീയാനന്ദവും അനുഭവവേദ്യമായത്. ദൈവത്തില്‍ ആനന്ദിച്ചുകൊണ്ട് ആ അവസ്ഥയില്‍ ഏറെനേരം ജോസഫ് അവിടുത്തെ സന്നിധിയില്‍ സ്വസ്ഥനായി ഇരുന്നു.
അവരുടെ പ്രാര്‍ത്ഥനയും ധ്യാനവും പൂര്‍ത്തിയായപ്പോള്‍, മാലാഖമാര്‍ ഭക്ഷണവുമായി വന്ന് അവരെ പരിചരിച്ചു. എല്ലാവരും ഭക്ഷണത്തില്‍ പങ്കുകൊണ്ടശേഷം ദൈവത്തിനു നന്ദി പറയുകയും ശരീരത്തിന് തികച്ചും ആവശ്യമായ വിശ്രമത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ആ രാത്രി അധികസമയമൊന്നും ഉറങ്ങാന്‍ ജോസഫ് കൂട്ടാക്കിയില്ല. കൂടുതല്‍ സമയവും ദൈവത്തിന് നന്ദിപറയുന്നതില്‍ ചെലവഴിച്ചു അവന്‍ തന്നോടുതന്നെ ചോദിച്ചു: ‘ജോസഫേ, ഇതാ, നീ നിന്റെ ഭവനത്തില്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ഇവിടെ പരിശുദ്ധയായ ഭാര്യയോടും പ്രിയപ്പെട്ട ഈശോയോടുമൊത്ത് സമാധാനത്തില്‍ വസിക്കുക. ഹാ, നീ എത്ര ഭാഗ്യവാനാണ്! ഇത്ര മഹത്തായ അനുഗ്രഹത്തിന് നീ എങ്ങനെയാണ് പ്രത്യുത്തരം നല്‍കുക? നിന്റെ മേല്‍ നിരന്തരം അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിനുവേണ്ടി നിനക്ക് എന്തു ചെയ്യാന്‍ കഴിയും?’
ഉടന്‍തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ ജോസഫ് ദൈവത്തോടു പറഞ്ഞു: ‘എന്റെ ദൈവമേ! അങ്ങയുടെ ഇഷ്ടം നിറവേറ്റതിനുള്ള എന്റെ ആഗ്രഹത്തെ അങ്ങ് തൃക്കണ്‍പാര്‍ക്കണമേ. അവിടുത്തെ സന്നിധിയില്‍ എപ്പോഴും ശുശ്രൂഷ ചെയ്യുന്നതിനും അങ്ങയുടെ വത്സല സുതനെയും അവന്റെ പരിശുദ്ധ മാതാവിനെയും പരിചരിക്കുന്നതിനും പൂര്‍ണ്ണമായും എന്നെ അങ്ങേക്കു ഞാന്‍ സമര്‍പ്പിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. നിശ്ചയമായും എന്നില്‍ അര്‍പ്പിതമായിരിക്കുന്ന ഏറ്റം മഹത്തായ ദൗത്യം അതാണെന്നു സന്തോഷപൂര്‍വ്വം ഞാന്‍ മനസ്സിലാക്കുകയും ചെയ്യുന്നു.
എന്റെ ദൈവമേ! അവിടുത്തെ പുത്രനെയും അവന്റെ മാതാവിനെയും പരിചരിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊരാഗ്രഹവും എനിക്കില്ലെന്ന് അങ്ങ് അറിയുന്നല്ലോ അവര്‍ക്ക് ആവശ്യമായിരിക്കുന്നതും അവര്‍ ആവശ്യപ്പെടുന്നതുമായ കാര്യങ്ങള്‍ അനുസരിക്കുന്നതിലാണ് എന്റെ സന്തോഷം കുടികൊള്ളുന്നതെന്നും അവിടുന്ന് അറിയുന്നു. ഓ, അത്യുന്നതനായ കര്‍ത്താവേ, തിരുക്കുടുംബത്തിന്റെ നാഥനായിരിക്കാന്‍ അവിടുന്ന് എന്നോട് കല്പിച്ചു. അങ്ങയുടെ തിരുഹിതത്തിന് എന്നെത്തന്നെ സമര്‍പ്പിക്കുന്നു. അതിനാല്‍, കര്‍ത്താവേ, ഈ ദാസന്‍ അങ്ങയോട് യാചിക്കുന്നു. അവിടുത്തെ ഇഷ്ടം കൃത്യമായി നിറവേറ്റുന്നതിനാവശ്യമായ കൃപകളെല്ലാം ഈ ദാസനു നല്കിയാലും. ഓ, കര്‍ത്താവേ ഉന്നതമായ ഈ വിളിക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ എന്നെ പ്രാപ്തനാക്കുന്നതിനു വേണ്ട സുകൃതങ്ങളെല്ലാം എനിക്കു നല്കണമേ. അങ്ങയുടെ ഏകജാതനായ പുത്രനോ എന്റെ പരിശുദ്ധയായ ഭാര്യയ്‌ക്കോ പ്രീതികരമല്ലാത്തതൊന്നും ചെയ്യാതിരിക്കാനുള്ള ശക്തിയും നല്കി എന്നെ അനുഗ്രഹിക്കണമേ!’
ഇപ്രകാരം പ്രാര്‍ത്ഥനയില്‍ രാത്രിയുടെ ഭൂരിഭാഗം സമയവും കഴിച്ചുകൊണ്ട് പ്രഭാതത്തിനുവേണ്ടി അവന്‍ വളരെ താത്പര്യത്തോടെ കാത്തിരുന്നു. കുടുംബത്തിന്റെ അന്നദാതാവ് എന്ന നിലയില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ട വരുമാനം ഉണ്ടാക്കുന്നതിന് ജോലിയും മറ്റും ലഭിക്കുന്നതിന് ദൈവത്തോടു പ്രാര്‍ത്ഥിച്ചു. തളര്‍ന്നുറങ്ങുന്ന മാതാവിനെയും ഈശോയെയും നോക്കിക്കൊണ്ട് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ തന്നെ സഹായിക്കണമേ എന്ന് കര്‍ത്താവിനോട് തീവ്രമായി യാചിച്ചു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.