നസ്രത്തില്‍ തിരിച്ചെത്തിയ യൗസേപ്പിതാവിനെ ആനന്ദിപ്പിച്ച സംഭവങ്ങള്‍ എന്തൊക്കെയായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-142/200

നസ്രത്തിലേക്കുള്ള യാത്രയിലും വലിയ അത്ഭുതകരമായ അനുഭവങ്ങള്‍ക്ക് അവര്‍ സാക്ഷ്യം വഹിച്ചു. മുമ്പുണ്ടായിരുന്നതുപോലെ മൃഗങ്ങളും പക്ഷികളും അവരുടെ മുമ്പില്‍ വരികയും സ്രഷ്ടാവിനെ വണങ്ങുകയും ചെയ്തു. മനുഷ്യരില്‍നിന്നു ലഭിച്ചില്ലെങ്കിലും ജീവജാലങ്ങള്‍ തങ്ങളുടെ സ്രഷ്ടാവിനെ അവയുടേതായ പ്രകൃതത്തില്‍ വന്ന് ആരാധിച്ചു മഹത്വപ്പെടുത്തി! വളരെ ആദരവോടും ആത്മാവില്‍ ആനന്ദത്തോടും കൂടി ജോസഫ് അതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു. നിശ്ചയമായും ഒരു ഉത്സവപ്രതീതി നിറഞ്ഞ അന്തരീക്ഷത്തില്‍ ആത്മാവില്‍ ജ്വലിച്ച് ജോസഫ് സന്തോഷാധിക്യത്താല്‍ ഇങ്ങനെ പറയാന്‍ നിര്‍ബന്ധിതനായി: ‘ഹാ! എന്റെ പൊന്നുമകനേ, നസ്രത്തിലേക്കുള്ള നിന്റെ തിരിച്ചുവരവില്‍ സൃഷ്ടികളെല്ലാം എത്രയോ സന്തോഷിക്കുന്നു!

കേവലം പൂക്കളും ചെടികളും വൃക്ഷലതാദികളും ആനന്ദപുളകിതരായി ഇളകിയാടുന്നു! അവര്‍ കൈവീശി കര്‍ത്താവിന് ഹോസാന പാടുകയായിരുന്നു! അതില്‍ എന്റെ ഹൃദയം എത്രയധികം ആനന്ദിക്കുന്നു! വിവേകമില്ലാത്ത ജീവികളില്‍ നിന്ന് ഇത്രയും നല്ല പ്രതികരണമുണ്ടായപ്പോള്‍ വിശേഷബുദ്ധിയുള്ള മനുഷ്യരില്‍ നിന്ന് എത്രയോ അധികം ആരാധന ഉണ്ടാകേണ്ടതായിരുന്നു? നമ്മുടെ നഗരവാസികള്‍ എത്രയധികം നിന്റെ തിരിച്ചുവരവില്‍ ആനന്ദിക്കേണ്ടതായിരുന്നു! കൃപാലുവും സ്‌നേഹനിധിയുമായ നിന്നെക്കണ്ട് അവരുടെ ഹൃദയം എത്രമാത്രം സന്തോഷഭരിതമാകേണ്ടതായിരുന്നു! ഈ സന്തോഷവും ആനന്ദവും പങ്കുവയ്ക്കാന്‍ നമ്മള്‍ നസ്രത്തില്‍ എത്തിക്കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോകുന്നു.’

ഈശോയോട് എന്നപോലെ ജോസഫിന് തന്റെ നാട്ടുകാരോടുള്ള സ്‌നേഹവും അതുവഴി പ്രകടിപ്പിക്കുകയായിരുന്നു. ഈശോ അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യണം എന്ന് ആഗ്രഹിക്കുന്നതോടൊപ്പം ഈശോയോടുകൂടി താന്‍ അനുഭവിക്കുന്ന സ്‌നേഹം തന്റെ നാട്ടുകാരായ നസ്രത്തുകാരുംകൂടി അനുഭവിക്കണം എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു.

ബാലനായ ഈശോ നസ്രത്തിനോട് അടുത്തെത്തിയപ്പോള്‍ തദ്ദേശവാസികളുടെ ഹൃദയത്തില്‍ സന്തോഷത്തിന്റെ അലയടി പ്രതിഫലിച്ചുകഴിഞ്ഞിരുന്നു എവിടെനിന്നാണ് അതു വരുന്നതെന്ന് അറിഞ്ഞില്ലെങ്കില്‍ത്തന്നെയും കുറച്ചുപേരെങ്കിലും അവര്‍ക്ക് ഉപചാരം അര്‍പ്പിക്കാതിരുന്നില്ല. ക്രമേണ ബാക്കിയുള്ളവരും തിരിച്ചറിഞ്ഞു, തങ്ങളുടെ അയല്‍വാസിയായിരുന്ന ജോസഫും മറിയവുമാണ് വന്നിരിക്കുന്നതെന്ന് നിയമം അനുസരിക്കുന്നവരും ദൈവഭയമുള്ളവരുമായ നല്ല മനുഷ്യര്‍! പരിശുദ്ധ മാതാവിനെയും ദിവ്യസുതനെയും ശ്രദ്ധിച്ചു നോക്കിയപ്പോള്‍ത്തന്നെ അവര്‍ക്കാ മനസ്സിലാക്കാന്‍ കഴിഞ്ഞു, തങ്ങള്‍ക്ക് അനുഭവപ്പെട്ട ഹൃദയാഹ്ലാദത്തിന്റെ കാരണം അവരുടെ കണ്‍മുമ്പില്‍ തിരിച്ചെത്തിയ തിരുക്കുടുംബത്തില്‍ നിന്നാണെന്ന്.

വിശുദ്ധ തീര്‍ത്ഥാടകര്‍ പെട്ടെന്നുതന്നെ അവരുടെ വീട്ടുവളപ്പിലേക്കു പോയി. ദീര്‍ഘയാത്ര മൂലം അവര്‍ വളരെയധികം തളരുകയും ക്ഷീണക്കുകയും ചെയ്തിരുന്നതിനാല്‍ വിശ്രമം അനിവാര്യമായിരുന്നു. സ്വാസ്ഥ്യം വീണ്ടെടുക്കുന്നതിനുവേണ്ടി ആ സമയം അവര്‍ സ്വര്‍ഗ്ഗീയ ആരാധനയില്‍ ലയിച്ചു. ജോസഫ് ചെറുപ്രായത്തില്‍ ശീലിച്ചിരുന്നതുപോലെ കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പിതാവിനെ ധ്യാനിച്ചു. അങ്ങനെ ചെയ്യുകവഴി ആത്മീയാന്ദവും വന്‍കൃപകളും ദൈവത്തില്‍ നിന്ന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിരുന്നു.

സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ദൈവം അപാരമായ സമാശ്വാസമാണ് തനിക്കു നല്‍കുന്നത് എന്ന് തിരിച്ചറിയുമ്പോഴൊക്കെ ജോസഫ് ഇത് കൂടെക്കൂടെ ഈശോയോട് പറയും: ‘എന്റെ വാത്സല്യമകനേ, നിന്നോടു കൂടെ ആയിരിക്കുവാനും നിന്നില്‍ നിഗൂഡമായിരിക്കുന്ന ദൈവിക മഹത്വം മനസ്സിലാക്കുവാനുമുള്ള അവകാശവും, നിന്റെ അനുഗ്രഹപൂര്‍ണ്ണമായ മഹനീയസാന്നിദ്ധ്യത്തിന്റെ സംതൃപ്തിയും ഞാന്‍ അനുഭവിക്കുന്നു. എന്നിരുന്നാലും ഇതെല്ലാം സ്വര്‍ഗ്ഗീയമഹിമകളെക്കുറിച്ച് ധ്യാനിക്കാന്‍ എനിക്ക് ഇടയാക്കുന്നല്ലോ എന്നതാണ് എന്റെ വലിയ ആനന്ദം.’

‘ഞാന്‍ അതില്‍ ആശ്ചര്യപ്പെടുന്നില്ല’ – സ്‌നേഹപൂര്‍വ്വം ഈശോ പറഞ്ഞു. ‘അവിടെ വിശുദ്ധ സ്വര്‍ഗ്ഗത്തില്‍ എന്റെ പിതാവ് സിംഹാസനത്തില്‍ ഇരിക്കുന്നു. അതുപോലെ അങ്ങേക്കായി അവിടെ ഒരു സ്ഥലം തയ്യാറാക്കിയിട്ടുണ്ട്. അതിലിരുന്ന് അങ്ങ് ദൈവത്തിന്റെ അനന്തമായ ശക്തിയും അനുപമമായ സൗന്ദര്യവും മുഖാമുഖം ദര്‍ശിക്കും!’

അതു കേട്ടപ്പോള്‍ വികാരഭരിതനായി ജോസഫ് വിളിച്ചു പറഞ്ഞു’ ‘ഹാ! പറുദീസാ! ഓ! എന്റെ ദൈവമേ! എന്റെ ദൈവമേ! ആ ഭാഗ്യപ്പെട്ട സമയം എപ്പോള്‍ എത്തിച്ചേരും? അങ്ങയുടെ ഒളിമങ്ങാത്ത മുഖപ്രകാശം ദര്‍ശിക്കാന്‍ എപ്പോള്‍ എനിക്കവിടെ പ്രവേശിക്കാന്‍ കഴിയും?’

പരിശുദ്ധനായ തന്റെ സ്‌നേഹപിതാവിന്റെ തീവ്രമായ ആഗ്രഹം, തടസ്സം കൂടാതെ നേരിട്ടു ദൈവദര്‍ശനം ആസ്വദിക്കുവാനുള്ള അഭിലാഷം, ഈശോയെ കൂടുതല്‍ ചാരിതാര്‍ത്ഥനാക്കി. എന്നാല്‍, ഈശോയാകട്ടെ, ഏറ്റം വേദനാജനകമായ തന്റെ പീഡാസഹനത്തിലൂടെയും മരണത്തിലൂടെയും മനുഷ്യവംശത്തം രക്ഷിക്കുക എന്ന മഹത്തായ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി കാത്തിരിക്കുകയാണ്. എന്തെന്നാല്‍, അതുവഴിയാണ് സ്വര്‍ഗ്ഗകവാടം തുറക്കപ്പെടുകയും ആത്മാക്കള്‍ പറുദീസായിലെ നിത്യാനന്ദത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles