വി. യൗസേപ്പിതാവിന്റെ ഹൃദയത്തില്‍ സംഘട്ടനങ്ങള്‍ സൃഷ്ടിച്ച ഈശോയുടെ വചനങ്ങള്‍ എന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-141/200

അവര്‍ മൂന്നുപേരും പ്രഭാതത്തിലുണര്‍ന്ന് പിതാവിനെ ആരാധിച്ചു. നസ്രത്തിലേക്കുള്ള യാത്രയാണ് അടുത്തത്. അതിനു മുമ്പ് ആഹാരത്തിനുള്ളത് എന്തെങ്കിലും വാങ്ങണം; ജോസഫ് മറിയത്തോടു പറഞ്ഞിട്ട് പട്ടണത്തിലേക്കു പോയി.

കുറച്ചു റൊട്ടി മാത്രം സംഘടിപ്പിക്കാന്‍ വളരെയേറെ കഷ്ടപ്പെടേണ്ടി വന്നു. റൊട്ടിയും വെള്ളവും കഴിച്ച് തല്ക്കാലം അവര്‍ തൃപ്തിയടഞ്ഞു. മറിയവും ഈശോയും അനുഭവിക്കേണ്ടിവരുന്ന ഇത്തരം കഷ്ടതകളെ ഓര്‍ത്തപ്പോള്‍ ജോസഫിന്റെ ഹൃദയം വീണ്ടും ദുഃഖസാന്ദ്രമായി. കുറച്ചെങ്കിലും ലഭിച്ചതില്‍ തങ്ങള്‍ സംതൃപ്തരാണെന്നു പറഞ്ഞ് ഈശോ ജോസഫിനെ സമാശ്വസിപ്പിച്ചു. അതിലും അവര്‍ സന്തുഷ്ടരായിരുന്നു. കാരണം ദാരിദ്ര്യം അവരുടെ നിത്യസന്ദര്‍ശകനായ വിരുന്നുകാരനായിരുന്നു.

ബെത്‌ലെഹം നിവാസികളുടെ ഏറ്റം നന്ദിഹീനമായ പെരുമാറ്റം കണ്ട് ജോസഫിന്റെ ഹൃദയം വളരെയധികം വേദനിച്ചു. നന്ദികേടും നന്മയില്ലായ്മയും മാത്രമാണ് അവരില്‍ നിന്ന് അഭിമുഖീകരിക്കേണ്ടി വരുന്നത് എന്ന് പരിഭവമെന്നോണം ഈശോയോടു പറയുകയും ചെയ്തു. ഈശോ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘പിതാവ് അനുവദിച്ചിട്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. കാരണം. സുകൃതങ്ങള്‍ അഭ്യസിക്കുന്നതിന് അത് അഭിമുഖീകരിച്ചേ മതിയാകു. അനുദിനമുള്ള ഉപജീവനത്തിന്റെ വകപോലും നിഷേധിക്കപ്പെടുമ്പോഴും ക്ഷമയും ശാന്തതയും കൈവിടാതെ കാത്തുസൂക്ഷിക്കേണ്ടതിന് അതൊക്കെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. മനുഷ്യനില്‍ നിന്ന് സഹായം നിഷേധിക്കപ്പെടുമ്പോഴെല്ലാം പിതാവില്‍ നിന്ന് വലിയ അനുഗ്രഹങ്ങള്‍ ലഭിക്കുന്ന എന്നകാര്യം നമ്മള്‍ എപ്പോഴും അനുസ്മരിക്കുകയും ചെയ്യണം.

സ്വയം എളിമപ്പെടുത്തുന്ന കാര്യത്തില്‍ ജോസഫ് കടുകിട വിട്ടുവീഴ്ച വരുത്താറില്ല. ക്ഷമാപണരൂപത്തില്‍ ഈശോയോടു പറഞ്ഞു; ‘നിന്റെ അനുഗൃഹീതയായ പരിശുദ്ധ അമ്മയോടും നിന്നോടും ഈ ജനം ചെയ്യുന്ന ഹീനമായ നന്ദികേടു കാണുമ്പോള്‍ ഞാന്‍ തകര്‍ന്നു പോകുകയാണ്. അതാണ് എന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നത്. എന്റെ മകനേ, നിനക്കറിയാമോ എന്റെ വാത്സല്യനിധിയായ ഈശോയെ എല്ലാവരും അറിയുവാനും എല്ലാവരാലും സ്‌നേഹിക്കപ്പെടുന്നത് കാണുവാനും ഞാന്‍ എത്രയധികം അഭിലഷിക്കുന്നു എന്ന? എന്റെ ഈശോയോട് എല്ലാവരും എല്ലാക്കാര്യത്തിലും നന്ദിയുള്ളവരായിരിക്കണം എന്ന എത്രമാത്രം ഞാന്‍ ആഗ്രഹിക്കുന്നുവോ അത്രമാത്രം നേരെ തിരിച്ചാണ് അനുഭവം.’

‘എന്റെ പ്രിയപ്പെട്ട അപ്പാ, ഭാവിയില്‍ എനിക്കായി കരുതിവച്ചിരിക്കുന്ന പീഡകളുമായി തുലനം ചെയ്യുമ്പോള്‍ ഇതുവരെ ഞാന്‍ അനുഭവിച്ചത് വളരെ നിസ്സാരങ്ങളാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. മാനവകുലത്തെ രക്ഷിക്കുകയെന്ന പിതാവിന്റെ തിരുഹിതം നിറവേറ്റുന്നതിനുവേണ്ടി ഇതെല്ലാം സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കുന്നു. അതിനുവേണ്ടി എന്നോടൊപ്പം ഈ ക്ലേശങ്ങളെല്ലാം അപ്പനും സന്തോഷത്തോടെ സഹിക്കുകയും നന്ദിപൂര്‍വ്വം സ്വീകരിക്കുകയും ചെയ്യണം.’ ഈശോ പറഞ്ഞു.

ഈ വചനങ്ങള്‍ ജോസഫിന്റെ ഹൃദയത്തില്‍ ചില സംഘട്ടനങ്ങള്‍ സൃഷ്ടിച്ചു. ആശ്വാസത്തേക്കാളുപരി മനോപീഡയാണ് അത് ഉളവാക്കിയത്. നിര്‍ബന്ധമായും ഈശോ പീഡകള്‍ സഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറവാണ് ആ മനോപീഡയ്ക്കു കാരണം. ഓ! എത്രമാത്രമാണ് അത് ജോസഫിന്റെ ആത്മാവിനെ ആഴത്തില്‍ കുത്തിത്തുളച്ചത്! ഈശോയോടുള്ള ആര്‍ദ്രമായ സ്‌നേഹംമൂലം അത് ജോസഫിന്റെ ഹൃദയത്തെ മുറിപ്പെടുത്തി. അസ്വസ്ഥതയുടെ കാര്‍മേഘപടലങ്ങള്‍ മനസ്സിനെ വലയം ചെയ്യുകയും ചെയ്തു. പിതാവിന്റെ തിരുഹിതത്തിന് കീഴ്‌വഴങ്ങണമെന്ന കാര്യം ഈശോ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നതുവരെ ഒരാശ്വാസവും കണ്ടെത്താന്‍ ജോസഫിനു കഴിഞ്ഞില്ല. ‘ദൈവഹിതം’ എന്ന വാക്കിനു മുമ്പില്‍ ജോസഫ് തലകുനിക്കുകയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന് വിധേയപ്പെടുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles