മാലാഖമാരുടെ സ്തുതിഗീതങ്ങള്‍ വി. യൗസേപ്പിതാവിന് വെളിപ്പെടുത്തിയത് എന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-139/200

അവര്‍ മിശിഹായുടെ ജന്മസ്ഥലത്തോട് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടെ മാലാഖമാരുടെ വ്യൂഹങ്ങള്‍ വന്നു സ്‌തോത്രഗീതങ്ങള്‍ പാടുന്നത് ജോസഫിന് കേള്‍ക്കാമായിരുന്നു. രക്ഷകന്‍ പിറന്ന സ്ഥലത്തിന് അടുത്തെത്തിയപ്പോള്‍ വീണ്ടും മാലാഖമാരുടെ സ്തുതിഗീതങ്ങള്‍ ഉച്ചസ്വരത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. മാതാവിന്റെ അഭിഷേകജനകവും ഹൃദ്യവുമായ കീര്‍ത്തനങ്ങള്‍ കേട്ട് ആസ്വദിച്ചിട്ടുള്ള ജോസഫിന് മാലാഖമാരുടെ സ്തുതിഗീതങ്ങള്‍ കേട്ടപ്പോഴും അത് അദ്ദേഹത്തിന് വലിയ ആശ്വാസവും സന്തോഷവും പകര്‍ന്നു. സംഗീത ധ്വനി കേട്ടതല്ലാതെ ആരെയും കണ്ടില്ല. അതിനാല്‍ അത് മാലാഖമാര്‍ തങ്ങളുടെ രാജാവിനെയും രാജ്ഞിയെയും വണങ്ങുന്നതാണെന്ന് അവന്‍ മനസ്സിലാക്കി. എന്നാല്‍ മാതാവിനോട് അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല.

ജോസഫ് വിചാരിച്ചത് ശരിയാണെന്ന് മാതാവിന്റെ സംസാരം തെളിയിച്ചു. കാരണം ഒരുവസരത്തില്‍ മാതാവ് പറഞ്ഞു: ‘ദൈവത്തെ സ്തുതിക്കേണ്ടത് എങ്ങനെയെന്ന് മാലാഖമാരുടെ ഗായകസംഘത്തില്‍ നിന്നു പഠിക്കാം.’ അവള്‍ തുടര്‍ന്നു പ റഞ്ഞു: ‘കേള്‍ക്കുന്നില്ലേ ജോസഫ്? എത്ര ആഹ്‌ളാദത്തോടും ഭയഭക്തിജനകമായ ആദരവോടും കൂടിയാണ് അവര്‍ സ്രഷ്ടാവിനെ പുകഴ്ത്തുന്നത?’

മറിയം അതു പറഞ്ഞപ്പോള്‍ ജോസഫിന് ഉറപ്പായി താന്‍ കേട്ട ശ്രുതിമധുരമായ ആ സംഗീതം മാലാഖമാരുടെ സ്തുതിഗീതങ്ങളായിരുന്നു എന്ന്. അവന്‍ പ്രതിവചിച്ചു: ‘എന്റെ പ്രിയ പത്‌നീ, മാലാഖമാരുടെ ഈ ഗാനം എനിക്കു വലിയ സമാശ്വാസവും സന്തോഷവും പ്രദാനം ചെയ്തുവെന്നത് സത്യമാണ്. എങ്കിലും ഞാന്‍ പറയുന്നു, ഹൃദ്യവും മൃദുലവുമായി നീ കീര്‍ത്തനം പാടി കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയത്തിനുണ്ടാകുന്നത്ര ആനന്ദവും ആത്മീയ ഉണര്‍വ്വും മറ്റൊന്നില്‍നിന്നും എനിക്കു ലഭിക്കുകയില്ല. അപ്പോള്‍ എന്റെ ഹൃദയത്തില്‍ അനുഭവപ്പെടുന്ന സ്വര്‍ഗ്ഗീയ അനുഭൂതിയെ ആര്‍ക്കും സങ്കല്പ്പിക്കാനും കഴിയുകയില്ല. നിന്റെ മാധുര്യമേറിയ സ്വരത്തില്‍ സ്തുതിഗീതങ്ങള്‍ ആലപിക്കുമ്പോള്‍ എന്റെ ആത്മാവിനു ലഭിക്കുന്ന ശക്തി ആര്‍ക്കു വിവരിക്കാന്‍ കഴിയും? ഇക്കാര്യത്തില്‍ ആരോടും നിന്നെ ഉപമിക്കാന്‍ തക്കതായി ഞാന്‍ കാണുന്നില്ല. മാലാഖമാര്‍ നടത്തുന്ന ഈ മധുരമായ ഗാനാലാപം നിനക്കു നന്നായി ചേരുന്നുണ്ട്.’

‘മിശിഹായുടെ മാതാവ് എന്ന നിലയ്ക്ക് ദൈവം നിനക്കു സവിശേഷമായ അധികാരങ്ങളും മഹത്തായ പ്രസാദവരങ്ങളും നല്‍കിയിട്ടുണ്ട്. അതില്‍ ഞാന്‍ വളരെയധികം ആഹ്ലാദിക്കുന്നു. വളരെ ഉന്നതമായ ആ വിളിക്ക് ദൈവം നിന്നെ തെരഞ്ഞെടുത്തതില്‍ ഞാന്‍ നിന്നെ ബഹുമാനിക്കുന്നു. തന്നെയുമല്ല അതിന്, അത്യുന്നതനായ ദൈവത്തിന് നിരന്തരം ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, എന്റെ പ്രിയപ്പെട്ടവളെ, ഞാന്‍ നിന്നോടു പറയട്ടെ; എനിക്കുവേണ്ടി ദൈവത്തിനു നന്ദി പറയാന്‍ ഞാന്‍ ഓര്‍മ്മിപ്പിക്കുന്ന. എന്നോട് ദൈവം വലിയ ഔദാര്യം കാണിച്ചു. അയോഗ്യനായിരുന്നിട്ടും നിന്റെ ഭര്‍ത്താവും സംരക്ഷകനുമായിരിക്കാന്‍ അവിടുന്ന് എന്നെ തെരഞ്ഞെടുത്തല്ലോ. ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നല്ലോ. അതിനാല്‍ എന്റെ ബലഹീനതയെ ഓര്‍ത്ത് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ദൈവത്തിന്റെ മഹത്തായ ഈ കൃപകള്‍ക്കും ദാനങ്ങള്‍ക്കും എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.’

ജോസഫ് വളരെ വിനയത്തോടെ പറഞ്ഞ കാര്യങ്ങളെല്ലാം മറിയം ശ്രദ്ധാപൂര്‍വ്വം കേട്ടു. ജോസഫിന്റെമേല്‍ ദൈവം കാരുണ്യപൂര്‍വ്വം വര്‍ഷിച്ചിരിക്കുന്ന വന്‍കൃപകളെയോര്‍ത്ത് അവള്‍ കര്‍ത്താവിനെ വാഴ്ത്തി. ജോസഫ് ആവശ്യപ്പെട്ട കാര്യം നിറവേറ്റുന്നതില്‍ ഒരിക്കലും വീഴ്ചവരുത്തുകയില്ലെന്ന് വാക്കു കൊടുക്കുകയും ചെയ്തു. ഈശോ പിതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന വേളകളിലെല്ലാം ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ജോസഫ് മറിയവുമായി സംസാരിച്ചിരിക്കുക പതിവായിരുന്നു.

യാത്രയിലുടനീളം ഈശോ മുട്ടുകുത്തി പിതാവിനോട് പ്രാര്‍ത്ഥിക്കുകയും മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി അപേക്ഷിക്കുകയും ചെയ്യുക പതിവായിരുന്നു. ആ സമയത്തെല്ലാം ജോസഫും മറിയവും ദൈവികകാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ടായിരുന്നു. മറിയവുമായി സംഭാഷണം നടത്തുന്നതില്‍ ജോസഫിന് വളരെയേറെ സന്തോഷമായിരുന്നു. കാരണം അതുവഴി ആത്മാവിന് പല നേട്ടങ്ങളും ലഭിച്ചിരുന്നു. അതിന്റെ ഫലമായി ചില സന്ദര്‍ഭങ്ങളില്‍ അവര്‍ ഈശോയോടൊത്ത് പ്രാര്‍ത്ഥനയില്‍ ഒന്നുചേരുകയും ചെയ്തിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles