ജറുസലേമിലെത്തിയ വി. യൗസേപ്പിതാവ് ദൈവത്തെ സ്തുതിച്ച് നന്ദിയര്‍പ്പിച്ചത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-137/200
ഇതിനോടകം പിതാവിന്റെ ഊഷ്മളമായ സ്‌നേഹത്താല്‍ ജ്വലിച്ചുകൊണ്ടിരുന്ന ജോസഫിന്റെ ഹൃദയത്തെ ഈശോയുടെ വാക്കുകള്‍ ഒന്നുകൂടി ഉജ്ജ്വലിപ്പിച്ചു. ദൈവത്തോടുള്ള നന്ദിയും സ്‌നേഹവും കൊണ്ട് നിറഞ്ഞുകവിയുകയും ചെയ്തു. അനുഗരഹപൂര്‍ണ്ണമായ ആ സ്‌നേഹാഗ്നിജ്ജ്വാലയാല്‍ എരിഞ്ഞുതീര്‍ന്നിരുന്നെങ്കില്‍ എന്ന് ജോസഫ് അഭിലഷിക്കുകയും ചെയ്തു. സ്‌നേഹത്തിന്റെ അഗ്നിജ്ജ്വാലകളാല്‍ വലയം ചെയ്യപ്പെട്ട് ആത്മീയാനന്ദത്തില്‍ മതിമറന്ന ജോസഫ് മറിയത്തോടും ഈശോയോടും ഇങ്ങനെ പറഞ്ഞു: ‘നീയും നിന്റെ പിതാവും സ്‌നേഹിക്കപ്പെടാനും എല്ലാവരാലും അറിയപ്പെടാനും ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഹാ, ആ ഒരു ചിന്തയില്‍ അതോര്‍ത്ത് എന്റെ ഹൃദയം എപ്പോഴും അസ്വസ്ഥമായിരിക്കുകയാണ്.’
ജോസഫിനെ സാന്ത്വനപ്പെടുത്തിക്കൊണ്ട് ഈശോ ഇപ്രകാരം ഉദ്‌ഘോഷിച്ചു: ‘എന്റെ വാത്സല്യപിതാവേ, ആശ്വസിച്ചാലും. നിശ്ചയമായും അനേകരാല്‍ അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യും. ആര്‍ക്കും അളക്കാനാവാത്ത സ്‌നേഹമാbണ് മനുഷ്യമക്കളോട് ഞങ്ങള്‍ക്കുള്ളത്. അക്ഷയമായ നന്മകളാണ് അവരുടെമേല്‍ വര്‍ഷിക്കുന്നത്. അതുവഴി ലോകമാകെ ദൈവത്തെ അറിയുകതന്നെ ചെയ്യും.’ ഈ വാക്കുകള്‍ ജോസഫിന് വലിയ ആശ്വാസം പകര്‍ന്നു. ഹര്‍ഷോന്മാദജനകമായ ആ സന്ദേശം കേട്ട് സ്വര്‍ഗ്ഗത്തിലേക്ക് കരങ്ങളുയര്‍ത്തി നന്ദി പറഞ്ഞു. തുടര്‍ന്ന് ഈശോയെ നോക്കി പറഞ്ഞു: ‘എന്ത് അപാരമായ ആനന്ദമാണ് എന്റെ ആത്മാവില്‍ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്! ദൈവത്തോടും ക്രിസ്തുവിനോടും ഭൂമിയില്‍ വ്യാപകമായി സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരു സമയം വരും എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു!
ദൈവത്തെ സ്തുതിക്കാനും കര്‍ത്താവിനു നന്ദി പറയാനും ജോസഫ് ഈശോയോടും മാതാവിനോടും ആവശ്യപ്പെട്ടു. ദൈവതിരുസന്നിധിയില്‍ കാഹളം മുഴക്കുന്ന മാലാഖമാരുടെ ഗായകസംഘത്തെയും ക്ഷണിച്ചു. അതുപോലെ ഭൂമിയിലുള്ള സമസ്തചരാചരങ്ങളോടും തങ്ങളോടൊപ്പം കര്‍ത്താവിനെ പുകഴ്ത്തുവാന്‍ അവന്‍ നിര്‍ദ്ദേശം കൊടുത്തു. സമ്പൂര്‍ണ്ണ ദൈവസ്‌നേഹത്തില്‍ വശംവദനായി നിറഞ്ഞുനില്‍ക്കുന്ന ജോസഫിനെ കണ്ട് ഈശോ അത്യധികം സന്തോഷിച്ചു. ജോസഫിനെ സ്‌നേഹപൂര്‍വ്വം ആലിംഗനം ചെയ്തുകൊണ്ട് അതു പ്രകടിപ്പിക്കുകയും ചെയ്തു.
മറിയത്തെക്കുറിച്ചും ദൈവത്തോടുമുള്ള അവളുടെ അകമഴിഞ്ഞ അത്ഭുത സ്‌നേഹപ്രതിഭാസങ്ങളെക്കുറിച്ചും ഇവിടെ വിവരിക്കുന്നില്ലെങ്കിലും മറിയത്തിന്റെ ജീവിതവും അവളുടെ അന്തരംഗവും എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അനുമാനിക്കാവുന്നതേയുള്ളു. ജോസഫിന്റെ ഹൃദയഭാവത്തില്‍ നിന്ന് മറിയത്തെ മനസ്സിലാക്കാന്‍ കഴിയും, ജോസഫിന്റെ ആത്മാവിനെ ദൈവം അത്രമാത്രം മഹത്തരമായി രൂപാന്തരപ്പെടുത്തിയെങ്കില്‍ പരിശുദ്ധ ദൈവമാതാവില്‍ നിന്ന് എത്രയോ അധികമായി ദൈവികപുണ്യങ്ങള്‍ അവിടുന്ന് പുറപ്പെടുവിക്കാതിരിക്കുകയില്ല. എത്ര പരിശുദ്ധമായ സ്‌നേഹം! എത്ര തീക്ഷ്ണവും ഉല്‍ക്കടവുമായ അഭിലാഷങ്ങള്‍ ആ വിമലഹൃദയത്തില്‍ പരിലസിക്കുന്നുണ്ടാകും. ഭൂമിയില്‍ ഈശോ ആശ്വാസം കണ്ടെത്തിയത് മറിയത്തിന്റെ വിമലഹൃദയത്തിലാണ്. ഈശോ അവിടുത്തെ മനസ്സിന് സാന്ത്വനവും ആത്മാവില്‍ ആനന്ദവും കണ്ടെത്തിയത് മറിയത്തിലാണ്.
സ്‌നേഹം മനുഷ്യരൂപമെടുത്ത രണ്ടു വ്യക്തികളുടെയിടയില്‍ ജീവിക്കുന്നതു പരിഗണിക്കുമ്പോള്‍ ജോസഫ് സദാസമയവും സ്‌നേഹജ്വാലയാല്‍ ജ്വലിച്ചിരുന്നതില്‍ ആശ്ചര്യപ്പെടാനില്ല. സത്യമായും ജോസഫ് അനുഗൃഹീതന്‍ തന്നെയായിരുന്നു. തന്റെ സൗഭാഗ്യകരമായ ആ നല്ല ഭാവിയെക്കുറിച്ച് ജോസഫിന് നല്ല നിശ്ചയമുണ്ടായിരുന്നു. മിക്കപ്പോഴും അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തിരുന്നു: ‘എന്റെ കര്‍ത്താവേ, എനിക്ക് ഇതെല്ലാം ലഭിക്കാന്‍ ഞാന്‍ ആരാണ്?’ അതുപോല പല സന്ദര്‍ഭങ്ങളിലും കുറച്ചുസമയം സ്വര്‍ഗ്ഗത്തിലേക്കു നോക്കിനിന്നശേഷം അവന്‍ നിലത്തു വീണുകിടന്ന് കര്‍ത്താവിനെ ആരാധിച്ചുകൊണ്ട് തന്റെ നിസ്സാരതയെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. പുതിയപുതിയ കൃപകള്‍ക്കായി ജോസഫ് തന്നെത്തന്നെ നിരന്തരം ഒരുക്കിക്കൊണ്ടിരുന്നു എന്ന് ഇത്തരം പ്രവൃത്തികള്‍ വിളിച്ചറിയിക്കുന്നു.
രാത്രിയിലെ താമസത്തിന് പട്ടണത്തില്‍ ജോസഫ് ഒരു സത്രം ഏര്‍പ്പാടാക്കിയിരുന്നു. അവിടെനിന്നു ലഭിച്ച അല്പം റൊട്ടിയും പച്ചക്കറികളും കഴിച്ച് അവര്‍ തല്‍ക്കാലം വിശപ്പടക്കി. ആ രാത്രി ഭാഗികമായി പ്രാര്‍ത്ഥനയിലും ബാക്കിസമയം മയക്കത്തിലും അവര്‍ ചെലവഴിച്ചു. പിറ്റേന്ന് അതിരാവിലെതന്നെ പ്രാര്‍ത്ഥിക്കാന്‍ ദൈവാലയത്തിലേക്കു പോയി. അങ്ങനെ ജോസഫ് വീണ്ടും പ്രത്യക്ഷമായ പുതിയ കൃപകള്‍ ദൈവത്തില്‍നിന്ന് ആര്‍ജ്ജിച്ചു. അന്ന്, മറിയവുമായുള്ള തന്റെ വിവാഹനിശ്ചയം നടക്കുന്നതിന് മുമ്പുതന്നെ ഈ കൃപകളെല്ലാം ദൈവം തന്റെമേല്‍ വര്‍ഷിച്ചിരുന്ന കാര്യം ജോസഫിന്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞു. പിന്നീട് ഈ ദൈവാലയത്തില്‍വച്ച് വിവാഹം നടന്നപ്പോള്‍ അനേകരെ സാക്ഷിയാക്കിക്കൊണ്ട്, അത്ഭുതപ്രവൃത്തിയിലൂടെ അത് അവിടുന്ന് പ്രസ്പഷ്ടമാക്കിയതും അനുസ്മരിച്ചുകൊണ്ട് ജോസഫ് ദൈവത്തിന് നന്ദിപറഞ്ഞു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.