തിരുക്കുടുംബത്തോടൊപ്പം വി. യൗസേപ്പിതാവിന്റെ ജറുസലേം ദൈവാലയ സന്ദര്‍ശനത്തെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-136/200
മാര്‍ഗ്ഗമദ്ധ്യേ അവര്‍ ദൈവഹിതം മനസ്സിലാക്കുകയും ജറുസലേമിലേക്കു പോകുകയും ചെയ്തു. ജറുസലേമില്‍ എത്തിച്ചേര്‍ന്ന ഉടനെതന്നെ തീര്‍ത്ഥാടകര്‍ നേരെ ദൈവാലയത്തില്‍ പ്രവേശിച്ച് തങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിച്ചു. അവരെ ശ്രദ്ധിച്ച ചിലര്‍ക്ക് ദിവ്യശിശുവിന്റെ സൗന്ദര്യവും മഹമയും പ്രതാപവും കണ്ട് ആദരവു തോന്നി. അതുപോലെതന്നെ പരിശുദ്ധമാതാവിനോടും, കാരണം പ്രായം കൂടുന്നതനുസരിച്ച് ഈ ഗുണവിശേഷങ്ങളെല്ലാം അവളില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്. തിരുക്കുടുംബത്തിലെ ഓരോരുത്തരും തളര്‍ന്നിരിക്കുന്നു എന്നും അവശ്യസാധനങ്ങള്‍ ഇല്ലാതവരാണെന്നും ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്നുണ്ട്. എന്നിരുന്നാലും ഒരു മനുഷ്യനും അവര്‍ക്ക് ആശ്വാസം കൊടുക്കുവാനോ സഹായിക്കാനോ തയ്യാറായില്ല. ദാഹിച്ചും വിശന്നും തളര്‍ന്ന ഈശോയും മാതാവും ജോസഫും പ്രാര്‍ത്ഥനയ്ക്കായി ദൈവാലയത്തില്‍ മുട്ടുകുത്തി.
ആ പരിശുദ്ധ ആലയത്തില്‍വച്ച് ദൈവം തന്റെ സ്വര്‍ഗ്ഗീയ നടത്തിപ്പിനെക്കുറിച്ചുള്ള വിശുദ്ധവും മഹത്തരവുമായ നിഗൂഢഹരഹസ്യങ്ങള്‍ ജോസഫിനു വെളിപ്പെടുത്തി. അത്യുന്നതനായ ദൈവത്തിന്റെ ആജ്ഞകളെ സമ്പൂര്‍ണ്ണമായി വിശ്വസിച്ച് അനുസരിക്കുക വഴി തനിക്കു ലഭിക്കാനിരിക്കുന്ന സുകൃതങ്ങള്‍ മഹത്തരമാണെന്ന് ജോസഫ് വ്യക്തമായി ദര്‍ശിച്ചു. ദൈവത്തിന്റെ മുമ്പില്‍ താന്‍ എത്രമാത്രം പ്രീതിപാത്രമായിരിക്കുന്നു എന്ന് അവന് വെളിപ്പെടുത്തി കിട്ടി. ഇത് അദ്ദേഹത്തിന്റെ ഉള്ളില്‍ വലിയ ആനന്ദത്തിനു പ്രേരകമായിത്തീരേണ്ടതായിരുന്നു. എങ്കിലും ഒരുതരം പരിഭ്രമമാണ് ഉളവാക്കിയത്. കാരണം ഈ സുകൃതങ്ങള്‍ക്കൊന്നും അര്‍ഹനാകാന്‍ താന്‍ യോഗ്യനല്ല എന്ന മനോഭാവത്തിലായിരുന്നു ജോസഫ്. അതിനാല്‍ തന്നെത്തന്നെ കൂടുതല്‍ എളിമപ്പെടുത്തുകയും തന്റെ ബലഹീനതകളെക്കുറിച്ച് ധ്യാനിക്കുകയും ദൈവം വര്‍ഷിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു. ഇത്ര ഉന്നതമായ നന്മകള്‍ക്കും അപാരമായ സ്‌നേഹത്തിനും അര്‍ഹനായിത്തീരുക എത്ര അസാദ്ധ്യമായ സംഗതിയാണ് എന്ന് തിരിച്ചറിയുകയും ചെയ്തു. ഇക്കാര്യങ്ങളോര്‍ത്തു സാഷ്ടാംഗം പ്രണമിച്ച് മുഖം നിലത്തമര്‍ത്തി കര്‍ത്താവിനെ ആരാധിച്ചു.
നിറകണ്ണുകളോടെ അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘അത്യുന്നതനായ ദൈവമേ, സര്‍വ്വശക്തനായ കര്‍ത്താവേ, ഈ കൃപകളെല്ലാം എനിക്ക് എങ്ങനെ ലഭിച്ചു. ശ്രേഷ്ഠവും മഹനീയവുമായ ഈ പദവിക്കു മറ്റുള്ളവരേക്കാള്‍ ഞാന്‍ എങ്ങനെ അര്‍ഹനായിത്തീര്‍ന്നു? ഓ! എന്റെ ദൈവമേ! അങ്ങേക്കല്ലാതെ മറ്റാര്‍ക്കാണ് ഇത്ര മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുക? ഏകസത്യദൈവം അങ്ങു മാത്രമാണ്. അങ്ങു മാത്രമാണ് അനന്തനന്മസ്വരൂപന്‍!’ ആ സമയത്ത് ആത്മാവിനാല്‍ പ്രചോദിതമായ ഉല്‍ക്കടവും വികാരോജ്ജ്വലവുമായ നെടുവീര്‍പ്പുകളാല്‍ ജോസഫ് തന്റെ പ്രാര്‍ത്ഥനകളും നന്ദിപ്രകാശനങ്ങളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു. ഈശോയും മാതാവും അവരുടേതായ യാചനകളും സ്തുതികളും പിതാവിന്റെ സന്നിധിയില്‍ അര്‍പ്പിച്ചുതീരുന്നതുവരെ ജോസഫും പ്രാര്‍ത്ഥനയില്‍ തുടര്‍ന്നു.
ഒരു പ്രാവശ്യം ദൈവാലയത്തില്‍നിന്നു പുറത്തിറങ്ങുമ്പോള്‍, ദൈവം ജോസഫിന്റെ മേല്‍ വര്‍ഷിച്ച അസാധാരണ കൃപകള്‍ മറച്ചുവയ്ക്കാന്‍ കഴിയാത്തവിധം പ്രകടമായിരുന്നു. കൂടാതെ ആരും കാണുകയില്ല എന്ന് ഉറപ്പുള്ള ഒരു സ്ഥലത്തെത്തിയപ്പോള്‍ ജോസഫ് ഈശോയുടെ മുമ്പില്‍ പ്രണമിച്ചുകൊണ്ടു പറഞ്ഞു: ‘നിസ്സാരനായ ഈ ദാസന് വലിയ അനുഗ്രഹങ്ങളെല്ലാം നല്‍കുവാന്‍ തിരുമനസ്സായ സ്വര്‍ഗ്ഗീയ പിതാവിനോട് എനിക്കുവേണ്ടി നന്ദി പറയണം.’ അതുപോലെ തന്നെ മറിയത്തോടും അഭ്യര്‍ത്ഥിച്ചു. മറിയം അത് നേരത്തെതന്നെ ചെയ്തുകഴിഞ്ഞു എന്ന് പറഞ്ഞു.
ജോസഫ് പറഞ്ഞതുപോലെ ചെയ്യാമെന്ന് ഈശോ വാക്കു കൊടുത്തു. കൂടാതെ ഇങ്ങനെയുംകൂടി പറഞ്ഞു: ‘എന്റെ പ്രിയപ്പെട്ട അപ്പാ, സ്വര്‍ഗ്ഗീയപിതാവ് പരിധിയില്ലാത്തവിധം ഉദാരമതിയാണെന്ന് അങ്ങ് അറിയുന്നില്ലേ? ഒരു വലിയ പ്രതിഫലം അങ്ങേക്കായി കരുതിവച്ചിട്ടുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞ കാര്യം ഓര്‍ക്കുന്നില്ലേ? അങ്ങ് അത് ആഗ്രഹിക്കുന്നില്ലെങ്കില്‍പ്പോലും ഈ യാത്രയില്‍ അവിടുന്നു നേരിട്ട പരീക്ഷണങ്ങള്‍ക്ക് ഇവിടെവച്ചുതന്നെ പ്രതിഫലം സ്വീകരിക്കാന്‍ കഴിയും. സ്വര്‍ഗ്ഗത്തില്‌നിന്നു ലഭിച്ച ഈ വലിയ സാന്ത്വനത്തെ ഓര്‍ത്തു സന്തോഷിക്കുക. നിശ്ചയമായും അങ്ങു പ്രകടിപ്പിച്ച ഉദാത്തമായ സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും അനിതരസാധാരണമായ അനുസരണത്തിനും ഉത്ക്കടമായ ഔത്സുക്യത്തിനും അനുഭവിക്കുന്ന കഠിനമായ സഹനങ്ങള്‍ക്കും ദൈവത്തില്‍നിന്നു നേടിയെടുത്ത സമ്മാനംതന്നെയാണിത്. എന്റെ സ്വര്‍ഗ്ഗീയപിതാവ് അനന്തനന്മസ്വരൂപനും സ്‌നേഹസമ്പൂര്‍ണ്ണനുമാകയാല്‍ പുതിയ കൃപകളും പ്രകടമായ അനുഗ്രഹങ്ങളും എപ്പോഴും അങ്ങേക്കു പ്രതീക്ഷിക്കാം.’
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.