വി. യൗസേപ്പിതാവ് തിരുക്കുടുംബത്തില്‍ അനുഭവിച്ച അവര്‍ണ്ണനീയമായ ആനന്ദത്തെകുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-126/200

അങ്ങനെ ജോസഫിന് അവസാനം തെല്ലൊരാശ്വാസം തിരിച്ചുകിട്ടിയപ്പോൾ ഈശോയോടു പറഞ്ഞു:”എന്റെ പൊന്നോമന മകനേ, എന്റെ അടുത്തുനിന്നു നിന്നെ അകറ്റുന്ന സംഭവത്തിന് ഒരിക്കലും അനുവദിച്ചു കൊടുക്കരുത്. നിന്റെ സ്നേഹത്തിനു പ്രതിഫലം നല്കാൻ ഞാൻ പ്രാപ്തനല്ലെങ്കിലും അത് എന്റെ അവകാശമാണ്. ആ മനുഷ്യരുടെ കൂടെ ജീവിക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവരെയുംകാൾ നീ മിടുക്കനായിത്തീരും. എന്നാൽ നീ ഈ ലോകത്തിന്റെ ആനന്ദമോ സന്തോഷമോ ഇഷ്ടപ്പെടാൻ വന്നവനല്ല, മറിച്ചു സ്നേഹവും ദാരിദ്ര്യവുമാണ് നീ ഇഷ്ടപ്പെടുന്നത് എന്നെനിക്കറിയാം. അതിനാൽ, നിർദ്ധനനായ ഈ ദാസന്റെ കൂടെ കഴിയുമെന്ന് എനിക്കു നല്ല പ്രതീക്ഷയുണ്ട്.”

ഈശോ മുന്നോട്ടുവന്ന് ജോസഫിനെ സമാശ്വസിപ്പിച്ചു. എല്ലാ കാര്യങ്ങളിലും എല്ലായ്പ്പോഴും മകനായി കീഴ്വഴങ്ങി ജീവിച്ചുകൊള്ളാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. ഈശോയുടെ ആശ്വാസവാക്കുകൾ കേട്ട് ജോസഫിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ നന്ദി പറഞ്ഞു. ഈ സമയത്തു മാതാവ് അവരുടെ അടുത്തേക്കു വന്നു; നടന്നതെല്ലാം അവളോടു പറഞ്ഞു. ഹൃദയം കൊണ്ട് മറിയം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിലും എല്ലാം താല്പര്യപൂർവ്വം ശ്രദ്ധിച്ചു കേട്ടു.

ജോസഫിനോടൊത്തു പണിപ്പുരയിൽ ജോലിക്കു പോകേണ്ടതായിരുന്നെങ്കിലും പല സമയങ്ങളിലും തിരുക്കുമാരൻ മാതാവിന്റെ അടുക്കൽ തങ്ങി; എന്തെന്നാൽ, തന്റെ അമ്മയുടെ ആശ്വാസത്തിന് ഈശോയുടെ സാന്നിദ്ധ്യം അപ്പോൾ ആവശ്യമായിരുന്നു; മാതാവുമായി വിശുദ്ധ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. തത്സമയത്തു ഈശോയുടെ സാന്നിദ്ധ്യത്തിനുവേണ്ടി ജോസഫ് വളരെയധികം ആഗ്രഹിക്കുന്നുണ്ടായിരുന്നു. തന്റെ മാനസികാവസ്ഥ മനസ്സിലാക്കിയപ്പോൾ ജോസഫ് തന്നോടുതന്നെ പറഞ്ഞു: “അവൻ എന്നോടുകൂടെ പണിപ്പുരയിൽ ആയിരുന്ന സന്ദർഭങ്ങളിൽ ദൈവപുത്രന്റെ മാതാവ് അവനെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം എത്രയധികം സഹിച്ചിട്ടുണ്ടാകും! അതിനാൽ നിശ്ചയമായും ഇപ്പോൾ അവൾ ഈശോയുടെ സാന്നിദ്ധ്യത്തിലും വിശുദ്ധ സംസാരത്തിലും ആശ്വാസമനുഭവിക്കേണ്ടത് അനിവാര്യമാണ്.”

അപൂർവ്വം ചില സന്ദർഭങ്ങളിൽ, ജോസഫ് തന്റെ പണിപ്പുരയിൽനിന്നു പരിസരബോധം മറന്ന് കൂടാരത്തിൽ ഈശോയുടെയും മാതാവിന്റെയും അടുക്കൽ വന്നിരുന്നു സംസാരിച്ചുകൊണ്ടിരിക്കും. എന്നാൽ, തന്റെ അവസ്ഥ മനസ്സിലാക്കി പരിസരബോധം തിരിച്ചുകിട്ടുമ്പോൾ അവൻ അവരോടു ക്ഷമ ചോദിക്കുകയും സ്നേഹത്തിനു വേണ്ടിയുള്ള ഹൃദയത്തിന്റെ ദാഹത്തിൽ അറിയാതെ അങ്ങനെ സംഭവിച്ചതാണെന്നു പറയുകയും ചെയ്തിരുന്നു.

അങ്ങനെയുള്ള സന്ദർഭങ്ങളിൽ മാതാവും ഈശോയും ജോസഫിനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും അവന്റെ സംസാരത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു. അതുവഴി അവന്റെ ഹൃദയം വലിയ ആശ്വാസവും ആനന്ദവും കൊണ്ടു നിറയുക പതിവായിരുന്നു. അപ്പോൾ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ജോലിയിലേക്കു തിരിച്ചുപോകും. തന്റെ ആത്മാവിനു ലഭിച്ച സമാശ്വാസത്തെക്കുറിച്ചുള്ള ചിന്തകളിൽ മനസ്സ് വ്യാപൃതമാകുമ്പോൾ ജോലിഭാരവും പണിയെടുത്തു തളർന്ന ക്ഷീണാവസ്ഥയും അവൻ മറന്നുപോയിരിക്കും. ദുഖമോ ക്ഷീണമോ അനുഭവപ്പെടാൻ സ്നേഹത്തിൽ നിന്ന് ആവിർഭവിച്ച അത്തരം ചിന്തകൾ അനുവദിച്ചിരുന്നില്ല. നേരെ മറിച്ചു, അവന്റെ ആയാസകരമായ ഉദ്യമങ്ങളെല്ലാം സ്വർഗീയ പിതാവിന്റെ തിരുഹിതം നിറവേറ്റുന്നതിനാണെന്നുള്ള ബോധ്യത്തിൽ സംതൃപ്തി കണ്ടെത്തിയിരുന്നു. തന്റെ പരിശ്രമങ്ങളെല്ലാം ദൈവസുതന്റെയും പരിശുദ്ധ മാതാവിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും ദരിദ്രരായ മനുഷ്യരെ സഹായിക്കാനും വേണ്ടിയായതിനാൽ സ്വർഗീയ പിതാവിന്റെ ആജ്ഞകളാണ് താൻ നിർവഹിക്കുന്നതെന്നു സുവ്യക്തമായ കാഴ്ചപ്പാട് ഇക്കാര്യത്തിൽ ജോസഫിന് ലഭിച്ചിരുന്നു. ഈശോയും മാതാവും അതിൽ സന്തോഷിക്കുകയും ചെയ്തിരുന്നു.

ജോസഫ് തനിക്കുവേണ്ടി ചെയ്യുന്ന കഷ്ടപ്പാടുകളെക്കുറിച്ചു മാതാവ് എപ്പോഴും നന്ദിയുള്ളവളും സ്നേഹമുള്ളവളുമാണെന്നു മറിയം പല അനുഭവങ്ങളിലൂടെയും പ്രകടമാക്കിയിരുന്നു. അതിൽ ജോസഫ് അത്യന്തം സന്തോഷവാനായിരുന്നു; അതോടൊപ്പം കുറച്ചൊക്കെ ജാള്യതയും അനുഭവപ്പെടാതിരുന്നില്ല. എങ്കിലും തന്റെ എളിമയാൽ അവരെക്കാൾ താൻ അയോഗ്യനാണെന്നാണ് അവൻ കരുതിയത്. അവൻ മറിയത്തോടു പറഞ്ഞതും അങ്ങനെതന്നെയാണ്; നന്ദി സ്വീകരിക്കാനോ അഭിനന്ദനത്തിനോ താൻ അർഹനല്ല എന്നാണ്. താൻ ചെയ്യുന്ന നല്ല കാര്യങ്ങളുടെയൊന്നും അംഗീകാരത്തിനും ബഹുമതിക്കും അർഹനല്ല എന്ന് എടുത്തുപറയുന്നത് ജോസഫിന്റെ വിനയപൂർണ്ണമായ സ്വഭാവംതന്നെയായിരുന്നു. ഈശോയുടെയും മാതാവിന്റെയും അനുദിന ആവശ്യങ്ങൾ നടത്തികൊടുക്കുന്നതുതന്നെ വലിയ അനുഗ്രഹമാണെന്നാണ് ജോസഫ് പറഞ്ഞത്.

വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും പഴങ്ങളും മറ്റും വാങ്ങി വരുന്നതു കാണുമ്പോൾ, ഈശോ ഓടി വന്ന് തന്റെ അനുഗ്രഹീതമായ കരങ്ങൾ കൊണ്ടു ജോസഫിനെ കെട്ടിപ്പിടിച്ചുകൊണ്ടു പറയും “അങ്ങു കാണിക്കുന്ന ഈ സ്നേഹത്തിനെല്ലാം എന്റെ സ്വർഗ്ഗസ്ഥനായ പിതാവു വലിയ പ്രതിഫലം നല്കാതിരിക്കുകയില്ല.” അതു കേട്ടപ്പോഴുണ്ടായ സന്തോഷംകൊണ്ടു മതിമറന്ന് ജോസഫിനു തന്റെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അപാരമായ ആനന്ദവും സമാശ്വാസവുമാണ് അനുഭവപ്പെട്ടത്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles