വി. യൗസേപ്പിതാവ് എപ്പോഴും കണ്ണീരോടെ പ്രാര്‍ത്ഥിച്ചിരുന്നത് എന്തിനായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-123/200
ജോസഫ് ഈശോയെ കൈക്കുപിടിച്ചുകൊണ്ടു തെരുവിലൂടെ നടന്നു നീങ്ങുമ്പോൾ പല പ്രമുഖ വ്യക്തികളും അവരുടെ അവരുടെ ഭവനത്തിലേക്കു ക്ഷണിക്കുക പതിവായിരുന്നു. കാരണം കുട്ടിയെ അടുത്തുകാണുവാനും അതിന്റെ ആനന്ദം അനുഭവിക്കാനുമായിരുന്നു അവർ അങ്ങനെ ചെയ്തത്. എന്നാൽ പല സന്ദർഭങ്ങളിലും ജോസഫ് അത് വിനയപൂർവ്വം നിരസിക്കുകയാണുണ്ടായത്. എങ്കിലും, ഏതെങ്കിലും സ്ഥലത്തു കുട്ടികളോടൊത്തു ആ ഭവനത്തിൽ പ്രവേശിക്കണമെന്നു ഈശോ ആഗ്രഹം പ്രകടിപ്പിച്ചാൽ ജോസഫ് സന്തോഷത്തോടെ അവരുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. ഉടനെ ആ വീട്ടിലുള്ള എല്ലാവരും ഓടി വന്ന് ഈശോയെ കാണുകയും സന്തോഷാധിക്യത്താൽ നിറയുകയും ചെയ്തിരുന്നു.
ഈശോ എല്ലാവരോടും വളരെ സന്തോഷത്തോടെയാണ് ഇടപെട്ടിരുന്നത്. എങ്കിലും ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുതാനും; അതിനാൽ ആരും പെട്ടെന്ന് ഓടിവന്ന് കുട്ടിയെ ആലിംഗനം ചെയ്യാനൊന്നും മുതിർന്നില്ല. മറ്റു കുട്ടികളോടു കാട്ടുന്നതുപോലെ ഓടിച്ചെന്നു വാരിപ്പുണരാനൊന്നും ആർക്കും ധൈര്യം വന്നില്ല. ഈശോയുടെ ലാളിത്യവും പ്രതാപവും മഹിമയും കാണുന്ന എല്ലാവരുടെയും ഹൃദയത്തിൽ തിരുക്കുമാരൻ പശ്ചാത്താപം ഉളവാക്കിയിരുന്നു എന്നതാണ് അതിനു കാരണം. എന്നാൽ കുട്ടികളോട് ഈശോ ഏറ്റം ആത്മവിശ്വാസത്തോടെയാണ് പെരുമാറിയിരുന്നത്. അവൻ അവരെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും അവർ അവനോടു ഏറ്റം അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. ഈശോ എവിടെപ്പോയാലും അവരും അവനോടൊപ്പം പോകാൻ ഇഷ്ടപ്പെട്ടിരുന്നു. അവനെ വിട്ടു പോകാൻ അവർക്കു മടിയായിരുന്നു.
അതുകൊണ്ട് കൊച്ചുകൂട്ടുകാർക്കെല്ലാം നന്ദി പറഞ്ഞശേഷം അവരെ വിട്ടു പോകുന്നതിന് വിനയപൂർവ്വം ഈശോ യാത്ര ചോദിക്കും. ചിലപ്പോഴൊക്കെ അവരിൽ പലരെയും കൂടെ കൂട്ടികൊണ്ടുപോരുകയും ചെയ്യും. ഇത്രയും കൃപാപൂർണ്ണനായ ഒരു കുഞ്ഞിന്റെ പിതാവാകാൻ കഴിഞ്ഞതിൽ ആളുകൾ ജോസഫിനെ അഭിനന്ദിക്കുകയും കുട്ടിയെ പ്രത്യേകം കരുതിക്കൊള്ളണമെന്ന് ഉപദേശിക്കുകയും ചെയ്യുമായിരുന്നു. ആ നഗരത്തിലെ ഏറ്റം ആദരണീയരായ പ്രമുഖവ്യക്തികൾക്കുപോലും ജോസഫിനോട് അസൂയ തോന്നിയിരുന്നു. കാരണം, അവന്റെ കൂടെയുള്ളവനിൽനിന്നു പ്രസരിച്ചിരുന്ന ദൈവചൈതന്യത്തിന്റെ പരമാനന്ദസന്തോഷം അത്ര ആകർഷകവും ആശ്ചര്യജനകവുമായിരുന്നു!
അവരുടെ വീടുകളിൽനിന്നു തിരിച്ചു പോരുമ്പോൾ അവർ തന്നോടു കാണിക്കുന്ന സൗഹൃദവും ഈശോയോട് പ്രകടിപ്പിക്കുന്ന അകമഴിഞ്ഞ സ്നേഹവും എത്ര ഹൃദ്യമാണെന്ന് ജോസഫ് ചിന്തിക്കുകയും ആനന്ദിക്കുകയും ചെയ്തു. എന്നാൽ, അതോടൊപ്പം മനസ്സിൽ മറ്റൊരു ചിന്ത അവനെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തിരുന്നു. സത്യദൈവത്തെ അറിയാൻ കഴിയാത്ത ആ മനുഷ്യരുടെ ദയനീയാവസ്ഥ ഓർത്തു അവൻ സങ്കടപ്പെട്ടു. വളരെ സഹതാപത്തോടെ അവർക്കു വേണ്ടി മനമുരുകി കരഞ്ഞു പ്രാർത്ഥിക്കുകയും സ്വർഗീയ പിതാവിന്റെ മുമ്പിൽ യാചനകൾ സമർപ്പിച്ചു അവരെ അനുഗ്രഹിക്കാൻ ഈശോയോട് പറയുകയും ചെയ്തു.
അപ്രകാരംതന്നെ, ഈശോയെ സ്വന്തമാക്കിയിരിക്കുന്ന പിതാവ് എന്ന ആദരവോടെ തന്നെ ബഹുമാനിക്കുന്ന മനുഷ്യരെ കണ്ടുമുട്ടുമ്പോഴെല്ലാം ജോസഫ് ദൈവത്തോട് അപേക്ഷിക്കും: “എന്റെ ദൈവമേ, അവരുടെ ഹൃദയവിചാരങ്ങൾ അങ്ങയെ അറിയിക്കുവാൻ ശരിക്കും അവർക്കു കഴിയുന്നില്ല.ഇവർ അങ്ങയെ അറിയുവാനും അങ്ങയുടെ സ്നേഹത്തിൽ നിറയുവാനും എനിക്കു എന്തു ചെയ്യുവാൻ കഴിയും? ഇതാ കർത്താവേ, എന്റെ ജീവൻതന്നെയും അവരുടെ മാനസാന്തരത്തിനായി നഷ്ടപ്പെടുത്താനും ഞാൻ ഒരുക്കമാണ്.”
ജോസഫ് തന്റെ ഹൃദയത്തിൽ എപ്പോഴും വളരെ തീക്ഷ്ണതാപൂർവ്വം അവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പലപ്പോഴും കണ്ണീരിൽ കുതിർന്ന ജോസഫിനെയാണ് മനുഷ്യർ ദർശിച്ചിരുന്നത്. എന്താണ് അവന്റെ സങ്കടത്തിനു കാരണമെന്ന് അവർ തിരക്കുമായിരുന്നു. എല്ലാ മനുഷ്യരും സന്തോഷത്തിൽ കഴിയണമെന്നാണ് താൻ അതിയായി ആഗ്രഹിക്കുന്നത്; പക്ഷേ മനുഷ്യർക്ക് അത് മാത്രം ലഭിക്കുന്നില്ല, അതാണ് തന്നെ അലട്ടുന്ന ദുഃഖകാരണമെന്ന് അവൻ മറുപടി പറയും. പക്ഷേ, ജോസഫിന്റെ വാക്കുകളുടെ അർത്ഥമെന്തെന്ന് അവർക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. ചില ആളുകൾ മനസ്സിലാക്കിയത് അവൻ ഭൗതികനേട്ടങ്ങളെകുറിച്ചാണ് ചിന്തിക്കുന്നതെന്നാണ്. തല്ഫലമായി അവരിൽ ഒരാൾ ഇങ്ങനെ പറയുകയും ചെയ്തു: “എത്ര സരളഹൃദയനായ മനുഷ്യനാണ് അയാൾ. അയാൾ ദരിദ്രനായ മനുഷ്യനാണ്. എല്ലാവരും ദാരിദ്യത്തിൽ കഴിയുന്നല്ലോ എന്ന് അയാൾ ചിന്തിച്ചു വിഷമിക്കുന്നു.”
എപ്പോഴെങ്കിലും അധർമ്മികളായ മനുഷ്യരെ കണ്ടുമുട്ടാൻ ഇടയായാൽ ജോസഫ് അവരുടെ വക്രതയെക്കുറിച് കൂടുതൽ ജാഗ്രതയുള്ളവനായിരിക്കും. എന്തെന്നാൽ, അപ്പോഴൊക്കെ ഈശോ വളരെ ദുഃഖിതനായി കാണപ്പെടുകയും തന്മൂലം ജോസഫും ദുഃഖത്തിൽ പങ്കാളിയാവുകയും ഇടതടവില്ലാതെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.