വി. യൗസേപ്പിതാവിനൊപ്പം ബാലനായ യേശുവിനെ കണ്ടവരെല്ലാം അത്യന്തം ആശ്ചര്യഭരിതരായത് എന്തുകൊണ്ടെന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-122/200
തിരുക്കുടുംബം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ, ചില സന്ദർഭങ്ങളിൽ ജോസഫ് ഈശോയെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കും. ശിശുസഹജമായ രീതിയിലാണെങ്കിലും എത്ര കൃപയോടെയാണ് ഉണ്ണീശോ ആഹാരം കഴിക്കുന്നത്! അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ പലപ്പോഴും ജോസഫ് ഭക്ഷണം കഴിക്കുന്ന കാര്യം മറന്നുപോയിരുന്നു. അതു ശ്രദ്ധയിൽപ്പെടുന്ന സമയത്തു് ഈശോ വളരെ സ്നേഹപൂർവ്വം ജോസഫിനോട് ആഹാരം കഴിക്കാൻ അഭ്യർത്ഥിക്കുകയും തന്റെ പരിശുദ്ധമായ കുഞ്ഞു കരം കൊണ്ട് ഭക്ഷണം എടുത്തു ജോസഫിന് കൊടുക്കുകയും ചെയ്യുമായിരുന്നു. ജോസഫിന് അത് എത്ര വലിയ ആനന്ദമാണ് ഉളവാക്കിയത്! സന്തോഷം കൊണ്ട് കവിളിലൂടെ കണ്ണുനീർ ഒഴുകുമായിരുന്നു. ആ ഭക്ഷണം അവന് അത്യന്തം ആസ്വാദ്യകരവും സ്വർഗീയമന്നാപോലെ രുചികരവുമായിരുന്നു.
ഈശോ ബാല്യകാലത്തിലേക്കു പ്രവേശിച്ചതോടെ, അവരുടെ അവശ്യസാധങ്ങൾ വാങ്ങുന്നതിന് ജോസഫിനോടൊപ്പം പുറത്തുപോകുമായിരുന്നു. തന്നെയും കൂടെ കൊണ്ടുപോകണമെന്ന് ഈശോ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജോസഫിന് അത് വലിയ സന്തോഷമായിരുന്നു. മറിയത്തിന്റെ സമ്മതത്തോടെ ഈശോയെ കയ്യിൽ പിടിച്ചുകൊണ്ടു ജോസഫ് പുറത്തുപോകുകയും തിരിച്ചു വരുകയും ചെയ്തിരുന്നു. ആദ്യമായി തന്റെ വാസസ്ഥലത്തിന്റെ പരിസരപ്രദേശത്തുകൂടി തിരുക്കുമാരൻ നടന്നുപോകുമ്പോൾ, അന്തരീക്ഷം വളരെ പ്രശാന്തസുന്ദരവും പരിശുദ്ധവുമായി കാണപ്പെട്ടു; എന്തെന്നാൽ പ്രകൃതിയുടെ സ്രഷ്ടാവുതന്നെ അതിന്റെ തെരുവിലൂടെ നടന്നുനീങ്ങുകയല്ലേ! ഈജിപ്തുകാർക്കും എന്തെന്നില്ലാത്ത ഒരു സന്തോഷം അനുഭവപ്പെട്ടു. അതിന്റെ പിന്നിലെ രഹസ്യമെന്തെന്ന് അവർക്കറിയില്ലായിരുന്നെങ്കിലും അവരുടെ ഹൃദയത്തിൽ ദൈവസാന്നിദ്ധ്യത്തിന്റെ ആനന്ദം അനുഭവപ്പെട്ടു.
ഈശോ വലിയ സന്തോഷത്തോടും പ്രതാപമാർന്ന ദൈവചൈതന്യത്തോടും കൂടി ഈജിപ്തിലൂടെ നടന്നുനീങ്ങുകയായിരുന്നു. അപ്പോൾ ജോസഫ് അനുഭവിച്ച സന്തോഷം ആർക്കു വിവരിക്കാൻ കഴിയും? പിതാവിന്റെ അരുമസുതനെ, പറുദീസയുടെ നിധിശേഖരത്തെയാണ് അവൻ ഈജിപ്തിന്റെ തെരുവിലൂടെ വഴിനടത്തിക്കൊണ്ടിരിക്കുന്നത്! വഴിയിൽ പലരെയും അവർ കണ്ടുമുട്ടി. ഈശോയെ കണ്ടവരെല്ലാം ആശ്ചര്യപ്പെട്ടു; അതുപോലൊരു അത്ഭുതശിശുവിനെ സ്വന്തമാക്കാൻ കഴിഞ്ഞതിൽ ജോസഫിനെ അവർ അഭിനന്ദിച്ചു.
എങ്കിലും കുറച്ചുപേർ ദുഷിച്ചു സംസാരിക്കാതിരുന്നില്ല; ഓ, ഇത്രയും കുലീനത്വമുള്ള ഒരു കുട്ടിയെ ഇതുപോലൊരു നാടോടിയായ മനുഷ്യന് എങ്ങനെ കിട്ടി? കുട്ടിയുടെ നടത്തവും ഭാവവും കണ്ടിട്ട് നല്ല ചന്തം തോന്നുന്നുണ്ടല്ലോ വളരെ അപൂർവവും ആകർഷകവുമായ ചന്തമുള്ള കുട്ടിയാണല്ലോ അവൻ. വളരെ മിടുക്കനായ പയ്യൻ തന്നെയാണവൻ.” – അവർ കമ്മന്ടടിച്ചു. അവനെ കണ്ടവരെല്ലാം ആശ്ചര്യപ്പെടുകതന്നെ ചെയ്തു. അവർ പോയ വഴിക്കുവച്ചു കണ്ടുമുട്ടിയ കൊച്ചു കുട്ടികളെല്ലാം ഈശോയുടെ നേരെ സ്നേഹഭാവത്തിൽ നോക്കുകയും ചിരിക്കുകയും ചെയ്തു.
ജോസഫിന്റെ മകനെക്കുറിച്, അവന്റെ ശാലീനസൗന്ദര്യമുള്ള അരുമസുതനെക്കുറിച്ചു ആ പട്ടണത്തിൽ മുഴുവൻ സംസാരമുണ്ടായി. അനേകംപേർ അവനെ ഒന്ന് കാണാൻ കൊതിച്ചു; എങ്കിലും വീട്ടിലേക്കു ചെന്നു കാണാനൊന്നും അവർ സാഹസത്തിനു മുതിർന്നില്ല. എന്നാൽ ജോസഫിന്റെ കൂടെ നടക്കുമ്പോൾ കാണുവാൻ അവർ വഴിയോരത്തു കാത്തുനിന്നു. അയൽക്കാരിൽ ചിലർ പരീക്ഷണാർത്ഥം ദൈവമാതാവിനെയും കുട്ടിയേയും കാണുന്നതിനുവേണ്ടി മറിയത്തെകൊണ്ട് ചില സഹായം ആവശ്യമാണെന്ന ഭാവേന വീട്ടിൽ വരികയും കുട്ടിയെ കാണുകയും ചെയ്തു. കാരണം കുട്ടിയുടെ ആശ്ചര്യാവഹമായ ചന്തവും വിശുദ്ധിയും അത്യാകർഷകമായിരുന്നു. ജോസഫും മറിയവും അവരെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. മാതാവിന്റെ വാക്കുകൾ ആ സന്ദർശകരിൽ അവരുടെ തെറ്റിനെക്കുറിച്ചു പശ്ചാത്താപം ഉളവാക്കി. അവർക്ക് മാതാവിനെയും ഈശോയെയും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു.
പിന്നീട് ജോസഫ് ഒറ്റയ്ക്ക് പുറത്തുപോകുന്നത് കാണുമ്പോൾ ആ മനുഷ്യർ മാതാവിന്റെയും ഈശോയുടെയും ക്ഷേമകാര്യങ്ങൾ തിരക്കുക പതിവായിത്തീർന്നു. അവരിൽ പലരും ഈശോയെയും മാതാവിനെയും കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അതുവഴി അവർക്ക് വലിയ സമാശ്വാസം അനുഭവപ്പെട്ടിരുന്നു. തന്നെ സന്ദർശിച്ചവരോട് പ്രത്യേകിച്ച് മാതാവിനോട് കൂടുതൽ സംപ്രീതി പ്രകടിപ്പിച്ചിരുന്ന ഈജിപ്തുകാർക്ക്, സത്യവിശ്വാസത്തെക്കുറിച്ചും സത്യം കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ചും ആവശ്യമായ പ്രബോധനം മാതാവു നല്‍കിയിരുന്നു.
അയൽക്കാരായ കൊച്ചു കുട്ടികൾ വീട്ടിൽ വരികയും ഈശോയുടെ കൂടെ ആയിരിക്കാനും കളിക്കാനും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. മാതാവ് അതിനനുവദിച്ചിരുന്നു. ഈശോ വിവിധ പ്രാർത്ഥനകൾ സ്വർഗീയപിതാവിന്റെ മുമ്പിൽ ചെല്ലേണ്ടതെങ്ങിനെയെന്ന് അവരെ പഠിപ്പിക്കുമായിരുന്നു. ദൈവത്തെ എങ്ങിനെ സ്നേഹിക്കണമെന്ന കല്പനകൾ അവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. കുട്ടികൾ അവനോടൊത്തു കളിക്കാൻ ഇഷ്ടപ്പെടുകയും അവർ അപ്പവും മറ്റും കൊണ്ടുവന്ന് ഈശോയ്ക്ക് കൊടുക്കുകയും ഒന്നിച്ചിരുന്ന് കഴിക്കുകയും ചെയ്യുമായിരുന്നു. ഈശോ ആദ്യം അത് ആശീർവദിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. അവർ കൊണ്ടുവന്നതിൽനിന്ന് അല്പം എടുത്തശേഷം ബാക്കി അവർക്കുതന്നെ തിരിച്ചു കൊടുക്കുകയാണ് പതിവ്. ജോസഫ് അത് ശ്രദ്ധിച്ചു; ശിശുക്കൾക്ക് അവരുടെ ശൈശവദശയിൽത്തന്നെ സത്യദൈവത്തെ തിരിച്ചറിയാൻ കഴിയുന്നതോർത്തു അവൻ ദൈവത്തിനു നന്ദി പറഞ്ഞു.
ജോസഫ് ഈശോയെ കൂട്ടി പുറത്തുപോകുമ്പോൾ, അവരെ കണ്ടുമുട്ടുന്നവരുടെ മുഖത്ത് വളരെ ആദരവും സംതൃപ്തിയും പ്രകടമാകുന്നത് കാണാമായിരുന്നു. കുട്ടികൾ ഓടി വന്ന് ഈശോയോട് കൂട്ടുകൂടി കൊച്ചുവർത്തമാനങ്ങൾ പറയുകയും ചെയ്തിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാത്ത സ്ഥലത്താണെങ്കിൽ, ഈശോ സ്വർഗത്തിലേക്ക് കണ്ണുകൾ ഉയർത്തി മുകളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഉദ്ഘോഷിച്ചിരുന്നു. “അതാ, എന്റെ സ്വർഗീയ പിതാവിന്റെ ഭവനം കണ്ടാലും! നിഷ്കളങ്കരായ മറ്റു കുട്ടികളും അപ്രകാരംതന്നെ ആവർത്തിക്കുകയും ചെയ്തിരുന്നു. ഇത് ജോസഫിൽ വലിയ ആനന്ദം ഉളവാക്കുകയും സ്വഗീയ മഹിമയെപ്പറ്റി അവർ ധ്യാനിക്കുകയും ചെയ്തിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.