ഈശോ വളരുന്നതിനൊപ്പം വി. യൗസേപ്പിതാവിന്റെ ആകുലതകളും വര്‍ദ്ധിക്കാനിടയായത് എന്തുകൊണ്ടെന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-120/200
ഈശോ വളരെവേഗം വളര്‍ന്നുകൊണ്ടിരുന്നു. അതുപോലെ തന്നെ ജോസഫിന്റെ സ്‌നേഹവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അതായത് ഈശോയോടുള്ള സ്‌നേഹത്താല്‍ അവന്റെ ഹൃദയം ദൈവസ്‌നേഹത്തില്‍ ഉജ്ജ്വലിച്ചുകൊണ്ടിരുന്നു. ശിശു വിശുദ്ധിയിലും കൃപയിലും അസാമാന്യമാംവിധം വളരുന്നതായി ജോസഫ് മനസ്സിലാക്കി. തന്മൂലം അവനെ ധ്യാനിക്കുവാനുള്ള അഭിവാഞ്ഛ ജോസഫിന്റെ ഹൃദയത്തില്‍ ആഴപ്പെട്ടുകൊണ്ടിരുന്നു.
ഈശോയ്ക്ക് ജോസഫിനെ വലിയ ഇഷ്ടമായിരുന്നു. അതിന്റെ വ്യക്തമായ സൂചനകള്‍ പ്രകടമാക്കുകയും ചെയ്തിരുന്നു. കുറച്ചൊക്കെ സംയമനത്തോടെ ആയിരുന്നെങ്കില്‍പ്പോലും. കാരണം അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാന്‍ ജോസഫിനുതന്നെ സാധിക്കുമായിരുന്നില്ല. ആദ്യനാളുകളില്‍ സ്‌നേഹം നിറഞ്ഞുകവിയുന്ന സന്ദര്‍ഭങ്ങളില്‍ നിയന്ത്രണം വിട്ട് ജോസഫ് ഉദ്‌ഘോഷിക്കുമായിരുന്നു: ‘എന്റെ ഈശോയെ, എന്റെ പൊന്നു മകനേ!’ ക്രമേണ അങ്ങനെയുള്ള ബാഹ്യപ്രകടനങ്ങള്‍ നിയന്ത്രണവിധേയമാക്കുകയും കുറഞ്ഞുവരികയും ചെയ്തു. അവന്റെ ഹൃദയത്തിലെ സ്‌നേഹത്തിന്റെ ആധിക്യത്തെ തടഞ്ഞുനിര്‍ത്തുവാന്‍ കഴിയാത്തവിധം പ്രകടമാക്കുന്ന പ്രകൃതക്കാരനായിരുന്നു ജോസഫ്.
ജോസഫിന് ഈശോയോടുള്ള സ്‌നേഹം അതിതീവ്രമായിരുന്നു. ഈശോയെപ്രതിയുള്ള വേദനയും അതുപോലെതന്നെ തീവ്രമായിരുന്നു. ഈശോയെ ദൈവമായി മനുഷ്യര്‍ മനസ്സിലാക്കാത്തതിലുള്ള വേദന അത് അവന് വല്ലാതെ പീഡിപ്പിക്കുകതന്നെ ചെയ്തിരുന്നു. ഇക്കാരണത്താല്‍, പല രാത്രികളും ഇടമുറിയാതെ പ്രാര്‍ത്ഥിക്കുകയും വിലപിക്കുകയും ചെയ്തുകൊണ്ട് കഴിച്ചുകൂട്ടാറുണ്ടായിരുന്നു. ദൈവത്തിനെതിരായി മനുഷ്യര്‍ ചെയ്യുന്ന പാപത്തില്‍ നിന്ന്, ദൈവത്തെ അറിയാന്‍ കഴിയാത്ത അന്ധകാരത്തില്‍നിന്ന്, അവര്‍ക്കു മോചനം കിട്ടുന്നതിനുവേണ്ടി രാത്രികാലങ്ങളില്‍ അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ കണ്ണീരൊഴുക്കിയിരുന്നു. ‘എന്റെ ദൈവമേ, അവതാരം ചെയ്ത വചനമേ! അവിശ്വാസികളുടെ നടുവില്‍ വസിക്കുമ്പോള്‍ അവരെ വിശ്വാസത്തിലേക്ക് നയിക്കാന്‍ കഴിയുകയില്ലെ? അന്ധമായ ഈ രാജ്യത്തിന്റെമേല്‍ കരുണയുണ്ടാകണമേ! അവിടുത്തെ അനന്തമായ ശക്തിയാല്‍ ഇവരെ പ്രകാശത്തിലേക്ക് നയിക്കണമേ! ഇവര്‍ അങ്ങയെ അറിയുവാന്‍ വേണ്ടി അവരുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിപ്പിക്കണമേ!’
എല്ലാ ഈജിപ്തുകാര്‍ക്കും ഈശോയുടെ ഒരു ക്ഷണിക പ്രകാശമെങ്കിലും ലഭിക്കണമെന്നും അതുവഴി അവിടുത്തെ സ്‌നേഹം അവരുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങണമെന്നും വിശുദ്ധ ജോസഫ് അതിയായി ആഗ്രഹിച്ചിരുന്നു. അവന്‍ ചിലപ്പോള്‍ മറിയത്തോടു പറയുമായിരുന്നു. ‘ഓ, ഈജിപ്തുകാര്‍ക്ക് ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ആ സമയം എനിക്ക് ഒട്ടുംതന്നെ കാത്തിരിക്കാന്‍ കഴിയുന്നില്ല. അവര്‍ വിഗ്രഹാഹാധകരാണെങ്കില്‍ പോലും, ഈശോയുടെ സ്‌നേഹം അവരുടെ ഹൃദയത്തെ സ്പര്‍ശിക്കാതിരിക്കുകയില്ല. ദൈവമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും ഈശോയെ മനുഷ്യര്‍ സ്‌നേഹിക്കുന്നു എന്നോര്‍ത്തെങ്കിലും എനിക്കൊന്ന് ആശ്വസിക്കാമല്ലോ. ഈശോ വളരെ കൃപാപൂര്‍ണ്ണനായി, ഏറ്റവും വിശുദ്ധിയില്‍, ചന്തത്തോടുകൂടി അവരുടെ ഗ്രാമങ്ങളിലൂടെ ഒന്നു നടന്നു നീങ്ങുവാന്‍ അവസരം കൊടുത്താല്‍ തീര്‍ച്ചയായും അവരുടെ ഹൃദയങ്ങളെ സ്‌നേഹം കവര്‍ന്നെടുക്കാതിരിക്കില്ല. അവനെ കൈയ്ക്കു പിടിച്ചുകൊണ്ട് അവരുടെ ഇടയിലൂടെ നടക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. യാതൊരു സംശയവുമില്ല, അവരില്‍ പലര്‍ക്കും എന്റെ ഈ സൗഭാഗ്യത്തില്‍ എന്നോട് അസൂയ തോന്നുകതന്നെ ചെയ്യും.’
ഈശോ സ്‌നേഹിക്കപ്പെടണമെന്നും ദൈവമായി എല്ലാവരാലും അംഗീകരിക്കപ്പെടണമെന്നുമുള്ള ജോസഫിന്റെ ആഗ്രഹം കേട്ടപ്പോള്‍ മറിയം ആനന്ദഭരിതയായി. ജോസഫിനെ സമാശ്വസിപ്പിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘ഒരു സമയം വരും, നമ്മുടെ ഈശോ ഈ ലോകത്തില്‍ അറിയപ്പെടുന്ന ഒരു സമയം! അപ്പോള്‍ അനേകര്‍ അവനെ സ്‌നേഹിക്കുകയും അനുഗമിക്കുകയും ചെയ്യും. എങ്കിലുും പലരും അവനെ വെറുക്കുകയും വിധിക്കുകയും ചെയ്യും. കാരണം അന്ധകാരത്തെ സ്‌നേഹിക്കുന്നവര്‍ പ്രകാശത്തെ വെറുക്കുന്നു. ശിമയോന്‍ നമ്മളോടു പറഞ്ഞത് ഓര്‍ക്കുന്നില്ലേ? ഇവന്‍ ഇസ്രയേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും എന്ന്. നമ്മള്‍ ആ സമയത്തിനുവവേണ്ടി കാത്തിരിക്കണം.’ ഈശോ സ്‌നേഹിക്കപ്പെടുകയും ദൈവമായി അംഗീകരിക്കപ്പെടുകയും ചെയ്യണമെന്ന് വിചാരിച്ചിരുന്ന ജോസഫ് അതുകേട്ടപ്പോള്‍ അല്പം നിരാശനായി. അവന്‍ ഈശോയെ താല്പര്യപൂര്‍വ്വം നോക്കിക്കൊണ്ടു പറഞ്ഞു: ‘എന്റെ വാത്സല്യ മകനേ, ഈശോ, ഈ ലോകത്തില്‍ ആര്‍ക്കെങ്കിലും നിന്നെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയുമോ? ഇത്ര രാജകീയ സൗന്ദര്യത്തികവിനെ, കൃപാപൂര്‍ണ്ണമായ സ്‌നേഹപാരമ്യത്തെ ആര്‍ക്കാമു സ്‌നേഹിക്കാതിരിക്കാന്‍ കഴിയുക? അവന്റെ ഒരു കടാക്ഷം മാത്രം മതി വിവേകമില്ലാത്ത ജീവികള്‍പോലും സ്‌നേഹമായി പ്രതികരിക്കാതിരിക്കില്ല. പിന്നെ എന്തുകൊണ്ടാണ് മനുഷ്യഹൃദയങ്ങളില്‍ ആ സ്‌നേഹം സജീവമാകാത്തത്?’
‘നിന്നെ ജനം ദ്വേഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമെന്ന യാഥാര്‍ത്ഥ്യം അറിയുന്നത് എനിക്ക് എത്ര സങ്കടമാണുണ്ടാക്കുന്നത്. ആ ദിവസം കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ. നിന്നെ പീഡിപ്പിക്കുന്നതു കാണാന്‍ നിര്‍ബന്ധിതനാകുന്നതിനേക്കാള്‍ നല്ലത് ഈശോയെ, മരിക്കാന്‍ എന്നെ അനുവദിക്കുന്നതാണ്. എല്ലാ വണക്കത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉറവിടമായ ഈശോയെ, നീയാണെന്റെ ജീവന്‍.’
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.