ഉണ്ണീശോ ആദ്യമായി ‘അപ്പാ’ എന്നു വിളിച്ചപ്പോള്‍ വി. യൗസേപ്പിതാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് എന്തിനെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-118/200

അങ്ങനെ ഉണ്ണീശോ കന്നിയുടുപ്പണിഞ്ഞു സ്വർഗ്ഗീയ പിതാവിനെ ആരാധിക്കാൻ തുടങ്ങി. അവൻ തന്റെ അപേക്ഷകളും നന്ദി പ്രകാശനങ്ങളും യാചനകളും അർപ്പണങ്ങളും പിതാവിന്റെ മുമ്പിൽ പ്രകടിപ്പിക്കാൻ ആരംഭിച്ചു; വിശുദ്ധലിഖിതങ്ങളിൽ അവനെക്കുറിച്ചു എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ. അതു കണ്ടപ്പോൾ ജോസഫിന് അതിയായ അഭിമാനം തോന്നി. അവൻ അതെല്ലാം തന്റെ ഹൃദയത്തിന്റെ അഗാധതലങ്ങളിൽ സൂക്ഷിച്ചുവച്ചു. പിന്നീട് അതേക്കുറിച്ചു ധ്യാനിക്കേണ്ടതുണ്ടെന്നു അവൻ മനസ്സിലാക്കി. ജോസഫും ഈശോയോടൊപ്പം പിതാവിനെ ആരാധിച്ചു; മറിയം നല്ല ഉൾക്കാഴ്ചയോടെ ദൈവത്തെ ആരാധിക്കേണ്ടതെങ്ങനെയെന്ന് ഈശോയ്ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

ക്രൂശിതരൂപത്തിൽ എന്നപോലെ ഈശോ കൈവിരിച്ചുപിടിച്ചു തന്നെത്തന്നെ സ്വർഗ്ഗീയ പിതാവിനു സമർപ്പിക്കുകയും കുരിശുമരണത്തിനു സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. അവിടുന്നു നിശ്ചയിച്ചിരിക്കുന്ന പദ്ധതി അനുസരിച്ചുള്ള ആ സമയത്തിനുവേണ്ടി കാത്തിരിക്കുന്നു എന്നു പറയുകയും ചെയ്തു. ഈശോ അപ്രകാരം നിൽക്കുന്നതുകണ്ടപ്പോൾ ജോസഫിന്റെ ഹൃദയം വേദനകൊണ്ടു പിടയുകയും നയനകളിൽനിന്ന് അശ്രുധാര ഒഴുകുകയും ചെയ്തു. തന്റെ മകനു സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചുള്ള ദുഃസൂചനകൾ അവന്റെ മനസ്സിൽ ഉറഞ്ഞുകൂടാൻ തുടങ്ങി.

മറിയം അതീവദുഖിതയായിത്തീർന്നെങ്കിലും ജോസഫിനെ സമാശ്വസിപ്പിച്ചു. കഠിനദുഖത്തിനും ക്ലേശത്തിനും വിട്ടുകൊടുക്കരുതെന്നും ഈശോയെ ആ നിലയിൽ കാണാനുള്ള കരുത്തുണ്ടാകേണ്ടിയിരിക്കുന്നു എന്നും ഉപദേശിച്ചു. ഈശോ സ്വർഗ്ഗീയപിതാവിന്റെ തിരുഹിതത്തിനു വിധേയപ്പെടുന്നതുപോലെ ജോസഫും അവിടുത്തെ ഇഷ്ടത്തിനു സമർപ്പിക്കാനുള്ള ആത്മധൈര്യം കൈവരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. മറിയത്തിന്റെ വാക്കുകളിൽ നിന്ന് ജോസഫിനു കുറച്ചു ആശ്വാസം ലഭിക്കുകയും ക്ലേശകരമായ ചിന്തകളിൽ നിന്ന് മോചനം പ്രാപിക്കുകയും ചെയ്തു.

ദൈവത്തെ ആരാധിച്ചശേഷം ഈശോ പരിശുദ്ധമാതാവിന്റെ കൈകളിൽ വന്നുചേർന്നു. ജോസഫ് തന്റെ പണിസ്ഥലത്തേക്കും പോയി. ജോലിക്കിടയിൽ, ഈശോ പിതാവിനെ ആരാധിക്കുന്ന ദൃശ്യം ധ്യാനിച്ചപ്പോൾ അവൻ വീണ്ടും ആത്മീയാനുഭൂതിയിൽ ലയിച്ചു. ഈശോയെ നേരിട്ടുപോയി ആരാധിക്കാനുള്ള സ്നേഹത്തിന്റെ അദൃശ്യശക്തി അവനിൽ പ്രബലപ്പെട്ടു. എങ്കിലും അത് ഈശോയ്ക്ക് ശല്യമായേക്കുമോ എന്നുകരുതി തന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ട് ജോലി തുടർന്നു.

ജോസഫിന് എപ്പോഴെങ്കിലും ഈശോയുടെ സമാശ്വാസം ആവശ്യമാണെന്നു കണ്ടാൽ നിയന്ത്രിച്ചു നിർത്താനാകാത്ത ഒരു ഉൾവിളിയുണ്ടാകുകയും ഈശോയുടെ അടുത്തേക്ക് പോകുകയും ചെയ്തിരുന്നു. അത് ജോസഫിൽ പ്രവർത്തിച്ചിരുന്ന ദൈവസ്നേഹത്തിന്റെ അദൃശ്യവും അഗാധവുമായ ആത്മീയശക്തിവിശേഷമായിരുന്നു. അങ്ങനെ, ഈശോയുടെ അടുത്തേക്ക് ആനയിക്കപ്പെടുമ്പോൾ മാർഗ്ഗമദ്ധ്യേ ഈശോയും ജോസഫിനെ തേടിവന്നു കണ്ടുമുട്ടുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ആദ്യത്തെ കണ്ടുമുട്ടൽ, പരിശുദ്ധമാതാവ് ഈശോയെ ജോസഫിന്റെ അടുത്തേക്ക് എടുത്തുകൊണ്ടുവരുമ്പോഴാണുണ്ടായത്. ജോസഫിനെ കണ്ടയുടനെ ‘അപ്പാ’ എന്നു വിളിച്ചുകൊണ്ട് ഈശോ ജോസഫിന്റെ കയ്യിലേക്ക് കുതിച്ചു ചാടുകയും കെട്ടിപ്പിടിച്ചു ചുംബിക്കുകയും ചെയ്തു.

ഉണ്ണീശോ ആദ്യമായി ‘അപ്പാ’ എന്നു വിളിച്ചതു കേട്ടപ്പോഴുണ്ടായ സന്തോഷാധിക്യത്താൽ ജോസഫിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. താൻ ഒരു വിധത്തിലും അതിനു യോഗ്യനല്ലെന്നാണ് ജോസഫ് കരുതിയിരുന്നത്; എങ്കിലും ദിവ്യശിശു അപ്രകാരം ബഹുമാനപൂർവ്വം സംബോധനചെയ്തതിൽ അവന് വലിയ അഭിമാനം തോന്നി. അവൻ ഈശോയ്ക്ക് ഹാർദ്ദമായി നന്ദി പറഞ്ഞു. അതോടൊപ്പം തനിക്കുവേണ്ടി ഈശോയോടും ദൈവത്തോടും നന്ദി പറയണമെന്ന് മാതാവിനോട് അപേക്ഷിക്കുകയും ചെയ്തു. ജോസഫിനു ലഭിച്ച മഹത്തായ അനുഗ്രഹത്തിൽ ആനന്ദിക്കുകയും അവർ രണ്ടുപേരും ഒന്നുചേർന്ന് തങ്ങൾക്കു നൽകപ്പെട്ട വലിയ കൃപയ്ക്ക് സ്വർഗ്ഗീയപിതാവിനെ സ്തുതിക്കുകയും ചെയ്തു. പ്രത്യേകിച്ച് ദൈവം ഭൂമിയിൽ തന്റെ പ്രതിനിധിയുടെ പദവിയിലേക്ക് ഉയർത്തിയതിനെയോർത്തു അവർ കർത്താവിനെ വാഴ്ത്തുകയും ചെയ്തു.

‘അപ്പാ’ എന്നു വിളിച്ചതിലൂടെ ജോസഫിന് നിരന്തരമായി സ്മരിക്കാനുള്ള ഒരു ആനന്ദത്തിന്റെ മാർഗ്ഗമാണ് ഈശോ തുറന്നുകൊടുത്തത്. ഓരോ തവണ ഈശോയിൽ നിന്ന് ആ വിളി കേൾക്കുമ്പോഴും ജോസഫിന്റെ ഹൃദയം ഈശോയിലേക്കു ശക്തമായി ആകർഷിക്കപ്പെടുകയും സ്നേഹം കൊണ്ട് നിറയുകയും ചെയ്തിരുന്നു. ഈശോ ദൈവത്തിന്റെ മഹത്വപൂർണ്ണമായ സ്ഥാനം വിട്ടു തന്നെ പിതാവെന്നു വിളിക്കുന്ന അപാരമായ ദയാവായ്പിനെക്കുറിച്ചു ഇടയ്ക്കിടെ മറിയത്തോടു സംസാരിച്ചിരുന്നു. അത് തന്റെ ആത്മാവിൽ വരുത്തുന്ന അനുപമമായ പരിവർത്തനങ്ങൾ വിലയിരുത്തണമെന്നും മറിയത്തോടു പറഞ്ഞു.

“എന്റെ പ്രിയ ഭാര്യേ, ദൈവം എന്നെ എത്ര അത്യാനന്ദകരമായ നിലയിലേക്കാണ് ഉയർത്തിയിരിക്കുന്നത്! എത്ര ഉന്നതമായ വരവും കൃപയുമാണ് അവിടുന്ന് എന്റെമേൽ വർഷിച്ചിരിക്കുന്നത്! എനിക്ക് തോന്നുന്നത് നിന്നെ പ്രതിയാണ് ഈശോ എന്നെ ഇത്രമാത്രം അനുഗ്രഹിച്ചിരിക്കുന്നത് എന്നാണ്. എനിക്ക് അതിനു തക്കതായൊരു യോഗ്യതയും ഉള്ളതായി തോന്നുന്നില്ല. നീ തീർച്ചയായും അവിടുത്തെ സന്നിധിയിൽ കൃപ കണ്ടെത്തിയിരിക്കുന്നു. മിശിഹായുടെ അമ്മയാകാനുള്ള വലിയ അനുഗ്രഹം നിനക്കു ലഭിച്ചതുമൂലമാണ് എനിക്കും വലിയ സന്തോഷം കൈവന്നിട്ടുള്ളത്. നിന്റെ പ്രാർത്ഥന വഴിയാണ് ഇതുവരെയുള്ള എല്ലാ കൃപകളും എനിക്ക് ലഭിച്ചിട്ടുള്ളത്.”

“തിരുക്കുമാരനോടൊത്തു എനിക്കുവേണ്ടി തുടർന്നും പ്രാർത്ഥിക്കുകയും അത്യുന്നതനു നന്ദിപറഞ്ഞുകൊണ്ടു കൂടുതൽ കൃപകൾ എനിക്ക് വാങ്ങിത്തരുകയും ചെയ്യുക. ദൈവം എന്നോടു കാണിക്കുന്ന കാരുണ്യത്തിനൊത്തവിധം അവിടത്തെ മുമ്പിൽ വ്യാപരിക്കാനുള്ള കൃപയ്ക്കായി പ്രത്യേകം യാചിക്കുക. എന്നാൽ ദുർബലനായ ഞാൻ നിനക്കുവേണ്ടി എന്താണു ചെയ്യേണ്ടതെന്നുകൂടി എന്റെ പ്രിയേ, നീ പറഞ്ഞു തരണം.”

മഹാകാരുണ്യവാനും കൃപാലുവുമായ ദൈവത്തിൽ നിന്നു ലഭിക്കുന്നതനുസരിച്ചു ജോസഫ് തനിക്കാവശ്യമായതെല്ലാം ചെയ്തുതരുന്നുണ്ട് എന്ന് മറിയം വിവേകപൂർവ്വം അതിനു മറുപടി പറഞ്ഞു. മറിയം കർത്താവിനു പുതിയൊരു സ്തോത്രഗീതം ആലപിക്കാൻ തുടങ്ങി; തുടർന്നു ജോസഫും ചേർന്ന് അവർ രണ്ടുപേരും കൂടി സകല നന്മകളുടെയും ഉറവിടമായ കർത്താവിന് കീർത്തനം പാടി അവിടുത്തെ മഹത്വപ്പെടുത്തി. ജോസഫ് വലിയ ആശ്വാസത്തോടും സന്തോഷത്തോടും കൂടി തന്റെ ജോലികളിലേക്കു തിരിച്ചുപോയി.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles