വി. യൗസേപ്പിതാവും പരി. മറിയവും ഉത്തമ കുടുംബത്തിന്റെ മഹനീയ മാതൃകയാകുന്നതെങ്ങിനെ എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-116/200
മറിയത്തെ അനുകരിക്കുന്നതിൽ ജോസഫ് പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. ജോസഫിന്റെ ദാഹശമനത്തിന് ആവശ്യമായത് അവൾതന്നെ നേരിട്ടു കൊണ്ടുചെന്നു കൊടുത്തുകൊണ്ട് നിർബന്ധിക്കുമ്പോൾ വളരെ സന്തോഷത്തോടെ ജോസഫ് അത് സ്വീകരിച്ചിരുന്നു. ആദ്യം ദൈവത്തിനും പിന്നീട് മറിയത്തിനും നന്ദി പറയുകയും ചെയ്തിരുന്നു. “നമ്മുടെ ദൈവം എത്ര നല്ലവനാണ്. എന്റെ ആവശ്യങ്ങൾ നിന്നെ അറിയിക്കുകയും സാധിച്ചു തരികയും ചെയ്യുന്ന അവിടുന്നു എത്രയോ കാരുണ്യവാനാണ്!”
മറിയത്തിന്റെ ഭാഗത്തുനിന്നുള്ള ഏതു പെരുമാറ്റവും ജോസഫിന് യാതൊരുവിധ ഇഷ്ടക്കുറവും ഉളവാക്കിയിരുന്നില്ല. അവൾ നൽകുന്നതൊന്നും നിരസിക്കില്ലെന്നു മാത്രമല്ല, അതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയും മറിയത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മറിയത്തിന്റെ ഉദാരപൂർണ്ണമായ കരങ്ങളിലൂടെ നൽകപ്പെടുന്നതെന്തും ജോസഫിന് മതിയായതും തൃപ്തികരവുമായിരുന്നു. അത് അവന്റെ ആത്മാവിനു ആശ്വാസവും ശരീരത്തിന് ഉന്മേഷവും പ്രദാനം ചെയ്തിരുന്നു. മറിയം കുറച്ചു വെറും വെള്ളമാണ് കൊടുക്കുന്നതെങ്കിൽ പോലും അതിനും ഒരു പ്രത്യേകത ജോസഫിന് അനുഭവപ്പെട്ടിരുന്നു.
ഒരവസരത്തിൽ അവൻ മറിയത്തോടു ഈ പ്രതിഭാസത്തിന്റെ കാരണമെന്താണെന്ന് ആരാഞ്ഞപ്പോൾ അവൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അതിനു നൽകിയ മറുപടി, ദൈവമാണ് ഈ അനുഗ്രഹങ്ങൾ ജോസഫിന്റെമേൽ വർഷിക്കുന്നതെന്നും അത് അവിടുത്തെ അഭീഷ്ടവുമാണ് എന്നാണ്. തങ്ങളുടെമേൽ നന്മ വർഷിക്കുന്ന നല്ല ദൈവത്തെ അവർ ഇരുവരും ഒന്നുചേർന്നു സ്തുതിച്ചു.
അതുപോലെ മറിയത്തിന്റെ ആവശ്യഘട്ടങ്ങളിൽ അവൾ പറയാതെ അവളെ സഹായിക്കണമെന്ന് ജോസഫിനു വലിയ ആഗ്രഹം തോന്നി; പക്ഷേ അത് എപ്പോൾ എങ്ങനെയാണെന്ന് അവന് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. അതിനാൽ ദൈവത്തോട് പ്രാർത്ഥിച്ചു; മറിയത്തിന്റെ ആവശ്യങ്ങളിലും വിഷമങ്ങളിലും യഥാസമയം അവളെ സഹായിക്കാൻ തനിക്ക് കൃത്യസമയത്തു അതു വെളിപ്പെടുത്തി തരണമേയെന്ന്. അവിടുത്തെ നന്മയാൽ അതു ചെയ്യുവാൻ സഹായിക്കണമെന്നും പ്രാർത്ഥിച്ചു. ദൈവം അവിടുത്തെ വിശ്വസ്തനായ ദാസന്റെ പ്രാർത്ഥന കേട്ട് അവന്റെ ആഗ്രഹം സാധിച്ചുകൊടുത്തു.
വിവിധ സന്ദർഭങ്ങളിൽ മറിയം ദാഹിച്ചുവരണ്ടു വെള്ളത്തിനുവേണ്ടി ആഗ്രഹിക്കുന്ന സമയത്തു ദൈവം ജോസഫിനു അതു വെളിപ്പെടുത്തിക്കൊടുക്കുകയും കൃത്യസമയത്തുതന്നെ ജോസഫ് അവൾക്കു അതു എത്തിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. മറിയം നന്ദിപൂർവ്വം അത് സ്വീകരിച്ചു സംതൃപ്തയാകുകയും ചെയ്തിരുന്നു. ജോസഫിനെ അത് അത്യധികം ആനന്ദഭരിതനാക്കുകയും ഹൃദയപൂർവ്വം ദൈവത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു. തന്നോട് ജോസഫ് പ്രകടിപ്പിക്കുന്ന അതീവ ശ്രദ്ധാപൂർവ്വമായ പെരുമാറ്റത്തിലും പ്രവൃത്തികളിലും മറിയം അതിയായി സന്തോഷിച്ചു;
തനിക്കു ചെയ്തുതരുന്ന എല്ലാ കാര്യത്തിനും തിരുക്കുമാരന്റെ വലിയ കൃപാവരങ്ങൾ നൽകി ജോസഫിനെ അനുഗ്രഹിക്കണമെന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു. ഈ വിധത്തിൽ ജോസഫും മറിയവും പരസ്പരം സഹായിക്കുന്ന പുണ്യപ്രവൃത്തികൾ അഭ്യസിച്ചു. ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞു അവർ ഇരുവരും പരസ്പരം സഹായിച്ചു പോന്നു.
മറിയത്തെക്കുറിച്ചു ജോസഫിനു വലിയ കരുതലുണ്ടായിരുന്നു. ജോസഫിന്റെ കാര്യത്തിൽ മറിയം ജോസഫിനെ മറികടക്കുംവിധം ശ്രദ്ധാലുവായിരുന്നു. അവൾ ജോസഫിനോട് എപ്പോഴും നന്ദിയുള്ളവളും അവന്റെ ആവശ്യങ്ങളിലെല്ലാം സഹായം ചെയ്യുന്നതിൽ ബദ്ധശ്രദ്ധയുള്ളവളുമായിരുന്നു. കഠിനജോലികൾ ചെയ്തു ജോസഫ് തളർന്നുവരുന്നതായി കാണുമ്പോൾ മറിയം പ്രത്യേക താല്പര്യമെടുത്തു ഏറ്റം ഗുണകരവും രുചികരവുമായ ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്തുകൊടുത്തിരുന്നു. കാരണം അവരുടെ ജീവിതസന്ധാരണത്തിനുള്ള കഷ്ടപ്പാടുകളിലും വെല്ലുവിളികളിലും ജോസഫിന്റെ ആരോഗ്യം തളർന്നുപോകാതിരിക്കേണ്ടതു കുടുംബത്തിന്റെ ആവശ്യമാണെന്ന് അവൾക്കു കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു. തന്നോടു മറിയം പ്രകടിപ്പിക്കുന്ന സ്നേഹത്തിനും കരുതലിനും ജോസഫ് അവളെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. മറിയത്തോടുള്ള ജോസഫിന്റെ ബഹുമാനം വർദ്ധിച്ചുകൊണ്ടിരുന്നു; അവളെ തന്റെ ഭാര്യയായി നല്കിയ ദൈവത്തിന് ജോസഫ് നിരന്തരം നന്ദി പറയുകയും ചെയ്തിരു ന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.