ദാരിദ്ര്യത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ വി. യൗസേപ്പിതാവിന് കഴിഞ്ഞതെങ്ങിനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 114/200

ഈജിപ്തിലെ ആദ്യനാളുകൾ വളരെ ദുരിതപൂർണ്ണമായിരുന്നു. മുമ്പു നമ്മൾ കണ്ടതുപോലെ, അപരിചിതമായ ഒരു നാട്ടിൽ രൂക്ഷമായ ദാരിദ്ര്യത്തിലൂടെയാണ് തിരുക്കുടുംബം കടന്നുപൊയ്ക്കൊണ്ടിരുന്നത്. ജോസഫിന്റെ കൂലിപ്പണിയിൽ നിന്നും മറിയത്തിന്റെ കൈത്തൊഴിലിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു അവരുടെ ഉപജീവനത്തിനുള്ള ഏകമാർഗം.കാര്യങ്ങൾ അങ്ങനെയായിരിക്കെ ചിലപ്പോൾ ജോസഫിനെ കൊണ്ടുപോയി പണിയെടുപ്പിച്ചിരുന്നവർ കൂലി കൊടുക്കാതെ പറഞ്ഞയച്ചിട്ടുണ്ട്.എങ്കിൽ പോലും ജോസഫ് ഒരിക്കലും കൂലി ചോദിച്ചിരുന്നില്ല. അവിടെയും ദൈവം തന്റെ ദാസന്റെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു.

പണത്തിന്റെ ഞെരുക്കം വളരെ ദുസ്സഹമായപ്പോൾ ജോസഫ് തനിക്കു കിട്ടാനുള്ള പണിക്കാശ് തരണമെന്ന് അവരോട് ആവശ്യപ്പെട്ടു. എങ്കിലും അത് ഏറ്റവും താഴ്മയോടെയാണ് യാചിച്ചത്. എന്നിട്ടുപോലും പലരും വളരെ മോശം വാക്കുകളുപയോഗിച്ചു അവനെ പുറത്താക്കുകവരെ ചെയ്തു. എല്ലാം വളരെ ക്ഷമയോടെ ജോസഫ് അംഗീകരിച്ചുകൊടുത്തു. നിയന്ത്രണം വിട്ടുപോകാവുന്ന അത്തരം പരീക്ഷണഘട്ടങ്ങളിൽ പതറിപ്പോകാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് ജോസഫിന്റെ സ്വതസിദ്ധമായ വിനയവും അന്തർലീനമായിരുന്ന ദീർഘക്ഷമയും മൂലമാണെന്ന് സുവ്യക്തമാണ്; കാരണം, വേലചെയ്തിട്ടു കൂലി ചോദിച്ചപ്പോൾ വേതനത്തിനു പകരം നിന്ദനങ്ങളും ശകാരവർഷങ്ങളും നടത്തി നിഷ്കരുണം ജോസഫിനെ വെറുംകൈയ്യോടെ പറഞ്ഞയക്കാൻ മാത്രം കഠിനചിത്തരായിരുന്നു വിഗ്രഹാരാധകരായ ആ നാട്ടുകാരിൽ പലരും.

അങ്ങനെയുള്ള സന്ദർഭങ്ങളിൽ അത്യാവശ്യങ്ങൾ നടത്താൻ പണം കിട്ടിയതുമില്ല. അനാവശ്യമായി ചീത്ത കേൾക്കേണ്ടിയും വന്നു. മനോദുഃഖത്തിൽ ജോസഫ് വെറുംകൈയ്യോടെ വീട്ടിലേക്കു മടങ്ങി വന്ന സാഹചര്യങ്ങളിൽ എല്ലാം ദൈവഹിതത്തിനു സമർപ്പിച്ചു മനസ്സിനെ സ്വാതന്ത്രമാക്കിയിരുന്നു. മറിയം കാരുണ്യപൂർവം ജോസഫിനെ സമാശ്വസിപ്പിക്കുകയും ദൈവകരങ്ങളിൽ നിന്നുള്ള പരിപാലനയിൽ ആശ്രയിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ അവർ ഒരുമിച്ചിരുന്നു കർത്താവിന്റെ സഹായത്തിനായി പ്രാർത്ഥിക്കുകയും വിശുദ്ധസ്വർഗത്തിൽ നിന്നു ഭക്ഷണവുമായി മാലാഖയെ അയച്ചു കർത്താവ് അവർക്കു ഉത്തരമരുളുകയും ചെയ്തു. ജോസഫിന്റെ ദീർഘക്ഷമയിൽ പരിപൂർണ്ണ ബോദ്ധ്യം വന്നശേഷം മാത്രമാണ് ദൈവം നേരിട്ട് മഹത്വപൂർണ്ണമായ അവരുടെ സഹായത്തിന് എത്തിയത്.

ചില അവസരങ്ങളിൽ ജീവസന്ധാരണത്തിനുവേണ്ടി ജോസഫ് സമൂഹത്തിന്റെ മുമ്പിൽ യാചകനെപ്പോലെ വിനീതനാകണമെന്നത് പിതാവിന്റെ തിരുഹിതമായിരുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നിർദാക്ഷണ്യം തന്നെ തിരസ്ക്കരിക്കുന്നവരോട് ജോസഫ് പിന്തുടർന്ന രീതി പിതാവിനെ അത്യധികം പ്രസാദിപ്പിക്കുകയും ചെയ്തു. തദവസരത്തിൽ ഉണ്ണീശോ അനിതരസാധാരണമായ കാരുണ്യവും സ്നേഹവുമാണ് പ്രകടിപ്പിച്ചിരുന്നത്. അതു ജോസഫിന് വലിയ ആനന്ദം പകർന്നിരുന്നു; ജോസഫും മറിയവും ഒന്നുചേർന്ന് കർത്താവിനു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.

ചിലപ്പോൾ പട്ടണത്തിലേക്കു പോകുന്ന സമയത്തു മറിയത്തിനു വളരെ ഇഷ്ടപ്പെട്ട പഴവർഗങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നത് കാണുകയും വാങ്ങിച്ചുകൊടുക്കണമെന്നു അതിയായി ആഗ്രഹം തോന്നുകയും ചെയ്തിരുന്നു. എന്നാൽ തന്റെ പക്കൽ പണമില്ലാത്തതിനാൽ വളരെ നിരാശനായി മടങ്ങിപ്പോരുകയും ചെയ്യാറുണ്ട്. അവന്റെ ഹൃദയത്തിൽ തന്റെ ഭാര്യയോടുള്ള അതിയായ സ്നേഹം മൂലം അവളുടെ ആവശ്യങ്ങളെല്ലാം സാധിച്ചുകൊടുക്കണമെന്നു വലിയ ആഗ്രഹമുണ്ടായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles