മോഷണ കുറ്റം ചുമത്തപ്പെട്ട വി. യൗസേപ്പിതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൈവം ഇടപെട്ടതെങ്ങിനെ് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 112/200

ജോസഫ് മുൻകൂട്ടി കണ്ട വിധത്തിൽ ഒരു കഠിനപരീക്ഷ യാഥാർഥ്യമാകാൻ ദൈവം അനുവദിച്ചില്ല. നിർദ്ദയരായ ആ അധർമ്മികളുടെ ആലോചനകൾ പ്രാവർത്തികമാക്കാൻ ദൈവം സമ്മതിച്ചുകൊടുത്തില്ല. അവർക്കു ക്ലേശമനുഭവിക്കേണ്ട സന്ദർഭങ്ങളുണ്ടായി. അപ്പോൾ അത്യുന്നതനായ ദൈവം അവരെ സന്ദർശിക്കുകയും ജോസഫിനെതിരായി അവർ നിശ്ചയിച്ചിരുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു.

അത്തരം ദ്രോഹങ്ങൾ ഏറെക്കുറെ അവസാനിക്കുകയും ജോസഫിനു സമാധാനത്തിൽ ജീവിക്കുവാനുള്ള സാഹചര്യം ഉളവാകുകയും ചെയ്തപ്പോഴേക്കും ഒന്നിന് പുറകെ മറ്റൊന്നായി അടുത്ത ദുരിതം വന്നുചേരുകയായിരുന്നു. ജോസഫിന്റെ തൊഴിലിൽ ഏർപ്പെട്ടിരുന്ന മറ്റൊരാളുടെ പണിയായുധങ്ങളും ചില മരഉരുപ്പടികളും മോഷണം പോയ ഒരു സംഭവത്തെത്തുടർന്നാണ് അടുത്ത ഉപദ്രവം വന്നുകൂടിയത്. ഉടനെ ജോസഫിനെ എല്ലാവരും സംശയിക്കുകയും കള്ളനായി ചിത്രീകരിക്കുകയും ചെയ്തു.

മനുഷ്യർ ജോസഫിനെതിരെ ആരോപണം ഉന്നയിച്ചത് ഇപ്രകാരമാണ്: “അവൻ ഇത്തരത്തിലുള്ള മോഷണം ഇതിനുമുമ്പ് നടത്തിയിട്ടില്ലായിരുന്നുവെങ്കിൽ ജന്മനാടുവിട്ട് ഇവിടെ വന്നു താമസിക്കേണ്ടി വരികയില്ലായിരുന്നു. ഉപജീവനം നടത്താൻ വഴി കണ്ടെത്താതെ വിഷമിച്ചപ്പോൾ അവന്റെ ദാരിദ്ര്യാവസ്ഥ മോഷ്ടിക്കാൻ അവനെ നിർബന്ധിച്ചു. അങ്ങനെ നാടുവിട്ടോടേണ്ടി വന്നു.”

മനുഷ്യവംശത്തിന്റെ പൊതുശത്രുവായ പിശാച് ആ മനുഷ്യരുടെ മനസ്സിൽ ജോസഫിനെ സംശയിക്കുവാനുള്ള പ്രവണതകൾ ഉളവാക്കി; വിശുദ്ധനെ ഈജിപ്തിൽനിന്ന് ആട്ടിപ്പായിക്കാനുള്ള മറ്റൊരു പദ്ധതി അവൻ തയ്യാറാക്കുകയായിരുന്നു. അപവാദം പ്രചരിപ്പിക്കാനുള്ള അവരുടെ പദ്ധതിയെക്കുറിച്ചു ഒരാൾ വന്നു ജോസഫിനോടു പറഞ്ഞു. അതുകൊണ്ടു വളരെ കരുതലോടെ ഇരിക്കണമെന്നും പിടിക്കപ്പെടാൻ ഇടകൊടുക്കരുതെന്നും ആ മനുഷ്യൻ ജോസഫിനെ ഉപദേശിച്ചു. ജോസഫാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന് പലർക്കും ബോദ്ധ്യം വന്നിരിക്കുകയാണെന്നും അയാൾ പറഞ്ഞു. ആ വാർത്ത ജോസഫിനു വലിയൊരു ആഘാതമാണ് ഏല്പിച്ചത്. എങ്കിലും ഈ വിഷയത്തിൽ തന്റെ നിരപരാധിത്വത്തെക്കുറിച്ചു ജോസഫ് ആ മനുഷ്യനോട് തുറന്നുപറയുകയും ഒരിക്കലും ഒളിച്ചുകഴിയേണ്ട ആവശ്യമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.

താൻ ദൈവത്തിൽ ആശ്രയിക്കുകയും തന്റെ നിരപരാധിത്വം അവിടുന്ന് തെളിയിക്കുകയും ചെയ്യുമെന്ന് ജോസഫ് മറുപടി പറഞ്ഞു. ഈ അപവാദപ്രചാരണത്തിൽ നിന്നു തന്നെ രക്ഷിക്കണമെന്നും സത്യം എല്ലാവർക്കും മനസ്സിലാക്കികൊടുക്കണമെന്നും ജോസഫ് തന്റെ ദൈവത്തിന്റെ മുമ്പിൽ കേണപേക്ഷിച്ചു. മോഷണം നടത്തിയ യഥാർത്ഥ വ്യക്തി ജോസഫിനെ തെറ്റിദ്ധരിക്കാനുള്ള ഒരു സൂത്രം മുൻകൂട്ടി പ്രയോഗിച്ചിട്ടുണ്ടായിരുന്നു; മോഷ്ടിച്ച സാധനങ്ങൾ കൊണ്ട് ജോസഫ് എന്താണു ചെയ്തതെന്നുപോലും തരംതാണ ഭാഷയിൽ മോഷ്ടാവ് ആളുകളോട് പറഞ്ഞിരുന്നു. എന്നാൽ നിഷ്കളങ്കനായ ജോസഫ് തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു, മോഷണത്തെക്കുറിച്ചു തനിക്കു യാതൊന്നും അറിയുകയില്ല എന്ന്.

ജോസഫിന്റെ നിഷ്കളങ്കതയെക്കുറിച് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും അവരിൽ ചിലർ പിന്നെയും സംശയിക്കുകയും മോശമായി പെരുമാറുകയും അസഭ്യവാക്കുകൾ ജോസഫിനെതിരെ പ്രയോഗിക്കുകയും ചെയ്തു. അവർ ജോസഫിനെ ഭീഷണിപ്പെടുത്തുകപോലും ചെയ്തു. അവരുടെ ആരോപണങ്ങളെ ചെറുത്തുകൊണ്ട് അവൻ പറഞ്ഞു. “ഞാൻ ദരിദ്രനാണെങ്കിലും എനിക്കതിൽ പൂർണ്ണസംതൃപ്തിയും സന്തോഷവുമാണുള്ളത്. മറ്റാരുടെയും വസ്തുക്കളോ വാസസ്ഥലമോ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.എനിക്കെന്തുണ്ടോ ഞാൻ അതിൽ സംതൃപ്തനാണ്.ഒരുപക്ഷേ, എന്റെ ഈ ഇല്ലായ്മയിൽ ഉള്ളതും കൂടി ആരെങ്കിലും എടുത്തുകൊണ്ടുപോകാൻ ആഗ്രഹിച്ചാൽപോലും എനിക്കതിൽ പരാതിയില്ല. കാരണം, എന്റെ ആവശ്യങ്ങളിൽ ദൈവം എന്നെ സഹായിക്കും എന്ന് എനിക്കു നല്ല നിശ്ചയമുണ്ട്.”

ഈ വാക്കുകൾ കേട്ടപ്പോൾ അവർക്കെല്ലാവർക്കും ശരിയായ ബോധ്യം വരാൻ ദൈവം ഇടയാക്കുകയും അവർ ജോസഫിനെ വിട്ടു പോകുകയും ചെയ്തു. അവൻ മറിയത്തോടു നടന്നതെല്ലാം വിശദമായി പറഞ്ഞു; അവൾ അവനെ ആശ്വാസവാക്കുകൾ പറഞ്ഞു സമാധാനിപ്പിക്കുകയും അവന്റെ ദീർഘക്ഷമയിലും അപാരമായ സഹനശക്തിയിലും അഭിമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദൈവം വലിയസമ്മാനം കരുതിവച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇത്രവലിയ പരീക്ഷണത്തിൽ നിന്നു തങ്ങളെ രക്ഷിച്ച കർത്താവിനെ അവർ ഒന്നുചേർന്ന് സ്തുതിച്ചു. ഈ സമയത്തു യഥാർത്ഥ മോഷ്ടാവ് പിടിക്കപ്പെടുകയും ജോസഫിന്റെ നിരപരാധിത്വം സംശയലേശമെന്യേ എല്ലാവരുടെയും മുമ്പിൽ തെളിയിക്കപ്പെടുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles