പൈശാചിക പീഡനങ്ങള്‍ക്കിരയായ വി. യൗസേപ്പിതാവിനെ പരി. മറിയം ആശ്വസിപ്പിച്ചത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 111/200
ജോസഫിന്റെ ഭാര്യയുടെ അസാധാരണ സൗന്ദര്യത്തെക്കുറിച്ചുള്ള വർത്തമാനം ആ നാട്ടിലെങ്ങും പരന്നു. ആ വാർത്തകേട്ട ദുഷ്ടബുദ്ധികളായ ഒരുകൂട്ടം ആളുകളിലൂടെ മറിയത്തെ ജോസഫിൽ നിന്ന് അപഹരിച്ചെടുക്കാൻ സാത്താൻ അവരിൽ ഉൾപ്രേരണ കൊടുത്തു. ജോസഫിനെ അവർ ഒരു വികാരമില്ലാത്ത മനുഷ്യനായിട്ടാണ് കണക്കാക്കിയിരുന്നത്; തല്‍ഫലമായി അവരോട് ആരോടും തന്നെ വിദ്വേഷമോ വെറുപ്പോ ഉള്ളതായും തോന്നിയില്ല. സാത്താൻ അവരിൽ ഇങ്ങനെയൊരു ബോദ്ധ്യം കൊടുത്തു: “ഒരു കഴിവും ഗുണവുമില്ലാത്തവനായതിനാൽ നമുക്കത് നിഷ്പ്രയാസം സാധിക്കും.”
പക്ഷേ, അവരുടെ പദ്ധതികൾ ജോസഫ് മുൻകൂട്ടി പഠിച്ചുകഴിഞ്ഞിരുന്നു; അത് ഗൗരവത്തോടെ കണക്കിലെടുക്കുകയും ചെയ്തു. ദൈവത്തിൽനിന്ന് ജോസഫിന് ഉറപ്പു ലഭിച്ചിരുന്നു തന്റെ ഭാര്യയ്കു അവരിൽനിന്നു യാതൊരു ഉപദ്രവവും വരാത്തവിധം സംരക്ഷണം നല്‍കുമെന്ന്. എങ്കിലും ഒരു ഭയം അപ്പോഴും അവശേഷിച്ചിരുന്നു. മറിയത്തിന്റെ മാതൃത്വത്തിന്റെ മഹിമയെക്കുറിച്ചു ഉൾക്കാഴ്ചയുള്ള ജോസഫ്, താൻ വീടുവിട്ടു പോകുന്ന സമയത്തു അവൾ ഒറ്റയ്ക്കായിരിക്കുമ്പോൾ ഉപദ്രവമുണ്ടായേക്കാവുന്ന സാദ്ധ്യതകളെക്കുറിച്ചു ചിന്തിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. താൻ ചെയ്ത കുറ്റത്തിനുള്ള ശിക്ഷയായി ദൈവം അത് അനുവദിക്കുമോ എന്നാണ് ജോസഫ് ഭയപ്പെട്ടത്.
ഇത്തരത്തിലുള്ള ചിന്തകൾ അവനെ കൂടുതൽ അസ്വസ്ഥനാക്കിയപ്പോൾ, അവൻ വീട്ടിലേക്കു മടങ്ങിപ്പോയി. അപ്പോൾ മറിയം പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു; ഈശോ ഉറങ്ങുന്നതായും കണ്ടു.അവരെ ശല്യപ്പെടുത്താതെ ജോസഫും പ്രാർത്ഥനയിൽ പങ്കുചേർന്നു. തന്നെ ഈ കഠിന പരീക്ഷയിൽ നിന്ന് രക്ഷിക്കണമെന്ന് അവൻ പ്രാർത്ഥിച്ചു. ഹൃദയമുരുകി ഏങ്ങലടിച്ചുകൊണ്ട് അവൻ ദൈവത്തോടു പറഞ്ഞു: “എന്റെ ദൈവമേ, ഓരോ സമയത്തും എന്തു സംഭവിക്കണമെന്ന് അങ്ങ് ആഗ്രഹിച്ചതനുസരിച്ചാണ് ഞാൻ പ്രവർത്തിച്ചത്. എന്നാൽ അവസാനം ഇതുപോലൊരു കഠിന പരീക്ഷയിലകപ്പെടാൻ ഞാൻ എന്താണു ചെയ്തതെന്ന് എനിക്കറിയില്ല. ആകയാൽ വീണ്ടും എന്നോട് ക്ഷമിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ ഭാര്യയെ എന്നിൽനിന്നു കവർന്നെടുക്കാൻ അവിടുന്ന് ഇടയാക്കരുതേ എന്നു ഞാൻ യാചിക്കുന്നു. അവളോടൊത്തു ജീവിക്കാനുള്ള അവകാശം എനിക്കു നിഷേധിക്കരുതേ എന്നു പ്രാർത്ഥിക്കുന്നു.”
മറിയം എല്ലാം ആത്മാവിൽ അറിയുകയും തന്റെ ഭർത്താവിനുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട്, തന്റെ കാൽച്ചുവട്ടിൽ വിഷമിച്ചിരിക്കുന്ന ഭർത്താവിനെ ആശ്വസിപ്പിക്കണമെന്നു ആഗ്രഹിച്ചു. തന്റെ മനസ്സിനെ മദിച്ചുകൊണ്ടിരിക്കുന്ന ദുഃഖകാരണം മറിയത്തോടു തുറന്നുപറയണമെന്ന് ജോസഫ് അപ്പോൾ വിചാരിക്കുകയായിരുന്നു. അവൻ കണ്ണീരോടെ ഇപ്രകാരം മനസ്സുതുറന്നു പറഞ്ഞു. “പ്രിയപ്പെട്ടവളേ, ഒരിക്കൽ നിന്നെ ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചതുകൊണ്ടു ഇപ്പോൾ ഈ ദുരവസ്ഥ എനിക്കു വന്നു ഭവിക്കാൻ അവിടുന്ന് ഇടയാക്കിയിരിക്കുകയാണ് എന്നു ഞാൻ ഭയപ്പെടുന്നു. “മറിയം വളരെ സഹതാപപൂർവ്വം ജോസഫിനെ സമാശ്വസിപ്പിച്ചു. ജോസഫ് സംശയിക്കുന്നതുപോലെ അനർത്ഥങ്ങൾ വന്നു ഭവിക്കാൻ ഒരിക്കലും ദൈവം അനുവദിക്കുകയില്ലെന്നും അവൾ ഉറപ്പുകൊടുത്തു. ജോസഫ് ഒരിക്കൽക്കൂടി തന്നെത്തന്നെ എളിമപ്പെടുത്തുകയും അന്ന് താൻ കൈക്കൊണ്ട തെറ്റായ തീരുമാനത്തെക്കുറിച്ചു മാപ്പുചോദിക്കുകയും ചെയ്തു.
“എന്റെ പ്രിയേ, നീ പൂർണ്ണ ഹൃദയത്തോടെ എന്നോടു ക്ഷമിച്ചു എന്നെനിക്കറിയാം. അതുകൊണ്ടു നിന്നെ ഒരിക്കലും എന്നിൽനിന്നു നഷ്ടപ്പെടാതിരിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക; നിന്നെകൂടാതെ എനിക്ക് എന്തു ചെയ്യാൻ കഴിയും? നിന്നെ എനിക്കു നഷ്ടപ്പെട്ടാൽ പിന്നെ എന്റെ ജീവിതം എത്ര കയ്പ്പേറിയതും ദുരിതപൂർണ്ണവുമായിരിക്കും?” ജോസഫ് മറിയത്തോടു പറഞ്ഞൂ.
ദൈവമാതാവ് വീണ്ടും ജോസഫിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: “എല്ലാം അങ്ങനെതന്നെ സംഭവിക്കേണ്ടിയിരുന്നതാണ്. അതോർത്തു ദുഖിക്കുകയോ നഷ്ടധൈര്യനാകുകയോ ചെയ്യേണ്ട കാര്യമില്ല. ധൈര്യമവലംബിച്ചു മുന്നോട്ടു പോകുക.” അർത്ഥസമ്പുഷ്ടമായ ആ വാക്കുകൾ ജോസഫിനെ ഉൾഭയത്തിൽനിന്നു വിടുവിക്കുകയും അവന്റെ മുഖം പ്രശോഭിക്കുകയും ചെയ്തു; മുറിവേറ്റു വേദനിച്ചിരുന്ന ആത്മാവിനെ അതു സ്പർശിച്ചു.
ഈ സമയത്തു ഉറങ്ങുകയായിരുന്ന ഈശോ ഉണരുകയും താല്പര്യത്തോടും സ്നേഹത്തോടുംകൂടി ജോസഫിന്റെ കരങ്ങളിലേക്ക് എടുക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തു. അവൻ കുട്ടിയെ കൈകളിലെടുത്തു വാത്സല്യപൂർവ്വം നെഞ്ചോട് ചേർത്ത് അമർത്തി ചുംബിച്ചു; അതേസമയം ഈശോ ശിശുസഹജമായ രീതിയിൽ തന്റെ സ്നേഹവും ആഹ്ലാദവും പ്രകടിപ്പിക്കുകയും ചെയ്തു. അപ്പോൾ ജോസഫ് അത്യാനന്ദകരമായ ആത്മീയ നിർവൃതിയിൽ ലയിച്ചു; ഉന്നതമായ സ്വർഗ്ഗീയരഹസ്യങ്ങളാണ് അപ്പോൾ അവനു വെളിപ്പെടുത്തിക്കിട്ടിയത്; ദൈവികപുണ്യങ്ങൾ അഭ്യസിപിക്കുന്നതിന്റെ ഭാഗമായി ജോസഫിനെ ദൈവം പല പരീക്ഷണങ്ങൾക്കും വിധേയനാക്കുമെന്നു അതുവഴി അവൻ ഗ്രഹിച്ചു.ഈശോയെ കരങ്ങളിൽ വഹിച്ചുകൊണ്ട് ആ വലിയ ആനന്ദത്തിൽ ഭാഗഭാക്കാകുകയും ഹൃദയത്തിന്റെ അഗാധത്തിൽനിന്നു ദൈവത്തിനു നന്ദി പറയുകയും ചെയ്തു. ജോസഫ് മറിയത്തിനും പ്രത്യേകം നന്ദി പറഞ്ഞു. കാരണം അവളുടെ വാക്കുകൾ വലിയ ആശ്വാസമായിരുന്നു. അവസാനം അവർ ഒന്നുചേർന്നു കർത്താവിനെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.