വി. യൗസേപ്പിതാവ് നേരിടേണ്ടിവന്ന വലിയ അഗ്നിപരീക്ഷ എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 109/200
ജോസഫ് വീട്ടിലെത്തുമ്പോള്‍ മറിയം ഈശോയെ മടിയില്‍ എടുത്തുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ജോസഫിനെ കണ്ടയുടനെ ഈശോ പുഞ്ചിരിച്ചുകൊണ്ട് അവന്റെ കരങ്ങളിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ജോസഫ് മറിയത്തിന്റെ കരങ്ങളില്‍നിന്ന് ഈശോയെ വലിയ സന്തോഷത്തോടെ എടുത്തു. അത് അവന്റെ ആത്മാവിന് എന്തെന്നില്ലാത്ത ആശ്വാസവും സന്തോഷവും പ്രദാനം ചെയ്തു.
സംഭവിച്ചതെല്ലാം ജോസഫ് മറിയത്തോടു തുറന്നുപറഞ്ഞു. അതേക്കുറിച്ചു അവൾക്കു ദൈവം ഉൾക്കാഴ്ച കൊടുത്തിരുന്നു; അവൾ അവനെ ധൈര്യപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ദൈവം ജോസഫിനെ പരീക്ഷിക്കുകയും അതുവഴി പുതിയകൃപകൾ നൽകുകയും ചെയ്യാൻ ആഗ്രഹിച്ചതുകൊണ്ടാണ് ഇത് അനുവദിച്ചത് എന്ന് മറിയം പറഞ്ഞു. അതു കേട്ടപ്പോൾ ജോസഫിനു വലിയ ആശ്വാസം അനുഭവപ്പെടുകയും എന്തും സഹിക്കാനുള്ള മനോധൈര്യം ലഭിക്കുകയും ചെയ്തു.
ജോസഫ് അത്യാവശ്യസാധനങ്ങൾ വാങ്ങുന്നതിനു പട്ടണത്തിൽ ചെല്ലുമ്പോഴെല്ലാം ആ മനുഷ്യർ മറ്റു പലരെയും അവരോടൊപ്പം വിളിച്ചുകൂട്ടുകയും പിറകെ നടന്ന് അസഭ്യം പറയുകയും പതിവായി ചെയ്തിരുന്നു. നരകശക്തികളുടെ അസൂയ നിമിത്തം അനേകം പേർ ജോസഫിനെ വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. ജോസഫ് എത്രമാത്രം നിരപരാധിയും നിഷ്കളങ്കനും യാതൊരുവിധ ഉപദ്രവവും ചെയ്യാൻ കഴിയാത്തവിധം നിസ്സഹായനുമാണെന്ന് എല്ലാവരുടെയും മുൻപിൽ സ്പഷ്ടമാക്കപ്പെടേണ്ടതിനായിരുന്നു അതെല്ലാം ദൈവം അനുവദിച്ചത്. ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ജോസഫ് സമചിത്തനായി മറ്റൊന്നും ശ്രദ്ധിക്കാതെ, തന്റെ ജോലി സംബന്ധമായ കാര്യത്തെക്കുറിച്ചു മാത്രം സംസാരിക്കുകയും തിരിച്ചുപോകുകയും ചെയ്യുന്നതാണ് ആ നാട്ടുകാർ കണ്ടത്. കാരണം അവന്റെ ആത്മാവ് ദൈവത്തിൽ ലയിച്ചിരിക്കുകയും ദൈവത്തിന്റെ ആത്മാവ് അവനെ വലയംചെയ്തിരിക്കുകയുമായിരുന്നു.
എന്നിട്ടും ആ അധർമ്മികൾ ജോസഫിനു സ്വസ്ഥത കൊടുത്തില്ല. അവർ തങ്ങളുടെ ഉപദ്രവങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അസഭ്യഭാഷയിൽ അവർക്കു പറയാവുന്നതെല്ലാം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവരെ നേരിട്ടു കണ്ടുമുട്ടേണ്ടി വരുമ്പോൾ ഏറ്റം വിനയത്തോടെ ജോസഫ് പറയുമായിരുന്നു, ദൈവം തിരുമനസ്സാകുന്ന നിമിഷം അവിടം വിട്ടു പൊയ്ക്കൊള്ളാമെന്ന്. പക്ഷേ, അതു കൂടുതൽ ചീത്തവിളിക്കാൻ അവരെ പ്രേരിപ്പിക്കുകയാണ് ചെയ്തത്. പക്ഷേ, വിശുദ്ധൻ അതെല്ലാം അസാമാന്യദീർഘക്ഷമയോടെ കേൾക്കുകയും മൗനം പാലിക്കുകയും ചെയ്തു; അവർക്കുവേണ്ടി കൂടുതലായി പ്രാർത്ഥിക്കുകയും ചെയ്തു.
എന്നാൽ ഈ അധർമ്മികളിലാരും ജോസഫ് താമസിക്കുന്ന വസതിയുടെ പരിസരത്തുപോലും പ്രവേശിക്കാൻ ദൈവം അനുവദിച്ചില്ല. അങ്ങനെ ചെയ്യണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതു തടസ്സപ്പെടുകയാണുണ്ടായത്. അവർ തുടർന്നും വ്യാപകമായ രീതിയിൽ ജോസഫിനെ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കലും കീഴടക്കാൻ കഴിയാത്ത ജോസഫിന്റെ ദീർഘക്ഷമയുടെ മുമ്പിൽ, അവരുടെ ഉപദ്രവങ്ങൾ നിഷ്പ്രഭമായിത്തീരുകയും അവർ അവനെ വിട്ടുപോകുകയും ചെയ്തു. അങ്ങനെ സമാധാനത്തിൽ ജീവിക്കാൻ ജോസഫിനു ഇടയായിത്തീർന്നു.
പിശാചിനെ ആരാധിക്കുന്ന മനുഷ്യർ അധിവസിക്കുന്ന ദേശത്തുനിന്നു ജോസഫിനെ തുരത്താനുള്ള നിർദ്ദയമായ ഉദ്യമങ്ങളിൽ നിന്ന് സാത്താൻ പിന്തിരിഞ്ഞില്ല. അവരേക്കാൾ ദുഷ്ടരായ ചില മനുഷ്യരെ ഉപയോഗിച്ച് മുമ്പുണ്ടായതിനേക്കാൾ നിഷ്ദൂരമായ പ്രവർത്തികൾ ചെയ്യാൻ പദ്ധതിയിട്ടു. ജോസഫിന്റെ ഭാര്യയെ കവർന്നെടുക്കാൻ അവരെ ദുഷ്ടൻ പ്രേരിപ്പിച്ചു. അങ്ങനെ ഒരു ചിന്ത അവരുടെ മനസ്സിൽ ഉടലെടുക്കുകതന്നെ ചെയ്തു. അതുവരെ അനുഭവിച്ചതിനേക്കാൾ വലിയ അഗ്നിപരീക്ഷ അതായിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.