വി. യൗസേപ്പിതാവിനെ പിശാചിന്റെ അനുചരന്മാര് ചോദ്യം ചെയ്തതും ഭീഷണിപ്പെടുത്തിയതും എന്തിനെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 109/200
മനുഷ്യവംശത്തിന്റെ ആജന്മശത്രുവായ സാത്താന് ജോസഫിനെ നിഷ്ഠൂരമായി വെറുത്തിരുന്നു. അതിനാല്‍, ജോസഫിന്റെ അചഞ്ചലമായ ദീര്‍ഘക്ഷമയെ തകര്‍ക്കാനും മനഃസമാധാനം നശിപ്പിക്കാനും എല്ലാവിധ സൂത്രങ്ങളും പിശാച് പ്രയോഗിക്കുന്നുണ്ടായിരുന്നു. അതിനു വേണ്ടി ധാരാളം വില്ലന്മാരെ ഈജിപ്തില്‍ ജോസഫിനെതിരായി അവന് തയ്യാറാക്കി. തന്മൂലം ജോസഫിന്റെ നിഴല്‍ കാണുന്നതുപോലും ഇഷ്ടമല്ലാത്തവിധം അവരുടെ ഹൃദയത്തില്‍ സാത്താന് വെറുപ്പിന്റെ വിഷം കുത്തിനിറച്ചിരുന്നു.
അന്ധകാരത്തിന്റെ അടിമകളായ ആ മനുഷ്യര്‍ പ്രകാശത്തെ വെറുത്തിരുന്നു. ജോസഫിനെതിരായി അവര്‍ ഗൂഢാലോചന നടത്തുകയും തങ്ങളുടെ രാജ്യത്തുനിന്നു പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ജോസഫിന്റെ വാക്കുകളിലൂടെയും മാതൃകാപരമായ ജീവിതശൈലിയിലൂടെയും നിരവധി മനുഷ്യര്‍ക്കു മനഃപരിവര്ത്തനമുണ്ടാകുമെന്ന് ദുഷ്ടശക്തികള്‍ ഭയപ്പെട്ടിരുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
ചില ദിവസങ്ങളില്‍, ജോസഫിനെ കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ള സ്ഥലത്ത് ഈ അധമന്മാര് ഒത്തുകൂടി. ജോസഫ് വരുന്നതു കണ്ടപാടേ അവര്‍ ആക്രോശിക്കാനും ചീത്തപറയാനും തുടങ്ങി. ‘അവന് എന്തിന് ഈജിപ്തില്‍ വന്നു? എന്തുകൊണ്ട് സ്വന്തം നാടുവിട്ടു പോന്നു? ഇവിടെ എന്തു ചെയ്യാനാണ് ഭാവം? നീ തീര്‍ച്ചയായും ഒരു കുറ്റവാളിയാണ്. അതുകൊണ്ടാണ് നാടുവിട്ട് ഒളിച്ചോടി ഇവിടെ വന്നിരിക്കുന്നത്. നിന്റെ ദ്രോഹം ഇവിടെയും നടപ്പാക്കാനാണു നീ വന്നിരിക്കുന്നത് എന്നതിനു സംശയമില്ല.’ അങ്ങനെ ജോസഫിന് ഈജിപ്തില്‍ ജനകീയ വിചാരണ നേരിടേണ്ടി വന്നു.
ആരോപണം ഉന്നയിക്കുന്നവരുടെ മുമ്പില്‍ ജോസഫ് തലകുനിച്ചു മിണ്ടാതെ നിന്നു. അവസാനം പറഞ്ഞു: ‘ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ദൈവഹിതം നിറവേറ്റുന്നതിനുവേണ്ടി മാത്രമാണ്. അല്ലാതെ യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പ്രവൃത്തികള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്റെ വാക്കുകള്‍ ബോദ്ധ്യം വരും.’ അതുകേട്ടപ്പോള്‍ ആ വഷളന്മാര്ക്കു കലിയിളകുകയും ജോസഫിനെ വീണ്ടും ചീത്തവിളിക്കുകയും ചെയ്തു. എന്നാല്‍ ജോസഫ് അതിനു മറുപടിയൊന്നും പറഞ്ഞില്ല. അവരാകട്ടെ നാടുവിട്ടുപോയില്ലെങ്കില്‍ അവനെ കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ജോസഫ് കുറ്റമൊന്നും ചെയ്തില്ലെങ്കിലും അവനെ ബലമായിട്ട് അവിടെനിന്ന് ഓടിക്കണം എന്നായിരുന്നു അവരുടെ ലക്ഷ്യം അവര്‍ വീണ്ടും വരുമ്പോള്‍ അവിടെങ്ങാനും കണ്ടുപോയിട്ടുണ്ടെങ്കില്‍ ആക്രമിക്കുമെന്നും അവരുടെ താക്കീതു നിരസിച്ചാല്‍ അവര്‍ വീട്ടില്‍ വന്ന് അവനെ ചവിട്ടി പുറത്താകുമെന്നും ഭീഷണിപ്പെടുത്തി. മര്യാദയ്ക്കു മടങ്ങിപ്പോകാന്‍ ഇപ്പോള്‍ അവസരം തന്നിരിക്കുകയാണെന്നുപോലും താക്കീതു ചെയ്തു.
ഹെറോദേസിന്റെ വാളിനെ കൂസാത്ത ജോസഫ് ഈജിപ്തുകാരുടെ നാവിനെ ഭയപ്പെടുമോ? അവര്‍ പറഞ്ഞതു കേട്ടിട്ട് ജോസഫിന് തെല്ലും ഭയം തോന്നിയില്ല. ദൈവം അനുവദിക്കാതെ ആ മനുഷ്യര്‍ക്ക് തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജോസഫിന് നന്നായി അറിയാമായിരുന്നു. എങ്കിലും ഒരു കാര്യത്തെക്കുറിച്ചുള്ള ചിന്ത ജോസഫിനെ അസ്വസ്ഥനാക്കി. അവര്‍ വീട്ടില്‍ ചെന്ന് മറിയത്തെ ഉപദ്രവിക്കുവാനുള്ള സാദ്ധ്യതകളുണ്ടെന്ന ചിന്ത അവനെ അസ്വസ്ഥനാക്കുക തന്നെ ചെയ്തു. അതിനാല്‍ അവന് ദൈവത്തോടു ശക്തിയായി പ്രാര്‍ത്ഥിച്ചു. പിശാചുബാധിതരായ മനുഷ്യരില്‍നിന്നും സാത്താന്റെ എല്ലാ ആവാസകേന്ദ്രങ്ങളില്‍ നിന്നും അവറ്റകളെ നിഷ്കാസനം ചെയ്ത് തങ്ങളെ സംരക്ഷിക്കണമെന്ന് അവന് കര്‍ത്താവിനോടു കേണപേക്ഷിച്ചു.
‘ഓ എന്റെ ദൈവമേ, ഞാന്‍ എന്തുകൊണ്ടാണ് ഇവിടെ വന്നതെന്നും ഇവിടെ തുടരേണ്ടതിന്റെ ആവശ്യകത എന്തെന്നും അവിടുന്ന് അറിയുന്നു. അതിനാല്‍ അങ്ങയുടെ ഏകജാതനെയും അവന്റെ പരിശുദ്ധ അമ്മയെയും കാത്തുകൊള്ളണമെ! അങ്ങയുടെ ഹിതം നിറവേറ്റുകയല്ലാതെ മറ്റൊരു ലക്ഷ്യവും എനിക്കില്ല. ഞങ്ങള്‍ വിചാരണ ചെയ്യപ്പെടുകയും ക്ലേശമനുഭവിക്കുകയും ചെയ്യണമെന്നത് അവിടുത്തെ ഇഷ്ടമാണെങ്കില്‍ അത് ഞാന്‍ ഒറ്റയ്ക്ക് അനുഭവിച്ചുകൊള്ളാം. ഈ നിന്ദനങ്ങളും മുറിപ്പെടുത്തലുകളും ഞാന്‍ അംഗീകരിച്ചുകൊള്ളാം. ഈശോയെയെും മാതാവിനെയും സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാന്‍ അവിടുന്ന് തിരുമനസ്സാകണമെന്ന് ഈ ദാസന് അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.’
‘വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അവര്‍ ഞങ്ങളുടെമേല്‍ ആധിപത്യം പുലര്‍ത്താന്‍ ഒരിക്കലു അനുവദിച്ചു കൊടുക്കരുതേ. ഇതു യാചിക്കാന്‍ തീര്‍ച്ചയായും എനിക്ക് അവകാശമുണ്ട്. അങ്ങയുടെ ദാസന്റെ യാചനകള്‍ നിരസിക്കരുതെ.’ ഇപ്രകാരം പ്രാര്‍ത്ഥിച്ചുകൊണ്ട് ക്ഷമാശീലനായ ജോസഫ് തന്റെ സങ്കേതസ്ഥാനത്തേക്കു നടന്നുപോയി. അപ്പോള്‍ അവന്റെ ആത്മാവില്‍ വലിയ ആശ്വാസം അനുഭവപ്പെട്ടു. ഈ ആഭാസന്മാരുടെ നടുവില്‍ ദൈവം തന്റെ ദാസനെ വിട്ടുപോകുകയില്ലെന്നും എപ്പോഴും അവനെ താങ്ങുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും ഉറപ്പുകൊടുക്കുകയും ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.