ഉണ്ണീശോ കൈകള്‍ വിരിച്ച് കുരിശിന്റെ ആകൃതിയില്‍ കിടന്നിരുന്നതിന്റെ രഹസ്യം അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 108/200

ദിവ്യപൈതലിന്റെ വസ്ത്രങ്ങൾ മാതാവു മാറുമ്പോൾ ചില സന്ദർഭങ്ങളിൽ ജോസഫും സന്നിഹിതനായിരുന്നു. അവൻ ഒരു കാര്യം അപ്പോൾ പ്രത്യേകം ശ്രദ്ധിച്ചു; ഉണ്ണീശോ നഗ്നനായി ഒരു കുരിശിന്റെ ആകൃതിയിൽ കൈവരിച്ചു നിശ്ചലനായി ഏതാനും സമയം കിടക്കുമായിരുന്നു. സ്വർഗ്ഗത്തിലേക്കു ദൃഷ്ടികളുറപ്പിച്ചു ചലനമില്ലാതെ കിടക്കുന്ന കാഴ്ച ജോസഫിന്റെ ഹൃദയത്തെ ആഴത്തിൽ ചിന്തിപ്പിച്ചിരുന്നു.

ഈശോയെ അങ്ങനെ കാണേണ്ടിവരുന്നതിൽ ജോസഫിന് വലിയ ദുഖമുണ്ടായിരുന്നു. കണ്ണുനീരൊഴുക്കിക്കൊണ്ട് അവൻ തന്റെ ഭാര്യയോട് എന്താണ് അതിന്റെ അർത്ഥമെന്ന് ചോദിക്കാറുണ്ട്. ആ രീതിയിൽ ഈശോയെ കണ്ടതിൽ മറിയംതന്നെ വളരെ അസ്വസ്ഥയായിരുന്നു. എങ്കിലും അവൾ പറഞ്ഞു; മനുഷ്യവംശത്തിന്റെ വിമോചനത്തിനുവേണ്ടി അവനെ ദൈവപിതാവ് ഏല്പിക്കുന്നതെന്തും ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് പറഞ്ഞുകൊണ്ട് തന്നെത്തന്നെ സമ്പൂർണ്ണമായി അവിടുത്തേക്ക് സമർപ്പിക്കുന്നതാണ് അതിന്റെ അർത്ഥം എന്നു വ്യക്തമാക്കി. അങ്ങനെ കാണുന്ന സന്ദർഭങ്ങളിൽ മാതാവും തിരുക്കുമാരനോട് ചേർന്ന് തന്നെത്തന്നെ പൂർണ്ണമായും സ്വർഗ്ഗീയപിതാവിനു സമർപ്പിച്ചിരുന്നു.

ഈശോ കുരിശുമരണത്തിലൂടെ തന്റെ ആത്മാവിനെ പിതാവിനു സമർപ്പിക്കുന്നതിനെയാണ് അത് അർത്ഥമാക്കുന്നതെന്ന് അവൾ ജോസഫിനോട് പറഞ്ഞില്ല. ജോസഫിനെ കൂടുതൽ അസ്വസ്ഥനാക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല; എന്തെന്നാൽ, സമർപ്പണത്തിന്റെ വിശദാംശങ്ങളെക്കുറിച്ചു ജോസഫ് തന്നെ പര്യാലോചിക്കുകയും വ്യസനിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശുദ്ധന് ദൈവം തന്നെ നേരിട്ട് അത് വെളിപ്പെടുത്തട്ടെ എന്ന് അവൾ ചിന്തിച്ചു. എന്തെന്നാൽ ദൈവം ഒരു രഹസ്യം വെളിപ്പെടുത്തുമ്പോൾ അതുൾക്കൊള്ളാനുള്ള മനസ്സും വിവേകവും ശക്തിയും അതോടൊപ്പം അവിടുന്ന് നൽകും. വിശുദ്ധൻ അതോർത്തു വളരെയധികം ദുഃഖിച്ചു കരഞ്ഞു. മറിയം ജോസഫിനെ സമാശ്വസിപ്പിച്ചു. അത് സ്വർഗ്ഗീയപിതാവിന്റെ തിരുഹിതമാകയാൽ എല്ലാം നമ്മൾ ക്ഷമയോടെ സഹിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞു. ആ വാക്കുകൾ അവന്ആശ്വാസം നല്കി.; ദൈവഹിതത്തോടു പൊരുത്തപ്പെടാനുള്ള മനസ്സാന്നിധ്യം കൈവരിക്കുകയും ചെയ്തു.

അപ്രകാരം കിടന്നുകൊണ്ട് തന്റെ യാചനകളും കണ്ണുനീരും സ്വർഗ്ഗീയപിതാവിനു സമർപ്പിച്ചശേഷം ഈശോ തന്റെ കുഞ്ഞുകണ്ണുകൾ തുറന്ന് ജോസഫിനെ നോക്കി; തന്റെ അടുത്തേക്കു ചെല്ലാൻ ജോസഫിനെ തലയാട്ടി വിളിച്ചു. വളരെ വിനയത്തോടും ആദരവോടും കൂടി ജോസഫ് അത് അനുസരിച്ചു. അപ്പോൾ ഈശോ തന്റെ കുഞ്ഞുശിരസ്സ് ജോസഫിന്റെ മുഖത്തോട് അടുപ്പിച്ചു അവനെ ആലിംഗനം ചെയ്തു. ജോസഫിന് അത് വലിയ ആശ്വാസം പകർന്നു. അവൻ തിരുക്കുമാരന്റെ മുൻപിൽ മുട്ടുകുത്തി, ഏറ്റം വണക്കത്തോടെ അവന്റെ രാജകീയമഹത്വത്തെ ആരാധിച്ചു. ഈശോയുടെ കുഞ്ഞു തൃപ്പാദങ്ങളെ ഏറ്റം വാത്സല്യത്തോടും ആദരവോടും കൂടി അവൻ ചുംബിച്ചു. അങ്ങനെ ചെയ്യുന്നതു കണ്ടാൽ അവൻ മുമ്പൊരിക്കലും ഈശോയുടെ അംഗലാവണ്യവും കൈകാലുകളും കണ്ടിട്ടില്ലെന്നു തോന്നിപോകും.

ഈശോയിൽ നിന്ന് പ്രത്യേകമായ കൃപകൾ ലഭിക്കുന്ന സമയത്തു ജോസഫിന്റെ മുഖഭാവം ഒരു മാലാഖയുടേതുപോലെ ശോഭിക്കുകയും പ്രകാശം പ്രസരിക്കുകയും ചെയ്തിരുന്നു. അപ്പോൾ അവനെ നോക്കാൻ ഇടയാകുന്നവർക്കെല്ലാം ആന്തരികമായ സമാശ്വാസം ലഭിച്ചിരുന്നു. അത് മനുഷ്യരിൽ അവനോട് ആദരവും ബഹുമാനവും തോന്നാൻ ഇടവരുത്തി.

ദൈവത്തെ അറിയാത്ത മനുഷ്യരായിരുന്നെങ്കിലും വിഗ്രഹങ്ങളെ ആരാധിക്കുന്ന അവരുടെ ഹൃദയങ്ങളെ പരിവർത്തനപ്പെടുത്താൻ വേണ്ടി ദൈവം അത്ഭുതാവഹമായ അക്കാര്യങ്ങൾ അവർക്കു പ്രകടമാക്കികൊടുത്തു. അവർ വിശുദ്ധനെ മനസ്സിലാക്കുവാനും സ്നേഹപൂർവ്വം ഇടപെടുവാനും ബഹുമാനത്തോടെ തിരുക്കുടുംബത്തെ സമീപിക്കാനും വേണ്ടിയായിരുന്നു അത്. അവന്റെ വാക്കുകൾ അവരുടെ ഹൃദയത്തിൽ വെളിച്ചം വിതറുകയും ഏകസത്യദൈവത്തെക്കുറിച്ചു അവർക്ക് അറിവു ലഭിക്കുകയും ചെയ്തു.

ചില മനുഷ്യർക്ക് ദൈവകൃപയിലേക്കു വിളി ലഭിച്ചു; ജോസഫിന്റെ വാക്കുകളിലും പെരുമാറ്റത്തിലും ആകൃഷ്ടരായ അവർ കൂടെക്കൂടെ അവനെ കാണാൻ വരികയും അവനിൽ നിന്ന് കേൾക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്തു. ജോസഫ് പ്രത്യേക താല്പര്യത്തോടെ അവരോടു സംസാരിക്കുകയും സത്യം അവർക്ക് സുഗ്രാഹ്യമാക്കികൊടുക്കുകയും ചെയ്തു; പ്രത്യേകിച്ച് നിത്യവും നിലനിൽക്കുന്നതും ഏകദൈവവുമായ സമ്പൂർണ്ണസത്യത്തെക്കുറിച് അവർ ആരാധിക്കുന്ന സങ്കല്പദൈവങ്ങളല്ല ഈ വിശ്വപ്രപഞ്ചത്തെ സൃഷ്ടിച്ചത് എന്ന് അവർക്കു ബോധ്യപ്പെടുത്തികൊടുത്തു.

എന്നാൽ, സത്യത്തെക്കുറിച്ചു അവൻ അവരെ പരസ്യമായിട്ടല്ല, രഹസ്യമായിട്ടാണ് പഠിപ്പിച്ചത്.തന്നോട് സൗഹൃദം പുലർത്തിയിരുന്ന മറ്റു പലരെയും അവൻ ഇപ്രകാരം സത്യത്തിന്റെ പ്രകാശവേദിയിലേക്ക് ആനയിച്ചു. അങ്ങനെ വിശുദ്ധ ജോസഫിന് ആ നഗരത്തിൽ താമസിച്ചിരുന്നിടത്തോളം കാലം അനേകരുടെ ഹൃദയങ്ങളെ സത്യത്തിലേക്കു തിരിക്കുവാൻ സാധിച്ചിരുന്നു. എങ്കിലും ആ നഗരത്തിലുള്ളവർ പൊതുവെ അതൊന്നും അറിഞ്ഞിരുന്നില്ല. ജോസഫിന്റെ വാക്കുകളിൽ നിന്നു സത്യവെളിച്ചം ലഭിച്ചവർ ചെന്ന് തങ്ങളുടെ അടുത്ത സുഹൃത്തുക്കളോട് പറയുകയും സത്യദൈവത്തെക്കുറിച്ചുള്ള അറിവ് അങ്ങനെ മറ്റുള്ളവരിലേക്കു പ്രചരിക്കുകയും ചെയ്തു.

അങ്ങനെ, ജോസഫിന്റെ വിശുദ്ധിയും അവൻ അനുവർത്തിച്ചുപോന്ന സുകൃതങ്ങളും വഴി മറ്റുള്ളവർക്ക് ആ പുണ്യജീവിതം ഒരു നല്ല മാതൃകയായിത്തീർന്നു. അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്നവരുടെ ഹൃദയങ്ങളിൽ അതിബൃഹത്തായ മതിപ്പാണ് ഉളവാക്കിയത്. ആ വാക്കുകളിൽ നിറഞ്ഞു നിന്ന ദൈവാത്മാവിന്റെ ശക്തികൊണ്ടുമാത്രമല്ല, അവന്റെ സ്വതസിദ്ധമായ ധാർമ്മികമൂല്യങ്ങളും ഹൃദയത്തെ തുളച്ചുകയറാനുള്ള പ്രാഭവമാർന്ന വാക്ചാതുരികൊണ്ടുമാണ് അത് സാധിച്ചത്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles