ജോസഫ് ദൈവാശ്രയത്തിന്റെ മധ്യസ്ഥൻ
മത്തായിയുടെ സുവിശേഷത്തിൽ (മത്താ 6 :25-34) ഈശോ ദൈവാശ്രയ ബോധത്തെക്കുറിച്ചു പഠിപ്പിക്കുന്നു. ഈശോ സ്വർഗ്ഗസ്ഥനായ പിതാവിനെ ആശ്രയിക്കുന്നതിന്റെ ഒരു തുടർച്ചയായിരുന്നു മദർ തേരേസയുടെ ജീവിതവും. തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് 38 മുപ്പത്തിയെട്ടാം വയസ്സിൽ 1948 ൽ കൽക്കത്തയിലെ തെരുവോരങ്ങളിലേക്ക് കന്യാകാലയത്തിന്റെ സുരക്ഷിത ഭിത്തി ഭേദിച്ച് കാരുണ്യത്തിന്റെ സ്നേഹ കൂടാരങ്ങൾ നിർമ്മിക്കാൻ ഇറങ്ങി തിരച്ചപ്പോൾ കൈവശമുണ്ടായിരുന്നത് സമ്പത്ത് ദൈവാശ്രയബോധം മാത്രമായിരുന്നു.
പരമ്പരാഗത സഭാ വസ്ത്രം ഉപേക്ഷിച്ച്, തോട്ടിപ്പണിക്കാർ ധരിക്കുന്ന സാരിയും ധരിച്ച്, കൂട്ടിനാരുമില്ലാതെ, സാമ്പത്തിക സുരക്ഷയില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി , കാലെടുത്തു വയ്ക്കുമ്പോൾ ദൈവാശ്രയ ബോധമല്ലാതെ മറ്റൊന്നും കാരുണ്യത്തിന്റെ മാലാഖയുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. ആ ദൈവാശ്രയ ബോധത്തിൻ്റെ ഉറച്ച അടിസ്ഥാനത്തിൽ ഉപവിയുടെ സഹോദരിമാർ ലോകം മുഴുവനിലും കാരുണ്യം ചൊരിയുന്നു.
യൗസേപ്പിതാവിൻ്റെ ജീവിതവും മറ്റൊന്നായിരുന്നില്ല. ദൈവാശ്രയ ബോധത്തിൽ ജീവിതം നെയ്തെടുത്ത ഒരു നല്ല കുടുബ നാഥനായിരുന്നു പുതിയ നിയമത്തിലെ ജോസഫ്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യങ്ങളോട് ആമ്മേൻ പറഞ്ഞു രക്ഷാകര പദ്ധതിയിൽ സഹകരിക്കാൻ ധൈര്യപൂർവ്വം മുന്നോട്ടു വന്നപ്പോൾ സഹായമായി ഉണ്ടായിരുന്നത് പരിശുദ്ധ ത്രിത്വത്തിലുള്ള അടിയുറച്ച ആശ്രയമായിരുന്നു.
ദൈവത്തിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ അത്ഭുതങ്ങളുടെ അനുഗ്രഹമാരി വർഷിക്കുമെന്ന് യൗസേപ്പിതാവിൻ്റെയും മദർ തേരേസായുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നു. “ദൈവത്തിൽ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.(ഏശയ്യാ 40 : 31) എന്ന തിരുവചനം നമുക്കു മറക്കാതിരിക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.