ജോസഫ് സ്വർഗ്ഗീയ പിതാവിനെപ്പോലെ പരിപൂർണ്ണനാകാൻ പരിശ്രമിച്ചവർ
മത്തായിയുടെ സുവിശേഷത്തിൽ , നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണരായിരിക്കുവിന്.
( മത്തായി 5 : 48) എന്നു ഈശോ പഠിപ്പിക്കുന്നു. ഈ പരിപൂർണ്ണത കാരുണ്യം കാണിക്കലാണ് എന്ന് ലൂക്കാ സുവിശേഷകൻ വിവരിക്കുന്നു. “നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.”
(ലൂക്കാ 6 : 36 ) കാരുണ്യത്തിൻ്റെ ജീവിതം നയിച്ചുകൊണ്ടാണ് യൗസേപ്പിതാവ് പരിപൂർണ്ണതയിലേക്ക് വളർന്നത്. കാരുണ്യം ആ വിശുദ്ധ ജീവിതത്തിൻ്റെ മുഖമുദ്രയും ശക്തിയുമായിരുന്നു. കാരുണ്യം യൗസേപ്പിതാവിനു കലവറയില്ലാത്ത സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു.
ദൈവീക പദ്ധതികളുടെ രഹസ്യം അജ്ഞാതമായിരുന്നപ്പോഴും കാരുണ്യം കാണിക്കുന്നതിൽ അവൻ വൈമനസ്യം കാട്ടിയില്ല. താൻ കണ്ടുമുട്ടിയ വ്യക്തികളിലെല്ലാം ദൈവകാരുണ്യത്തിൻ്റെ ശീതളഛായ അവൻ പകർന്നു നൽകി. മനുഷ്യവതാരം ചെയ്ത ഈശോ സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂർണ്ണരാകാൻ നമ്മെ ക്ഷണിക്കുന്നെങ്കിൽ അതിനു കാരണം മനുഷ്യവംശത്തിനു അതു സാധ്യമായതുകൊണ്ടാണ്. തൻ്റെ വളർത്തു പിതാവായ യൗസേപ്പ് ഒരു മനുഷ്യ വ്യക്തി എന്ന നിലയിൽ പരിപൂർണ്ണതയിലേക്കും വളരുന്നത് ദൈവപുത്രനായ ഈശോ കണ്ടനുഭവിച്ചിരുന്നു. അതിനാൽ ദൈവകൃപയിൽ ആശ്രയിച്ച് സ്വർഗ്ഗീയ പിതാവിൻ്റെ പരിപൂർണ്ണതയിലേക്കു നമുക്കും വളരാൻ കഴിയുമെന്ന് ഈശോ പഠിപ്പിക്കുന്നു.
വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ കാരുണ്യം വർഷിച്ചുകൊണ്ട് സ്വർഗ്ഗീയ പിതാവിൻ്റെ പരിപൂർണ്ണതയിലേക്കു നമുക്കു വളരാം.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.