ജോസഫ്: ഹൃദയം കൊണ്ട് സ്വർഗ്ഗത്തിലായിരുന്നവൻ
മണ്ണില്‍ ജീവിച്ചപ്പോഴും ഹൃദയം കൊണ്ട് സ്വര്‍ഗ്ഗത്തിലായിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. ഹൃദയ വിശുദ്ധി കാത്തു സൂക്ഷിച്ച യൗസേപ്പ് എന്നും തന്റെ ഹൃദയം സ്വര്ഗ്ഗത്തിനനുയോജ്യമാക്കി.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും എന്ന അഷ്ട ഭാഗ്യങ്ങളിലെ യേശു വചനം യൗസേപ്പിന്റെ ജീവിതത്തില്‍ അന്വര്ത്ഥമായതാണ്. ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യ മനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത സ്വര്‍ഗ്ഗരാജ്യമാണ് എന്നു യൗസേപ്പു മനസ്സിലാക്കിയിരുന്നു. അതിനു അവനു സാധ്യമായത് ഹൃദയ വിശുദ്ധിയാലാണ്.
ഹൃദയം ജീവൻ്റെ ഉറവിടമാണ് ദൈവത്തിൻ്റെ വാസസ്ഥലവുമാണ്. ഒരു പിതാവിനടുത്ത കടമകൾ മുറതെറ്റാതെ ഈ ഭൂമിയിൽ നിർവ്വഹിക്കുമ്പോഴും അവൻ്റെ ഹൃദയം സ്വർഗ്ഗത്തിലായിരുന്നു.
കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ You Cat നമ്പർ 158ൽ എന്താണ് സ്വർഗ്ഗമെന്നതിനു ലളിതമായ ഉത്തരം നൽകുന്നു : “സ്വർഗം സ്നേഹത്തിൻ്റെ അവസാനിക്കാത്ത നിമിഷമാണ്. ” സ്നേഹം അവസാനിക്കാത്ത നിമിഷം നിത്യതയാണ്. സ്വർഗ്ഗത്തിൽ എത്തിച്ചേരുമ്പോൾ മനുഷ്യൻ ദൈവത്തിൻ്റെ നിത്യതയിൽ പങ്കുപറ്റുകയും നിത്യജീവൻ അവൻ്റെ അവകാശമാക്കുകയും ചെയ്യുന്നു.
ഭൂമിയിലെ ചെറുതും വലുതുമായ പ്രലോഭനങ്ങളെ അതർഹിക്കുന്ന അവഗണനയോടെ തിരസ്കരിക്കാൻ കഴിയണമെങ്കിൽ ഉന്നതത്തിലുള്ളവയിൽ നമ്മുടെ ഹൃദയം നങ്കൂരമിടണമെന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. ഹൃദയം കൊണ്ടു സ്വർഗ്ഗത്തിലായിരുന്നു കൊണ്ട് ഭൂമിയിൽ കടമകൾ നിറവേറ്റുക.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.