“ഇന്നു മുതൽ ഞാൻ യൗസേപ്പിതാവിന്റെ പ്രിയ ഭക്തനായിരിക്കും…!”
പതിനാറാം നൂറ്റാണ്ടിൽ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായോടൊപ്പം ചേർന്ന് കർമ്മലീത്താ സഭാ നവീകരണത്തിനായി പ്രയ്നിച്ച കർമ്മലീത്താ സഭാ വൈദീകനാണ് കുരിശിൻ്റെ വിശുദ്ധ യോഹന്നാൻ, അദ്ദേഹം യൗസേപ്പിതാവിൻ്റെ ഭക്തനായി മാറിയ സംഭവമാണ് ഇന്നത്തെ ചിന്താവിഷയം.
ഒരിക്കൽ കർമ്മലീത്ത സന്യാസസഹോദരങ്ങൾ ആശ്രമത്തിനു സമീപത്തുകൂടെ നടക്കുമ്പോൾ വളരെ സുന്ദര മുഖമുള്ള ഒരു മനുഷ്യനെ കണ്ടുമുട്ടി. ” പിതാക്കന്മാരെ എന്തുകൊണ്ടാണ് നിങ്ങളുടെ സന്യാസസഭ വിശുദ്ധ യൗസേപ്പിതാവിനോട് വലിയ ഭക്തി പ്രകടിപ്പിക്കുന്നത്?” ആ വ്യക്തി അവരോടു ചോദിച്ചു.
“ഞങ്ങളുടെ വിശുദ്ധ അമ്മ ത്രേസ്യാ യൗസേപ്പിൻ്റെ വലിയ ഭക്തയായിരുന്നു. അവൾ സ്ഥാപിച്ച എല്ലാ മഠങ്ങൾക്കും സഹായം അവനിൽ നിന്നു ലഭിച്ചിരുന്നു… കർത്താവിൽ നിന്നു ധാരാളം അനുഗ്രഹങ്ങൾ ലഭിക്കാൻ യൗസേപ്പിൻ്റെ രക്ഷാകർതൃത്വത്തിലായിരുന്നു അവൾ എല്ലാ മഠങ്ങളും സ്ഥാപിച്ചിരുന്നത് .” അവർ അവനു മറുപടി നൽകി.
” നിങ്ങൾക്കു ഇനിയും അവൻ്റെ ധാരാളം അനുഗ്രഹങ്ങൾ ലഭിക്കും” സുന്ദരനായ ആ മനുഷ്യൻ സന്യാസികളോടു പറഞ്ഞു. ” പ്രിയ അച്ചന്മാരെ ആ വിശുദ്ധനോടു അഗാധമായ ഭക്തി പുലർത്തുക കാരണം നിങ്ങൾ അവനോടു ആവശ്യപ്പെടുന്നതൊന്നും തിരസ്ക്കരിക്കുകയില്ല.” ഇത്രയും കൂടി പറഞ്ഞതിനു ശേഷം ആ മനുഷ്യൻ അവരുടെ മുമ്പിൽ നിന്നും അപ്രത്യക്ഷനായി.
ആശ്രമത്തിൽ തിരിച്ചെത്തിയ സന്യാസികൾ കുരിശിൻ്റെ യോഹന്നാനോടു സംഭവിച്ച കാര്യങ്ങൾ വിവരിച്ചു പറഞ്ഞു. “നിങ്ങൾ അവനെ തിരിച്ചറിഞ്ഞില്ലേ? അതു വിശുദ്ധ യൗസേപ്പിതാവായിരുന്നു ! അവൻ്റെ മുമ്പിൽ പോയി മുട്ടുകുത്തുവിൻ.” യോഹന്നാൻ അവരോടു പറഞ്ഞു . കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ആ പുണ്യ പുരോഹിതൻ തൻ്റെ സഹ സന്യാസിമാരോടു വിനയത്തോടെ തുടർന്നു: ” യൗസേപ്പിതാവ് നിങ്ങൾക്കു വേണ്ടി വന്നതല്ല എനിക്കു വേണ്ടി വന്നതാണ് കാരണം ഇതുവരെ അവൻ അർഹിക്കുന്ന വിധത്തിൽ അവനോടു ഞാൻ ഭക്തി കാണിച്ചിരുന്നില്ല എന്നാൽ ഇന്നു മുതൽ ഞാൻ അവൻ്റെ പ്രിയ ഭക്തനായിരിക്കും. “
കുരിശിൻ്റെ വിശുദ്ധ യോഹന്നാൻ്റെ മാതൃക പിൻചെന്ന് നമുക്കും യൗസേപ്പിതാവിൻ്റെ പ്രിയ ഭക്തരാകാം.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.