അമലോത്ഭവ തിരുനാളും വിശുദ്ധ യൗസേപ്പിതാവും
ഡിസംബര്‍ എട്ടാം തീയതി തീരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതല്‍ ഉത്ഭവപാപത്തില്‍ നിന്നു പരിരക്ഷിച്ചു എന്നാതാണ് അമലോത്ഭവസത്യം. ആരംഭകാലം മുതല്‍ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനത്തില്‍ സഭ വിശ്വസിച്ചിരുന്നു.
പൗരസ്ത്യ സഭകളില്‍ എഴാം നൂറ്റാണ്ടു മുതല്‍മുതല്‍ മറിയത്തിന്റെ ഗര്‍ഭധാരണം എന്ന പേരില്‍ ഒരു തിരുനാള്‍ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ഇതു പാശ്ചാത്യ സഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതല്‍ മറിയത്തിന്റെ അമലോത്ഭവം എന്ന പേരില്‍ ഈ തിരുനാള്‍ അറിയപ്പെടാന്‍ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ഈ തിരുനാള്‍ ആഗോള സഭയില്‍ ആഘോഷിച്ചു തുടങ്ങി. 1854 ഡിസംബര്‍ മാസം എട്ടാം തീയതി ഒന്‍പതാം പിയൂസ് പാപ്പാണ് മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അത് ഇപ്രകാരമാണ്: ‘അനന്യമായ ദൈവകൃപയാലും സര്‍വ്വ ശക്തനായ ദൈവത്തിന്റെ ആനുകൂല്യത്തിലും മനുഷ്യവംശത്തിന്റെ രക്ഷകനായ യേശു ക്രിസ്തുവിന്റെ യോഗ്യതകളെ മുന്‍നിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ ഉത്ഭവപാപത്തിന്റെ സകല മാലിന്യങ്ങളിലും നിന്നു പരിരക്ഷിക്കപ്പെട്ടു’.
വിശുദ്ധ യൗസേപ്പിതാവിന്റെ അമലോത്ഭവ ജനത്തെക്കുറിച്ചുള്ള ഒരു സ്വകാര്യ വെളിപാടാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ചര്‍ച്ചാ വിഷയം.സ്വകാര്യ വെളിപാടുകള്‍ ഒരിക്കലും ഈശോ മിശിഹായിലൂടെ ദൈവം വെളിവാക്കിയ ദൈവീക വെളിപാടുകള്‍ക്ക് തുല്യമാവുകയില്ല. സ്വകാര്യ വെളിപാടുകള്‍ വിശ്വസിക്കാന്‍ കത്തോലിക്കര്‍ കടപ്പെട്ടവരല്ല. എന്നിരുന്നാലും അവ വിശ്വാസ വളര്‍ച്ചയില്‍ ചിലര്‍ക്ക് സഹായകമായേക്കാം എന്നു ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ.
ഈശോയുടെ വിലയേറിയ തിരുരക്തത്തിന്റെ സഹോദരിമാര്‍ (congregation of the Sisters of the Precious Blood) എന്ന സന്യാസസമൂഹത്തിലെ അംഗവും അമേരിക്കക്കാരിയുമായ സി. മേരി എഫ്രേം (മില്‍ഡ്രഡ് മേരി ന്യൂസില്‍ 1916-2000) ലഭിച്ച സ്വകാര്യ വെളിപാടുകളാണ് ഔവര്‍ ലേഡി ഓഫ് അമേരിക്ക പ്രത്യക്ഷീകരണങ്ങള്‍ (the apparitions of Our Lady of America) എന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നത്.
അമേരിക്കന്‍ ഐക്യനാടുകളുടെ വിശുദ്ധിയും മാനസാന്തരവും കുടുംബ വിശുദ്ധീകരണവുമാണ് ദര്‍ശനങ്ങളിലൂടെ പരിശുദ്ധ മറിയം ആഹ്വാനം ചെയ്യുന്നത്.
1956 ഒക്ടോബറില്‍ സി. മേരി എഫ്രേമിനുണ്ടായ ഒരു സ്വകാര്യ വെളിപാടില്‍ യൗസേപ്പിതാവിന്റെ അമലോത്ഭവ ജനത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷീകരണത്തിനു ശേഷം യൗസേപ്പിതാവിന്റെ സംഭാഷണങ്ങള്‍ സി. മേരി കേള്‍ക്കാന്‍ തുടങ്ങി തന്റെ ഗര്‍ഭധാരണത്തിന് തൊട്ടുപിന്നാലെ, ഈശോയുടെ യോഗ്യതയാലും ദൈവപുത്രന്റെ കന്യക പിതാവ് എന്ന അസാധാരണമായ നിയോഗത്താലും യൗസേപ്പിതാവ് യഥാര്‍ത്ഥ പാപത്തിന്റെ കറയില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ടുവെന്ന് സി. മേരിക്കു യൗസേപ്പിതാവു വെളിപ്പെടുത്തുന്നു.
‘എന്റെ പരിശുദ്ധ ഹൃദയം എന്റെ അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതല്‍ ദൈവത്തോടുള്ള സ്‌നേഹത്താല്‍ ജ്വലിച്ചു. എന്റെ ആത്മാവ് ആദിപാപത്തില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ട നിമിഷത്തില്‍, കൃപ സമൃദ്ധമായി അതില്‍ നിവേശിക്കപ്പെട്ടു, അതുവഴി എന്റെ വിശുദ്ധ പങ്കാളിയായ മറിയം കഴിഞ്ഞാല്‍ , മാലാഖ വൃന്ദത്തിലെ ഏറ്റവും ഉയര്‍ന്ന മാലാഖയുടെ വിശുദ്ധിയെപോലും ഞാന്‍ മറികടന്നു.
സിസ്റ്റര്‍ മേരി എഫ്രേമിന്റെ ആത്മീയ നിയന്താവായിരുന്ന ആര്‍ച്ച് ബിഷപ്പ് പോള്‍ എഫ്. ലീല്‍ബോള്‍ഡ് (Archbishop Paul F. Leilbold) ഔവര്‍ ലേഡി ഓഫ് അമേരിക്കയുടെ സന്ദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയ മെഡലുകലുകള്‍ക്കും അംഗീകാരം (Imprimatur ) നല്‍കുകയും പ്രത്യക്ഷീകരണത്തെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു.
2007 മെയ് 31-നു ഇന്നു കര്‍ദ്ദിനാള്‍ പദവി വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് റെയ്മണ്ട് എല്‍. ബര്‍ക്ക് (Archbishop Raymond L. Burke ) ഒരു കത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
‘ആര്‍ച്ച് ബിഷപ്പ് ലീബോള്‍ഡാണ് ഈ ഭക്തി അംഗീകരിക്കുകയും, അതിലുപരിയായി അദ്ദേഹം ഈ ഭക്തിയെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നാണ് കാനോനികമായി നമുക്കെത്താന്‍ കഴിയുന്ന നിഗമനം. അതുകൂടാതെ, വര്‍ഷങ്ങളായി, മറ്റ് ബിഷപ്പുമാര്‍ ഈ ഭക്തിയെ അംഗീകരിക്കുകയും ഔവര്‍ ലേഡി ഓഫ് അമേരിക്ക എന്ന പേരിലുള്ള ദൈവമാതാവിനോടുള്ള ഭക്തിയെ അംഗീകരിക്കുകയും പൊതു പ്രാര്‍ത്ഥനാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.’
പാപരഹിത ജീവിതം നയിക്കാന്‍ ഈശോയും പരിശുദ്ധ മറിയവും യൗസേപ്പിതാവും നമുക്കു തുണ നല്‍കട്ടെ
~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.