യാചകനായ വൈദികന്‍ മാര്‍പാപ്പയുടെ കുമ്പസാരക്കാരനായ കഥ

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

ഒരിക്കല്‍ ഒരു കത്തോലിക്കാ വൈദികന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാനായി റോമിലെത്തി. അനുവദിച്ചിരുന്ന സന്ദര്‍ശനസമയത്തിനു മുമ്പേ എത്തിയതിനാല്‍ ബസിലിക്കപ്പള്ളിയില്‍ പോയൊന്ന് പ്രാര്‍ത്ഥിച്ചിട്ടു വരാമെന്ന് ആ വൈദികന്‍ വിചാരിച്ചു. അദ്ദേഹം ബസിലിക്ക മുഴുവന്‍ ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ അനേകം ഭിക്ഷാടകരായ മനുഷ്യരെ അവിടെ കണ്ടു. അവരുടെ നേര്‍ക്ക് കണ്ണോടിക്കവേ, തനിക്ക് പരിചിതമായൊരു മുഖം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഇയാളെ ഞാനെവിടെയോ കണ്ടിട്ടുണ്ട്…ഓര്‍മ്മ കിട്ടുന്നില്ലല്ലോ.
സൂക്ഷിച്ചുനോക്കുന്നതിനു വേണ്ടി വൈദികന്‍ കുറച്ചുക്കൂടി അടുത്തേക്ക് ചെന്നു. താടിയും മുടിയും നീട്ടി, കീറിപ്പറിഞ്ഞ വസ്ത്രവും, എല്ലും തോലുമായിരുന്ന് കൈനീട്ടുന്ന ആ മനുഷ്യനെ അദ്ദേഹം തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെയൊപ്പം സെമിനാരിയില്‍ പഠിച്ചിരുന്നവനല്ലേ ഇത്? അതെ. അവന്‍ തന്നെ. അദ്ദേഹം അയാളോട് ചോദിച്ചു, ‘എന്നെ ഓര്‍മ്മയുണ്ടോ? നമ്മളൊരുമിച്ച് സെമിനാരിയില്‍.. നീയെങ്ങനെ ഇവിടെത്തി? നിനക്കെന്താ പറ്റിയത്?’

‘എന്നെ വെറുതെ വിടൂ, ഇപ്പോള്‍ ഞാനൊരു വൈദികനല്ല, വെറും തെരുവുതെണ്ടി മാത്രമാണ്’ ഭിക്ഷാടകന്‍ മറുപടി നല്‍കി.

എന്തുപറയണമെന്നറിയാതെ നിന്ന വൈദികന്‍ തന്റെ വാച്ചിലേക്ക് നോക്കി, പാപ്പായുമായുള്ള കൂടികാഴ്ചയ്ക്ക് സമയമായിരിക്കുന്നു. അധിക നേരമിനിയിവിടെ നിന്നാല്‍ താമസിക്കും. ‘ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാം, എന്ന് ഭിക്ഷാടകനായ തന്റെ പൂര്‍വ്വ സഹപാഠിക്ക് മറുപടി നല്‍കികൊണ്ട് വൈദികന്‍ തിരിച്ചു നടന്നു.
അദ്ദേഹത്തെക്കൂടാതെ മറ്റുരാജ്യങ്ങളില്‍ നിന്നുംവന്ന ചില വൈദികര്‍ കൂടി മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാനായി കാത്തിരിക്കുന്നു ണ്ടായിരുന്നു. ഓരോത്തര്‍ക്കും അനുവദിച്ചിരിക്കുന്ന സമയം വളരെ കുറവാണ്. പാപ്പാ വന്ന് അദ്ദേഹത്തിന്റെ വലതുകരം നീട്ടുമ്പോള്‍, അധികാരമോതിരത്തില്‍ ചുംബിക്കണം. അതിനുശേഷം എനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നോ, ഞാന്‍ അങ്ങേയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നോ പറയണം. അങ്ങനെയാണ് സാധാരണ എല്ലാവരും ചെയ്യുന്നത്. ആ വൈദികന്‍ തന്റെ ഊഴത്തിനായി കാത്തിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തിന്റെ സെക്രട്ടറിയോടൊപ്പം കടന്നു വന്നു. സെക്രട്ടറി വൈദികനു നല്‍കാനായി ഒരു ജപമാല പാപ്പായ്ക്ക് നല്‍കി. അതദ്ദേഹം ആശീര്‍വദിച്ച ശേഷം പുഞ്ചിരിച്ചുകൊണ്ട് വൈദികന്റെ നേര്‍ക്ക് നീട്ടി. വൈദികന്‍ ജപമാല വാങ്ങിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മോതിരത്തില്‍ ചുംബിച്ചു. ഇനിയെന്തെങ്കിലും പറയണ്ടേ? ഏതാണ് പറയേണ്ടത്? ആ നിമിഷം വൈദികന്റെ മനസ്സിലേക്ക് എത്തിയത് താന്‍ കുറച്ചുനേരം മുമ്പ് കണ്ട ഭിക്ഷാടക സുഹൃത്തിന്റെ മുഖമായിരുന്നു. ‘എന്റെ സുഹൃത്തിനു വേണ്ടി അങ്ങ് പ്രാര്‍ത്ഥിക്കണം’, അദ്ദേഹം പാപ്പായോട് പറഞ്ഞു.

സന്ദര്‍ശനത്തിനെത്തിയ മറ്റുവൈദികരെ അപേക്ഷിച്ച് ആദ്യമായാണ് ഒരാള്‍ വേറൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യ പ്പെട്ടിരിക്കുന്നത്. മാര്‍പാപ്പയെ അത് ആശ്ചര്യപ്പെടുത്തി. ‘ആരാണ് താങ്കളുടെ സുഹൃത്ത്?’, അദ്ദേഹം വൈദികന്റെ ആ സുഹൃത്തിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചു. ഏകദേശം ഒരു മണിക്കൂറിലധികമിരുന്ന് വൈദികന്‍ ഭിക്ഷാടകനായി തീര്‍ന്ന വൈദിക സുഹൃത്തിന്റെ കാര്യം അവതരിപ്പിച്ചു. മാര്‍പ്പാപ്പ എല്ലാം കേട്ടതിനുശേഷം, സുഹൃത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാമെന്നു വൈദികന് ഉറപ്പുനല്‍കി. സന്ദര്‍ശനത്തിനുശേഷം വൈദികന്‍ തിരിച്ച് റൂമിലെത്തി വിശ്രമിച്ചു. നാളെ തന്നെ അദ്ദേഹത്തിന് റോമില്‍നിന്ന് നാട്ടിലേക്ക് തിരിക്കേണ്ടതുണ്ട്.

അന്ന് രാത്രി വത്തിക്കാനിലെ മാര്‍പാപ്പയുടെ ഓഫിസില്‍ നിന്ന് വൈദികന് ഒരു ഫോണ്‍കോള്‍ വന്നു. നാളെത്തന്നെ ഭിക്ഷാടകനായ ആ സുഹൃത്തിനെയും കൂട്ടി മാര്‍പ്പായെ കാണാന്‍ വരണമെന്ന്. വൈദികനു പറഞ്ഞറിയിക്കാന്‍ വയ്യാത്ത തരത്തില്‍ സന്തോഷം അനുഭവപ്പെട്ടു. അക്കാര്യം സുഹൃത്തിനെ അറിയിക്കാനായി ആ രാത്രിയില്‍ തന്നെ അദ്ദേഹം ബസിലിക്കയിലേക്ക് ഓടി കിതച്ചെത്തി. ഭിക്ഷാടകരുടെ ഇടയില്‍ അദ്ദേഹം അയാളെ കണ്ടെത്തി. ‘നിന്റെ കാര്യം ഞാന്‍ മാര്‍പ്പാപ്പയോട് ഇന്നലെ പറഞ്ഞിരുന്നു. അദ്ദേഹത്തിനു നാളെ നിന്നെ കാണണമെന്ന്..’.

വൈദികന്റെ സംസാരത്തെ മുറിച്ചു കൊണ്ട് ഭിക്ഷാടകന്‍ പറഞ്ഞു, ‘ഞാനോ? എന്നെ നോക്കൂ, അദ്ദേഹത്തിനു മുന്നില്‍ പോയി നില്ക്കാന്‍ എനിക്കാവില്ല, ഉടുക്കാനെനിക്ക് വസ്ത്രമില്ല. ഞാനാരുമല്ല’. വൈദികന്‍ അയാളുടെ നൊമ്പരം തിരിച്ചറിഞ്ഞ് തന്റെ മുറിയിലേക്ക് അയാളെ കൂട്ടികൊണ്ടു പോയി. അയാള്‍ക്ക് ഉടുക്കാന്‍ വസ്ത്രങ്ങള്‍ നല്‍കി, ഭക്ഷണം നല്‍കി. നാളെത്തെ കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുത്തു.

പിറ്റേദിവസം അവര്‍ ഇരുവരും മാര്‍പ്പാപ്പയുടെ ഓഫിസില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം അവരെ കാത്തിരിക്കുകയായിരുന്നു. പാപ്പായ്ക്ക് ഭിക്ഷാടക സുഹൃത്തിനോട് തനിച്ച് സംസാരിക്കണമെന്ന് സെക്രട്ടറി വൈദികന്റെ ചെവിയില്‍ പറഞ്ഞു. അങ്ങനെ പാപ്പായെയും അയാളെയും ഒറ്റയ്ക്കാക്കി എല്ലാവരും മുറിയുടെ പുറത്തേയ്ക്ക് നടന്നു.

കുറച്ചുനേരം കഴിഞ്ഞ്, നിറകണ്ണുകളോടെ ആ മനുഷ്യന്‍ പുറത്തേക്ക് വന്നു. ‘എന്താണ് പാപ്പാ നിന്നോട് സംസാരിച്ചത്?’,

വൈദികന് കാര്യങ്ങള്‍ അറിയാന്‍ തിടുക്കമായിരുന്നു. ആയാള്‍ വിതുമ്പികൊണ്ട് പറഞ്ഞു, ‘മാര്‍പാപ്പ എന്നോട് അദ്ദേഹത്തിന്റെ കുമ്പസാരം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ വൈദികനല്ല, ഭിക്ഷാടകനാണെന്നു അദ്ദേഹത്തോട് അവതരിപ്പിച്ചപ്പോള്‍, ‘ഒരാള്‍ വൈദികനായാല്‍ അയാള്‍ മരണംവരെയും വൈദികനായിരിക്കും. ആരാണ് ഭിക്ഷാടകനല്ലാത്തത്? എന്റെ പാപങ്ങള്‍ക്കുവേണ്ടി ക്ഷമാപണം നടത്തുന്ന ദൈവത്തില്‍ നിന്ന് വന്ന ഒരു ഭിക്ഷാടകന്‍ തന്നെയല്ലേ ഞാനും’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതിനുശേഷം ഞാന്‍ അദ്ദേഹ ത്തിന്റെ കുമ്പസാരം കേട്ടു. ഒട്ടും സമയമെടുക്കാതെ അവസാനിച്ച കുമ്പസാരശേഷം, അദ്ദേഹം വീണ്ടും ഒരു കാര്യം ആവശ്യപ്പെട്ടു. അതാണെന്നെ സ്പര്‍ശിച്ചത്.’

‘എന്തായിരുന്നത്?’, വൈദികന്‍ ചോദിച്ചു.

‘നീ വന്ന വഴിയില്‍, നീ കണ്ട പാവങ്ങളായ മനുഷ്യരിലേക്ക്, അനാഥരിലേക്ക്, ഭിക്ഷയാചിക്കുന്നവരിലേക്ക് വീണ്ടും ഇറങ്ങിച്ചെന്ന് അവര്‍ക്കുവേണ്ടി വേലചെയ്യുവിന്‍, പുതിയ മനുഷ്യനായും പഴയ വൈദികനായും നീ മാറണം’. അതായിരുന്നു പാപ്പാ അയാളോട് പറഞ്ഞത്.

ഇതൊരു വെറും കഥയല്ല. റോമിലെ തെരുവില്‍ അലഞ്ഞിരുന്ന ഭിക്ഷാടകനായ ഒരു വൈദികന്റെ അനുഭവ സാക്ഷ്യമാണ്. അദ്ദേഹത്തിനുണ്ടായ അനുഭവവും മാറ്റവും അനേകം കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. എളിമയുടെ ഉദാത്ത ഉദാഹരണമായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ ഇവിടെ കാണാം. പാപികളായ വെറും ഭിക്ഷാടകരാണ് മനുഷ്യര്‍ എന്നദ്ദേഹം പറഞ്ഞു തരുന്നു. ക്രൈസ്തവന് ലഭിച്ചിരിക്കുന്ന കൃപയാണ് കുമ്പസാരം. സ്വന്തം തെറ്റുകള്‍ ഏറ്റുപറയാനും സ്വയം മാറാനുമുള്ള ദൈവകൃപ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles