വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍; എല്ലാവരും ഒന്നായിരിക്കാന്‍ ആഗ്രഹിച്ച മാര്‍പാപ്പാ
ലോകത്തിലേക്ക് സഭയുടെ വാതിലുകള്‍ തുറന്നിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരംഭകന്‍ ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പാപ്പാ പ്രഖ്യാപിച്ചപ്പോള്‍ റോമിന്റെ ഔദ്യോഗിക പത്രമായ ഒസര്‍വത്തോരെ റൊമാനോ പോ ലും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ല എന്നാണ് പറയുന്നത്. പന്ത്രണ്ടാം പീയൂസിന്റെ നിര്യാണത്തിന്റെ വിടവു നികത്താന്‍ ഇടക്കാലത്തേക്കെത്തിയ കേവലം വൃദ്ധനായൊരു പാപ്പാ എന്തു ചെയ്യാനെന്നാണ് ഭൂരിഭാഗം പേരും ചിന്തിച്ചത്. എന്നാല്‍ കത്തോലിക്കാ സഭയെ ആധുനിക ലോകത്തിന് അനുയോജ്യമായ വിധം പുതുക്കി പണിത മഹത്തായ കൗണ്‍സിലിന്റെ സ്വപ്‌നം ആദ്യം കാണാന്‍ ദൈവം തെരഞ്ഞെടുത്തത് ഇറ്റലിയിലെ തികച്ചും സാധാരണമായ ഒരു കൃഷീവല കുടുംബത്തില്‍ ജനിച്ച ഈ വിശുദ്ധവൃദ്ധനെയായിരുന്നു.
പിന്നീടെന്തു സംഭവിച്ചുവെന്നുള്ളത് ചരിത്രമാണ്. ബാഹ്യ ലോകത്തിനും കത്തോലിക്കാ സഭയ്ക്കുമിടയിലുണ്ടായിരുന്ന വലിയ വിടവു നികന്നു. ലോകത്തിലേക്കറിങ്ങിച്ചെല്ലുക എന്ന ദൗത്യം വീണ്ടും പ്രകാശമാനമായി. സാധാരണ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ ചിന്താവിഷയങ്ങളായി. മനുഷ്യവ്യക്തിയുടെ മഹാത്മ്യം സഭ വീണ്ടും ഉയര്‍ത്തിപ്പിടിച്ചു. ലോക മതങ്ങളോടുള്ള സഭയുടെ സമീപനം തുറന്നതും യാഥാര്‍ത്ഥ്യബോധത്തോടു കൂടിയതുമായി. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ സഭയുടെ ഹൃദയം ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ തക്ക വിധം വികസിച്ചു! ഇതിനെല്ലാം ആരംഭം കുറിച്ചത് ദീര്‍ഘദര്‍ശിയായൊരു പാപ്പായുടെ ധീരമായ ചുവടുവയ്പായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്റെ!
‘നമ്മളെല്ലാം ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അതിനാല്‍ നാമെല്ലാം ഒരു പോലെ ദൈവികരാണ്’ എന്നു പ്രഖ്യാപിക്കാന്‍ മാത്രം ആഴമായ സമത്വ ബോധമുണ്ടായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍ ഫ്രാന്‍സിസ് പാപ്പായുടെ യഥാര്‍ത്ഥ മുന്‍ഗാമിയായിരുന്നു. കൃഷീവല കുടുംബത്തിന്റെ ലാളിത്യം ജീവിതാവസാനം വരെ കാത്തു സൂക്ഷിച്ചിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ദിവസം പാതിരാത്രിയില്‍ വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങിക്കൂടി നിന്ന ജനങ്ങളോട് പറഞ്ഞു, ‘ പ്രിയമുള്ളവരേ, നിങ്ങള്‍ വീ്ട്ടിലേക്കു മടങ്ങുമ്പോള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ചു തഴുകിയിട്ട് അവരോട് പറയണം, ഇത് പാപ്പാ നിങ്ങള്‍ക്കു നല്‍കുന്ന സ്‌നേഹാശ്ലേഷമാണെന്ന്!’ കര്‍ക്കശക്കാരനായ ഒരു ഭരണാധിപന്റെ മുഖമല്ല നാമിവിടെ കാണുന്നത്, സ്‌നേഹാര്‍ദ്രനായ ഒരു പിതാവിന്റെ, കാരുണ്യം വഴിഞ്ഞൊഴുകുന്ന ഒരു കുടുംബ നാഥന്റെ സരളതയാര്‍ന്ന ഹൃദയമാണ്. നന്മയുടെയും എളിമയുടെയും സ്‌നേഹസുഗന്ധം പരത്തിയ ജോണ്‍ ഇരുപത്തിമൂന്നാമനെ ഇറ്റലിക്കാര്‍ വിളിച്ചു: ഇല്‍ പാപ്പാ ബ്യുവോനോ – നല്ല പാപ്പാ!
1958 ലെ ക്രിസ്മസ് ദിനത്തില്‍ ബാംബിനോ ഗേസു ഹോസ്പിറ്റലില്‍ പോളിയോ ബാധിച്ച കുഞ്ഞുങ്ങളെ സന്ദര്‍ശിച്ച ജോണ്‍ ഇരുപത്തിമൂന്നാമന്‍ അടുത്ത ദിവസം റോമിലെ റെജീന ചേളി തടവറയിലെ അന്തേവാസികളോടൊപ്പം ചെലവഴിച്ചു. അധികാരത്തിന്റെ നിഴല്‍ പോലും വീശാത്ത മുഖഭാവത്തോടെ പാപ്പാ പറഞ്ഞു, ‘എന്റെ പേര് റൊന്‍കാളി. ഞാന്‍ നിങ്ങളുടെ സഹോദരനാണ്. നിങ്ങള്‍ക്ക് എന്റെ അടുത്ത് വരാന്‍ പറ്റില്ലല്ലോ. അതു കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്കു വന്നത്.’ കുറ്റവാളികളെയെല്ലാം സെല്ലിനു പുറത്തിറക്കി പാപ്പാ അവരെല്ലാം ഒരുമിച്ചു കണ്ടു, തന്റെ മോതിരം ചുംബിക്കാന്‍ കൊടുത്തു. വികാരഭരിതമായ രംഗങ്ങള്‍ക്കു ആ തടവറ സാക്ഷിയായി. കൊലപാതകിയായൊരാള്‍ പാപ്പായുടെ മുന്നില്‍ മുട്ടുകുത്തി കരഞ്ഞു കൊണ്ടു പറഞ്ഞു, ‘ഏറെ പാപം ചെയ്തവനാണ് ഞാന്‍. എന്നോടു ക്ഷമിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?’ പാപ്പായുടെ മറുപടി ഒരു ആശ്ലേഷമായിരുന്നു. പിന്നെ പറഞ്ഞു, ‘ ഇനി വീട്ടിലേക്കെഴുതുമ്പോള്‍ പാപ്പായെ കണ്ട കാര്യം പറയണം. ഞാന്‍ നിങ്ങള്‍ക്കും കുടംബത്തിനും വേണ്ടി ഇനി എന്നു പ്രാര്‍ത്ഥിക്കുമെന്നും പറയണം.’
രണ്ടു ലോകമഹായുദ്ധങ്ങള്‍ കണ്ടു ഭീതി പൂണ്ട ഭൂമിയില്‍ സമാധാനത്തിന്റെ ദൂതനായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍. യുദ്ധം ഒഴിവാക്കാന്‍ തന്നാല്‍ കഴിയാവുന്നതെല്ലാം അദ്ദേഹം ചെയ്തു. 1963 ല്‍ സമാധാനത്തിനുള്ള ബാല്‍സന്‍ പ്രൈസ് അദ്ദേഹത്തെ തേടിയെത്തി. പുരസ്‌കാരം വാങ്ങാനുള്ള യാത്രയ്ക്കിടയില്‍ കഠിനമായ വയറു വേദന മൂലം കഷ്ടപ്പെട്ടപ്പോള്‍ ഇപ്പോള്‍ മടങ്ങിപ്പോകാമെന്നും സമ്മാനം വത്തിക്കാനില്‍ വച്ചു സ്വീകരിക്കാമെന്നമുള്ള ഉപദേശം അദ്ദേഹം നിരസിച്ചു. വി. പത്രോസ് ക്രൂശിതനായതിന്റെ അവശിഷ്ടങ്ങള്‍ക്കു മേല്‍ നിന്ന് ഒരു പാപ്പാ ബഹുമാനിതനാകുന്നത് അദ്ദേഹത്തോടുള്ള നിന്ദയ്ക്കു തുല്യമാണെന്നായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്റെ അഭിപ്രായം. വത്തിക്കാന്‍ കൗണ്‍സിലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പ്രകാശിപ്പിച്ച പാച്ചെം ഇന്‍ തെരീസ് എന്ന ചാക്രിക ലേഖനം യുദ്ധങ്ങള്‍ കൊണ്ട് മുറിവേറ്റ ഭൂമിക്കുള്ള സമാധാനത്തിന്റെ സുവിശേഷമായിരുന്നു.
സാധാരണക്കാര്‍ക്ക് ഒപ്പമായിരിക്കാന്‍ എ ന്നും ആഗ്രഹിച്ച ജോണ്‍, പാപ്പാമാര്‍ സംസാരിക്കുമ്പോള്‍ സ്വയം വിശേഷണത്തിന്റെ ഔദ്യോഗിക രൂപമായ നാം എന്ന വിശേഷണം എടുത്തു മാറ്റി ഞാന്‍ എന്നു ലളിതമാക്കി. വത്തിക്കാന്റെ തെരുവുകളിലൂടെ പാതിരാവിലിറങ്ങി ആരുമറിയാതെ നടക്കുന്ന ശീലം മൂലം അദ്ദേഹത്തിനു ഒരു ചെല്ലപ്പേരു വീണു – ജോണി വാക്കര്‍!
യഹൂദരോടുള്ള യുക്തിരഹിതമായ പക ഇല്ലാതാക്കാന്‍ ജോണ്‍ കഴിവുള്ളതെല്ലാം ചെയ്തു. നാസി പടയോട്ടകാലത്ത്, അന്ന് നുണ്‍ഷ്യോ ആയിരുന്ന റൊന്‍കാളി സ്വന്തം പ്രയത്‌നത്താല്‍ അനേകം യഹൂദരെ രക്ഷിച്ചു. 1965 ല്‍ യഹൂദരോട് കാലാകാലങ്ങളായി ചെയ്തു പോന്ന നിരവധി പാതകങ്ങളെ ചൊല്ലി അദ്ദേഹം സഭയ്ക്കു വേണ്ടിയും ലോകത്തിനു വേണ്ടിയും മാപ്പു ചോദിച്ചു.
മഹാനായ ജോണിന്റെ അവസാന വാക്കുകള്‍ ഇതായിരുന്നു – ‘എളിയതും ദരിദ്രവുമെങ്കിലും ദൈവഭയമുള്ള ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിക്കുവാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഈ ഭൂമിയില്‍ എന്റെ സമയം അവസാനിക്കുകയായി. എന്നാല്‍ ക്രിസ്തു ജീവിക്കുകയും തന്റെ ദൗത്യം സഭയിലൂടെ തുടരുകയും ചെയ്യുന്നു. ആത്മാക്കള്‍… ആത്മാക്കള്‍… എല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി…’
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.