വി. കുര്‍ബാന മാറോട് ചേര്‍ത്തു പിടിച്ചു മരണം വരിച്ച വിശുദ്ധന്‍!

രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ഹംഗറി കമ്മ്യൂണിസ്റ്റ് അധീശത്വത്തിന് കീഴില്‍ പെട്ടു പോയ കാലത്ത് ക്രിസ്തീയവിശ്വാസികളും പുരോഹിതരും സന്ന്യാസികളും അതികഠിനായ ജീവിത പരീക്ഷകള്‍ നേരിട്ടു. ഇക്കാലഘട്ടത്തില്‍ ക്രൈസ്തവ വിശ്വാസം ധീരതയോടെ ജീവിച്ചു മരിച്ച ഒരു ഹംഗേറിയന്‍ വൈദികന്റെ കഥയാണിത്. വത്തിക്കാന്‍ വന്ദ്യനായി പ്രഖ്യാപിച്ച യാനോസ് ബ്രെന്നറുടെ.
1931 ഡിസംബര്‍ 27 ന് ഹംഗറിയിലെ സോംബതേലിയില്‍ ആയിരുന്നു ബ്രെന്നറുടെ ജനനം. ഊര്‍ജ്വലനും കുസൃതി നിറഞ്ഞവനുമായിരുന്നു, ബാല്യകാലത്ത് ബ്രെന്നര്‍. സിസ്റ്റേര്‍സ്യന്‍ സഭ നടത്തിയിരുന്ന ഒരു സ്‌കൂളില്‍ പഠനം കഴിഞ്ഞപ്പോള്‍ തനിക്ക് സിസ്‌റ്റേര്‍സ്യന്‍ സഭയില്‍ അംഗമാകണമെന്ന് ബ്രെന്നര്‍ക്ക് ഒരു ഉള്‍വിളി തോന്നി. 1950 ല്‍ ബ്രദര്‍ അനസ്താസിയൂസ് എന്ന പേര് സ്വീകരിച്ച് ബ്രെന്നര്‍ ആ സന്ന്യാസസഭയില്‍ ചേര്‍ന്നു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ ശക്തമാക്കിയിരുന്ന കാലഘട്ടമായിരുന്നു, അത്. എല്ലാ ക്രൈസ്തവ സന്ന്യാസ ഭവനങ്ങളും അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വിദ്യാര്‍ത്ഥികളെ രക്ഷെപ്പടുത്താന്‍ അവരുടെ നോവീസ് മാസ്റ്റര്‍ അവരെ ആശ്രമങ്ങളില്‍ നിന്നും പ്രൈവറ്റ് അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ബ്രെന്നറും ചില സഹപാഠികളും ഈ സമയത്ത് സ്ഥലത്തെ മറ്റൊരു സെമിനാരിയില്‍ ചേര്‍ന്ന്, തപാല്‍ മുഖേന സിസ്റ്റേര്‍സ്യന്‍ രീതികള്‍ അഭ്യസിച്ചു.
വെല്ലുവിളികളും അപകടകരമായ ജീവിതാവസ്ഥകളും ബ്രെന്നറെ തളര്‍ത്തിയില്ല. ‘ഈ വഴി വളരെ കഠിനമാണെങ്കിലും ഞാന്‍ അങ്ങയുടെ വേദനാപൂര്‍ണ്ണമായ മുഖത്തേക്ക് നോക്കി അങ്ങയെ അനുയാത്ര ചെയ്യുന്നു. ഒരു കാര്യം മാത്രം ഞാന്‍ ചോദിക്കുന്നു. അങ്ങ് എനിക്ക് തന്നിരിക്കുന്ന ദൈവവിളി ഏറ്റവും നന്നായി നിര്‍വഹിക്കാന്‍ എനിക്ക് എപ്പോഴും കഴിയുമാറാകണം’ ബ്രെന്നര്‍ തന്റെ ഡയറിയില്‍ കുറിച്ചു വച്ചു.
1955 ല്‍ വ്രതവാഗ്ദാനം നടത്തി ബ്രെന്നര്‍ സിസ്റ്റേര്‍സ്യന്‍ സഭയില്‍ ്അംഗമായി. യുവാക്കളുടെ ഇടയിലാണ് ബ്രെന്നര്‍ തന്റെ പ്രവര്‍ത്തന മേഖല തെരഞ്ഞെടുത്തത്. അത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പ്രകോപിപ്പിക്കുകയും ബ്രെന്നറെ അവര്‍ നോട്ടമിടുകയും ചെയ്തു. ബ്രെന്നറുടെ ജീവന് നിരന്തരമായ വെല്ലുവിളി നേരിട്ടിരുന്ന സാഹചര്യത്തില്‍
അദ്ദേഹത്തിന് സ്ഥലം മാറ്റം നല്‍കി സുരക്ഷ ഉറപ്പാക്കാന്‍ മെത്രാന്‍ ആഗ്രഹിച്ചുവെങ്കിലും അദ്ദേഹത്തിന്റെ മറുപടി ‘എനിക്ക് പേടിയില്ല. ഞാന്‍ സന്തോഷത്തോടെ ഇവിടെ തുടരും’ എന്നായിരുന്നു.
1957 ഡിസംബര്‍ മാസം 14 ാം തീയതി അക്രമികളുടെ ചതിയില്‍ അദ്ദേഹം വീണു. മരണത്തോടു മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരാള്‍ക്ക് അന്ത്യകൂദാശ കൊടുക്കാന്‍ എന്ന് വ്യാജേന അവര്‍ അദ്ദേഹത്തെ പുറത്തെത്തിച്ചു. വി. കുര്‍ബാനയും വിശുദ്ധ തൈലവും കൈയിലെടുത്ത് അദ്ദേഹം ഒരു വനപ്രദേശത്തിലൂടെ പോകുമ്പോള്‍ അവിടെ ഒളിച്ചിരുന്ന അക്രമികള്‍ ബ്രെന്നറുടെ മേല്‍ ചാടി വീണു. 32 തവണ അവര്‍ അദ്ദേഹത്തെ കുത്തി. പിറ്റെ ദിവസം വി. കുര്‍ബാന മാറോട് ചേര്‍ത്തു പിടിച്ചു കിടക്കുന്ന നിലയില്‍ അദ്ദേഹത്തിന്റെ രക്തത്തില്‍ കുളിച്ച ജഡം കണ്ടെത്തുകയുണ്ടായി!
ബ്രെന്നറുടെ മരണം ക്രൈസ്തവ വിശ്വാസത്തെ തളര്‍ത്തുമെന്ന് കമ്മ്യൂണിസ്റ്റുകാരുടെ കണക്കു കൂട്ടല്‍ തെറ്റി. ബ്രെന്നറുടെ ഓര്‍മകളെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്കായില്ല. 1989 ല്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ചാപ്പല്‍ ഓഫ് ഗുഡ് പാസ്റ്റര്‍ അദ്ദേഹത്തിന്റെ മരണസ്ഥലത്ത് സ്ഥാപിച്ചു. ഇന്ന് അത് ഹംഗറിയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.