വിഗ്രഹാരാധന ഉപേക്ഷിച്ച് ആശ്രമജീവിതം നയിച്ച വിശുദ്ധ ഹോണോറാറ്റസ്
ഗൌളില്‍ താമസമാക്കിയ ഒരു റോമന്‍ സ്ഥാനപതി കുടുംബത്തിലായിരുന്നു വിശുദ്ധ ഹോണോറാറ്റസിന്റെ ജനനം. അക്കാലത്ത് സമൂഹത്തില്‍ വളര്‍ന്ന് വന്ന വലിയ ഒരു വിപത്തായിരിന്നു വിഗ്രഹാരാധന. എന്നാല്‍ യൌവന കാലഘട്ടത്തില്‍ തന്നെ ഹോണോറാറ്റസ് വിഗ്രഹാരാധന ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. തന്റെ മൂത്ത സഹോദരനായ വെനാന്റിയൂസിനേയും ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലേക്ക് തിരിക്കുവാന്‍ അദ്ധേഹത്തിന് കഴിഞ്ഞു.
ഈ ലോക ജീവിതത്തിലെ നശ്വരതയേ കുറിച്ച് മനസ്സിലാക്കിയ അവര്‍, അത് ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ കടുത്ത വിഗ്രഹാരാധകനായ അവരുടെ പിതാവ് ഇവരുടെ ഈ മാനസാന്തരത്തില്‍ കോപാകുലനായി. ഇത് ഉള്‍കൊള്ളാന്‍ കഴിയാത്തതിനാല്‍, അവര്‍ സന്യാസിയായ വിശുദ്ധ കാപ്രായിസിനെ തങ്ങളുടെ ആത്മീയ നിയന്താവായി സ്വീകരിച്ചുകൊണ്ട് മാര്‍സില്ലെസില്‍ നിന്നും ഗ്രീസിലേക്ക് യാത്ര തിരിച്ചു. അവിടെ ഏതെങ്കിലും മരുഭൂമിയില്‍ അജ്ഞാതവാസം നയിച്ചുകൊണ്ട് ധ്യാനിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
മെതോണ്‍ എന്ന സ്ഥലത്ത് വച്ച് വിശുദ്ധന്റെ സഹോദരനായ സ്വെനാന്റിയൂസ് സമാധാനത്തോടു കൂടി മരിച്ചു. വിശുദ്ധ ഹോണോറാറ്റസിന് രോഗം പിടിപെട്ടതിനാല്‍ ഗുരുവിനൊപ്പം സ്വദേശത്തേക്കു തിരിച്ചുവരുവാന്‍ തീരുമാനിച്ചു. ചുരുങ്ങിയ വര്‍ഷക്കാലം അദ്ദേഹം ഫ്രേജസിനു സമീപം മലനിരകളില്‍ ആശ്രമ ജീവിതം നയിച്ചു. പിന്നീട് തീരത്തോടു ചേര്‍ന്ന് സമുദ്രത്തിലുള്ള ദ്വീപുകളിലും ഇപ്പോള്‍ ഹോണോറെ എന്നറിയപ്പെടുന്ന ഒരു ചെറിയ ദ്വീപില്‍ താമസിക്കുകയും ചെയ്തു. അധികം താമസിയാതെ ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി.
തുടര്‍ന്നാണ് വിശുദ്ധന്‍ വളരെ പ്രസിദ്ധമായ ലെരിന്‍സിലെ ആശ്രമം സ്ഥാപിക്കുന്നത്. തന്റെ കുറെ അനുയായികളെ അദ്ദേഹം പൊതുസമൂഹത്തില്‍ കഴിയുവാന്‍ അനുവദിച്ചു, പക്വതയാര്‍ജ്ജിച്ചവരും, പൂര്‍ണ്ണരുമെന്ന് അദ്ദേഹത്തിന് തോന്നിയ ചിലരെ പ്രത്യേക പ്രേഷിതവേലക്കായി നിയമിച്ചു.
വിശുദ്ധ പച്ചോമിയൂസിന്റെ നിയമങ്ങളാണ് അദ്ദേഹം മുഖ്യമായും തന്റെ ആശ്രമത്തില്‍ പിന്തുടര്‍ന്നിരുന്നത്. വിശുദ്ധനായ ആശ്രമാധികാരിയുടെ കീഴില്‍ അനുകമ്പയുടെയും എളിമയുടെയും കാരുണ്യപ്രവര്‍ത്തികളുടെയും മഹത്തായ മാതൃക പഠിച്ച സന്യസ്ഥരുടെ ആശ്രമജീവിതത്തെ പറ്റി വിശുദ്ധ ഹിലാരി വളരെ മനോഹരമായി വിവരിക്കുന്നുണ്ട്.
426-ല്‍ സഭാധികാരികളുടെ നിര്‍ദേശത്താല്‍ വിശുദ്ധ ഹോണോറാറ്റസ് ആള്‍സിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി, 429-ല്‍ അദ്ദേഹം ദൈവസന്നിധിയില്‍ നിദ്ര പ്രാപിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.