സഹോദരനെ കൊന്നയാളോട് ക്ഷമിച്ച വിശുദ്ധ ഗുവാൽബർട്ട്

ഫ്‌ലോറെന്‍സിലെ ധനികനായ ഒരു പ്രഭുവിന്റെ മകനായിരുന്നു ജോണ്‍ ഗുവാല്‍ബെര്‍ട്ട്. യുവാവായിരിക്കുമ്പോള്‍ തന്നെ ക്രിസ്തീയ പ്രമാണങ്ങളെക്കുറിച്ചും, വിശുദ്ധ ഗ്രന്ഥത്തെ പറ്റിയുള്ള ആഴമായ ജ്ഞാനവും വിശുദ്ധ ജോണിന് ലഭിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും വിവിധങ്ങളായ സാമൂഹിക ബന്ധങ്ങളും, ഇടപെടലുകളും വഴി ഭൗതീക ജീവിതത്തിന്റെ പൊങ്ങച്ചങ്ങളോടും, ആഡംബരങ്ങളോടും വിശുദ്ധന് ഒരു ആഭിമുഖ്യമുണ്ടായി. അപ്രകാരം ലോകത്തിന്റെ ആനന്ദങ്ങളില്‍ മുഴുകി ജീവിച്ചു വരവേ ദൈവേഷ്ടപ്രകാരം വിശുദ്ധന്റെ കണ്ണുതുറപ്പിക്കുവാനും, തന്റെ തെറ്റുകള്‍ മനസ്സിലാക്കുവാനും പര്യാപ്തമായ ഒരു സംഭവം വിശുദ്ധന്റെ ജീവിതത്തില്‍ സംഭവിച്ചു. വിശുദ്ധന്റെ ഏക സഹോദരനായിരുന്ന ഹൂഗോയെ ആ രാജ്യത്ത് തന്നെയുള്ള മറ്റൊരാള്‍ കൊലപ്പെടുത്തി.

നിയമത്തിനു അതീതനായ ആ കൊലയാളിയോട് പകരം വീട്ടുവാന്‍ തന്നെ ജോണ്‍ തീരുമാനിച്ചു. ഒപ്പം അദ്ദേഹത്തിന്റെ പിതാവ് തന്നെ ജോണിന്റെ പകയെ ആളികത്തിച്ചു. അങ്ങിനെയിരിക്കെ ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ജോണ്‍ കുതിരപ്പുറത്ത് തന്റെ വസതിയിലേക്ക് പോകുന്നതിനിടയില്‍ ഒരു ഇടുങ്ങിയ വഴിയില്‍വെച്ച് തന്റെ സഹോദരന്റെ കൊലപാതകി എതിരെ വരുന്നത് കണ്ടു. തന്റെ ശത്രുവിനെ കണ്ടമാത്രയില്‍ തന്നെ ജോണ്‍ തന്റെ വാള്‍ ഉറയില്‍ നിന്നും ഊരി അവനെ വധിക്കുവാനായി പാഞ്ഞടുത്തു. എന്നാല്‍ ശത്രുവാകട്ടെ ഓടിവന്ന് വിശുദ്ധന്റെ കാല്‍ക്കല്‍ വീണു തന്റെ കരങ്ങള്‍കൂപ്പികൊണ്ട് ‘ഈ ദിവസം സഹനമനുഭവിച്ച യേശുവിന്റെ പീഡകളെ പ്രതി’ തന്നെ കൊല്ലരുതെന്ന് അപേക്ഷിച്ചു.

ഇത് കേട്ട വിശുദ്ധന്‍ ‘യേശുവിന്റെ നാമത്തില്‍ എന്നോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിരാകരിക്കുവാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ നിനക്ക് നിന്റെ ജീവന്‍ തിരികെ തരുന്നു എന്ന് മാത്രമല്ല ഇനിമുതല്‍ നീ എന്നെന്നേക്കും എന്റെ സുഹൃത്തായിരിക്കും. എന്റെ പാപങ്ങള്‍ ദൈവം ക്ഷമിക്കുന്നതിനായി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക’ എന്ന് പറഞ്ഞുകൊണ്ട് പരസ്പരം ആശ്ലേഷിക്കുകയും അവനെ വിട്ടു പോവുകയും ചെയ്തു. വിശുദ്ധ ബെന്നെറ്റിന്റെ സഭയുടെ മിനിയാസിലെ ആശ്രമത്തിലായിരുന്നു വിശുദ്ധന്റെ യാത്ര അവസാനിച്ചത്. അവിടുത്തെ ദേവാലയത്തില്‍ പോയി ക്രൂശിത രൂപത്തിന് മുന്‍പില്‍ തന്റെ പാപങ്ങളെ പ്രതി ദൈവത്തോട് മാപ്പപേക്ഷിച്ചു. ജോണ്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ആ ക്രൂശിതരൂപം വിശുദ്ധന്റെ തലക്ക് നേരെ ചാഞ്ഞുവെന്ന്! പറയപ്പെടുന്നു.

ജോണിന്റെ പിതാവിന്റെ ധിക്കാര സ്വഭാവത്തെ കുറിച്ച് അറിയമായിരിന്ന അവിടത്തെ ആശ്രമധിപതി ആദ്യം ജോണിനെ സഭയിലെടുത്തില്ല. എന്നാല്‍ പിന്നീട് അവനു അനുവാദം കൊടുത്തു. ഇതറിഞ്ഞപ്പോള്‍ ജോണിന്റെ പിതാവ് ആശ്രമത്തിലെത്തി തന്റെ മകനെ നിരുത്സാഹപ്പെടുത്തിയെങ്കിലും അവന്റെ ഉറച്ച തീരുമാനത്തിന് മാറ്റം വരുത്തിയിട്ടില്ല. ഒടുവില്‍ അദ്ദേഹം അനുവാദം കൊടുത്തു. വളരെ ഉത്സാഹത്തോടു കൂടി ഒരു ശരിയായ അനുതാപിക്ക് ചേരുംവിധം വിശുദ്ധന്‍ തന്റെ സന്യാസജീവിതം ആരംഭിച്ചു. രാത്രിയും പകലും പ്രാര്‍ത്ഥനയില്‍ മുഴുകി. വിശുദ്ധന്റെ കഠിനമായ സന്യാസരീതിയും ഭക്തിയും മൂലം അദ്ദേഹമൊരു പുതിയ മനുഷ്യനായി മാറി. ജോണിന്റെ ആത്മാര്‍ത്ഥതയും സ്ഥിരോത്സാഹവും വഴി അവന്‍ തന്നെത്തന്നെ കീഴടക്കി. ദയയുടേയും, എളിമയുടേയും, അനുസരണത്തിന്റേയും, നിശബ്ദതടേയും, ക്ഷമയുടേയും ഉത്തമ മാതൃകയായി മാറി വിശുദ്ധ ജോണ്‍.

അവിടത്തെ ആശ്രമാധിപതി മരിച്ചപ്പോള്‍ മറ്റുള്ള സന്യാസിമാരെല്ലാവരും കൂടി വിശുദ്ധനോട് ആ പദവി വഹിക്കുവാന്‍ അപേക്ഷിച്ചു, എന്നാല്‍ വിശുദ്ധന്‍ അത് നിരാകരിച്ചു. അധികം താമസിയാതെ വിശുദ്ധന്‍ ഒരു സഹചാരിക്കൊപ്പം അവിടം വിട്ടു കൂടുതല്‍ ഏകാന്തമായ സ്ഥലം തേടി പോയി. ഈ യാത്രയില്‍ കാമല്‍ഡോളിയിലെ ആശ്രമം വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി. അവിടത്തെ സന്യാസിമാരുടെ ആശ്രമജീവിതം കണ്ട് ഉത്തേജിതനായ വിശുദ്ധന്‍ അവിടെ നിന്നും യാത്രപുറപ്പെട്ട് ടസ്‌കാനിയിലെ ഫ്‌ലോറെന്‍സില്‍ നിന്നും ഫിയസോളി രൂപതയിലെ വല്ലിസ് ഉംബ്രോസ് എന്ന മലയാടിവാരത്തിലെത്തി. വിശുദ്ധന്‍ അവിടെ രണ്ട് സന്യാസിമാരെ കണ്ടുമുട്ടി, തുടര്‍ന്ന് വിശുദ്ധനും അദ്ദേഹത്തിന്റെ സഹചാരിയും ആ സന്യാസിമാരും കൂടി ഒരു ചെറിയ ആശ്രമം പണികഴിപ്പിച്ച് ഒരു സന്യാസ സമൂഹത്തിന് രൂപം കൊടുക്കുവാന്‍ പദ്ധതിയിട്ടു.
വിശുദ്ധ ബെന്നെറ്റിന്റെ പുരാതന ആശ്രമസമ്പ്രദായ നിയമങ്ങളായിരുന്നു അവര്‍ പിന്തുടരുവാന്‍ തീരുമാനിച്ചത്. വിശുദ്ധ ഹിലാരി ഒരു ആശ്രമം പണികഴിപ്പിക്കുന്നതിനുള്ള സ്ഥലം അവര്‍ക്ക് നല്‍കി. ആശ്രമത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍, 1070ല്‍ അലെക്‌സാണ്ടര്‍ രണ്ടാമന്‍ പാപ്പ അവരുടെ പുതിയ സഭക്ക് അംഗീകാരം നല്‍കി. ഇതായിരുന്നു വല്ലിസ് ഉംബ്രോസാ സന്യാസ സഭയുടെ ആരംഭം. വിശുദ്ധ ജോണ്‍ അവിടത്തെ ആദ്യത്തെ ആശ്രമാധിപനായി തിരഞ്ഞെടുക്കപ്പെട്ടു. ചാര നിറത്തിലുള്ള സന്യാസ വസ്ത്രമായിരുന്നു വിശുദ്ധന്‍ തന്റെ സന്യാസിമാര്‍ക്ക് നല്‍കിയത്. എല്ലാ തരത്തിലും ക്രിസ്തുവിനെ അനുകരിക്കുവാനാണ് വിശുദ്ധന്‍ ശ്രമിച്ചത്.

രോഗികളോടും പാവങ്ങളോടും വിശുദ്ധന്‍ കരുണകാട്ടി. സെന്റ് സാല്‍വി, മോസെട്ടാ, പാസ്സിഗ്‌നാനോ, റൊസ്സുവോളോ, മോണ്ടെ സലാരിയോ എന്നിവിടങ്ങളിലെ ആശ്രമങ്ങള്‍ വിശുദ്ധനാണ് പണികഴിപ്പിച്ചത്. കൂടാതെ നിരവധി ആശ്രമങ്ങള്‍ നവീകരിക്കുകയും ചെയ്തു. വിശുദ്ധന്‍ മരിക്കുന്ന സമയത്ത് പന്ത്രണ്ടോളം സന്യാസ ഭവനങ്ങള്‍ വിശുദ്ധന്റെ സഭക്കുണ്ടായിരുന്നു. സന്യാസിമാര്‍ക്ക് പുറമേ അത്മായ സഹോദരന്‍മാരെയും വിശുദ്ധന്‍ തന്റെ ആശ്രമത്തില്‍ സ്വീകരിക്കുകയും അവര്‍ക്ക് പുറം ജോലികള്‍ നല്‍കുകയും ചെയ്തു. വിശുദ്ധനാണ് ഈ രീതിക്ക് തുടക്കം കുറിച്ചത്. ഇത് പിന്നീട് മറ്റുള്ള സഭക്കാരും അനുകരിച്ചു. സഹായത്തിനായി തന്നെ സമീപിക്കുന്ന ആരെയും വെറും കയ്യോടെ വിശുദ്ധന്‍ പറഞ്ഞു വിടാറില്ലായിരുന്നു. പലപ്പോഴും തന്റെ ആശ്രമത്തിന്റെ ധാന്യപ്പുര വിശുദ്ധന്‍ അവര്‍ക്കായി ശൂന്യമാക്കിയിരുന്നു.
പ്രവചനവരത്താല്‍ സമ്മാനിതനായിരുന്നു വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്. വിശുദ്ധന്റെ പ്രാര്‍ത്ഥനകള്‍ വഴി നിരവധി രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്. വിശുദ്ധനെ കാണുവാനും സംസാരിക്കുവാനുമായി ലിയോ ഒമ്പതാമന്‍ പാപ്പാ വരെ പാസ്സിഗ്‌നാനോ സന്ദര്‍ശിക്കുകയുണ്ടായി. മാത്രമല്ല സ്റ്റീഫന്‍ ഒമ്പതാമന്‍, അലെക്‌സാണ്ടര്‍ രണ്ടാമന്‍ എന്നിവര്‍ വിശുദ്ധനെ വളരെയേറെ ബഹുമാനിച്ചിരുന്നു. അവസാനം പാസ്സിഗ്‌നാനോയില്‍ വെച്ച് വിശുദ്ധന് കടുത്ത പനിപിടിപ്പെട്ടു. തന്റെ അവസാനം അടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ സഭയിലെ സുപ്പീരിയര്‍ മാരെ വിളിച്ച് കൂട്ടി തന്റെ അവസാനമടുത്തുവെന്നും, സഭാനിയമങ്ങള്‍ അപ്പാടെ പാലിക്കണമെന്നും, സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും, ദാനധര്‍മ്മങ്ങള്‍ക്കും മുടക്കം വരുത്തരുതെന്നും ഉപദേശിച്ചു.

1073 ജൂലൈ 12ന് അന്ത്യകൂദാശകള്‍ സ്വീകരിച്ചു കൊണ്ട് സന്തോഷത്തോട് കൂടി വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 74 വയസ്സായിരുന്നു അപ്പോള്‍ വിശുദ്ധന് പ്രായം. വിശുദ്ധന്റെ നന്മപ്രവര്‍ത്തികളെക്കുറിച്ചും, അത്ഭുത പ്രവര്‍ത്തികളെ കുറിച്ചും അന്വേഷിച്ചതിനു ശേഷം 1193ല്‍ സെലസ്റ്റിന്‍ മൂന്നാമന്‍ പാപ്പാ ജോണ്‍ ഗുവാല്‍ബെര്‍ട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles