എവുലാലിയ എന്ന മഹാവിശുദ്ധയെ കുറിച്ച് കേട്ടിട്ടുണ്ടോ?
സ്പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ യൂളേലിയയുടെ (എവുലാലിയ) ജനനം. ക്രിസ്തീയ മതവിദ്യാഭ്യാസമായിരുന്നു അവള്‍ക്ക് ലഭിച്ചത്. ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം അവള്‍ പഠിച്ചു. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും, കരുണയും നിറഞ്ഞ ഒരു മനോഭാവമായിരുന്നു അവള്‍ പ്രകടിപ്പിച്ചിരുന്നത്. കന്യകാത്വം എന്ന വിശുദ്ധിയോട് അവള്‍ക്ക് അടങ്ങാത്ത ആഗ്രഹമായിരുന്നു.
അവളുടെ ഗൗരവം നിറഞ്ഞ സ്വഭാവവും, ആഡംബര വസ്ത്രങ്ങളോടുള്ള വെറുപ്പും, ലൗകീക സുഖങ്ങളോടും കൂട്ടുകാരില്‍ നിന്നുമുള്ള അകല്‍ച്ചയും വഴി അവള്‍ തന്റെ ചെറുപ്പത്തില്‍ തന്നെ ഭൂമിയില്‍ സ്വര്‍ഗ്ഗീയ ജീവിതം നയിക്കുന്നതിനുള്ള സൂചനകള്‍ നല്‍കി. അവള്‍ അറിയുന്നതിന് മുന്‍പേ തന്നെ അവളുടെ ഹൃദയം ഇഹലോക ജീവിതത്തിനു മേലെ ആയികഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ സാധാരണ യുവജനങ്ങള്‍ക്ക് ആനന്ദം നല്‍കുന്ന ഒരു കാര്യവും അവളെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലായിരുന്നു. തന്റെ ജീവിതത്തിലെ ഓരോദിവസവും അവള്‍ നന്മയില്‍ വളര്‍ന്നു കൊണ്ടിരുന്നു.
അവള്‍ക്ക് 12 വയസ്സായപ്പോളാണ് പ്രായമോ, ലിംഗവ്യത്യാസമോ, തൊഴിലോ കണക്കിലെടുക്കാതെ സകലരും തന്റെ സാമ്രാജ്യത്തിലെ ദൈവങ്ങള്‍ക്ക്ബലിയര്‍പ്പിക്കണം എന്ന്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തി ഉത്തരവിറക്കിയത്. ചെറുപ്പമാണെന്‍കിലും വിശുദ്ധ യൂളേലിയ ഈ ഉത്തരവ് ഒരു യുദ്ധത്തിന്റെ തുടക്കം എന്ന നിലയില്‍ കണക്കാക്കി. പക്ഷെ അവളുടെ രക്തസാക്ഷിത്വത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം മനസ്സിലാക്കിയ അവളുടെ അമ്മ അവളെ വേറെ രാജ്യത്തിലേക്ക് മാറ്റി. എന്നാല്‍ ഈ ചെറിയ വിശുദ്ധ രാത്രിയില്‍ രക്ഷപ്പെടുകയും പുലരുന്നതിനു മുന്‍പേ മെറിഡാ എന്ന സ്ഥലത്ത് എത്തുകയും ചെയ്തു.
അതേ ദിവസം രാവിലെ തന്നെ ന്യായാലയം കൂടിയപ്പോള്‍ അവള്‍ ഡാസിയന്‍ എന്ന ക്രൂരനായ ന്യായാധിപന് മുന്‍പില്‍ ഹാജരാവുകയും യാതൊരു ബഹുമാനാവും ഭയവും കൂടാതെ ഏക ദൈവത്തെ ഉപേക്ഷിക്കുവാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നതിനെതിരെ ആക്ഷേപമുന്നയിക്കുകയും ചെയ്തു. ഗവര്‍ണര്‍ അവളെ പിടികൂടുവാന്‍ ഉത്തരവിട്ടു. ആദ്യം അവളെ പറഞ്ഞു പാട്ടിലാക്കുവാനും പിന്നീട് പ്രലോഭിപ്പിക്കുവാനും ശ്രമിച്ചുവെങ്കിലും അതില്‍ അവര്‍ പരാജയപ്പെട്ടതിനേ തുടര്‍ന്ന്‍ ക്രൂരമായ പീഡനങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ അവളുടെ കണ്‍മുന്നില്‍ വച്ച് കൊണ്ടു പറഞ്ഞു “നീ കുറച്ച് ഉപ്പും, സുഗന്ധദ്രവ്യവും നിന്റെ വിരല്‍തുമ്പ് കൊണ്ടു സ്പര്‍ശിച്ചാല്‍ മാത്രം മതി നിന്നെ ഈ പീഡനങ്ങളില്‍ നിന്നൊഴിവാക്കാം.”
ഇത്തരം ജല്‍പ്പനങ്ങളില്‍ കുപിതയായ വിശുദ്ധ ആ പ്രതിമ നിലത്തെറിയുകയും ബലിവസ്തുക്കള്‍ ചവിട്ടിയരക്കുകയും ചെയ്തു. അവളുടെ ചെറുപ്രായത്തെ ഓര്‍ത്തും, അശ്രദ്ധമൂലമെന്നു കണ്ടും, തന്റെ മുന്നിലുള്ള ശിക്ഷകളെ കുറിച്ചുള്ള പേടി മൂലമെന്നും കരുതി ക്ഷമിക്കാവുന്ന ഒരു പ്രവര്‍ത്തി. എന്നാല്‍, ന്യായാധിപന്റെ ഉത്തരവിന്മേല്‍ രണ്ടു ശിക്ഷനടപ്പാക്കുന്ന ആള്‍ക്കാര്‍ അവളുടെ ഇളം ശരീരത്തിലെ മാംസങ്ങള്‍ കൊളുത്തുകള്‍ ഉപയോഗിച്ച് പിച്ചിചീന്തി എല്ലുകള്‍ മാത്രം അവശേഷിപ്പിച്ചു. ഈ പീഡനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും അവള്‍ ഇതെല്ലാം യേശുവിന്റെ വിജയകിരീടങ്ങളാണെന്ന് വിളിച്ചുപറയുകയായിരുന്നു.
അടുത്തതായി കത്തിച്ച പന്തങ്ങള്‍ ഉപയോഗിച്ചു അവര്‍ അവളുടെ മാറിടങ്ങളും ശരീരത്തിന്റെ ഇരു വശങ്ങളും പൊള്ളിച്ചു. ഈ പീഡനത്തിനിടക്കും അവള്‍ ഞരങ്ങുകയോ, മൂളുകയോ ചെയ്യുന്നതിനു പകരം നന്ദി പറയല്‍ അല്ലാതെ ഒന്നും തന്നെ അവളുടെ വായില്‍ നിന്നും കേട്ടില്ല. ക്രമേണ അഗ്നി അവളുടെ മുടിയെ കാര്‍ന്നു തിന്നുകയും തുടര്‍ന്ന്‍ തലക്കും മുഖത്തിന് ചുറ്റുമായി പടരുകയും ചെയ്തു. തീ നാളങ്ങളും പുകയും നിമിത്തം അവളുടെ മുഖമോ തലയോ കാണാന്‍ പറ്റാതെയായി.
ചരിത്രമനുസരിച്ച് ഒരു വെള്ള പ്രാവ് അവളുടെ വായില്‍ നിന്നും പുറത്ത് വന്നു, വിശുദ്ധ മരിച്ചപ്പോള്‍ ചിറകുകള്‍ വീശി മുകളിലേക്ക് പറക്കുകയും ചെയ്തു. അത്ഭുതാവഹമായ ഈ കാഴ്ചകണ്ട ശിക്ഷകര്‍ ഭയചകിതരായി വിശുദ്ധയുടെ ശരീരം അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. ഈ വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം ഒവീഡോ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നു. ഈ വിശുദ്ധയെ ഒവീഡോയുടെ മാധ്യസ്ഥ വിശുദ്ധയായി കണക്കാക്കുന്നു.
വിശുദ്ധ എവുലാലിയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.