പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 6/22
പാഷണ്ഡതയ്ക്കെതിരായുള്ള ഡൊമിനിക്കിന്റെ പ്രഭാഷണങ്ങൾ മൂലം അനേകം സ്ത്രീകൾ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവന്നു. പാഷൻണ്ഡതയുടെ ആപത്തുകളിൽനിന്നും സംരക്ഷിക്കപ്പെടാനായി ഡൊമിനിക് ഈ സ്ത്രീകൾക്കായി ഒരു ഭവനം കണ്ടെത്തി. തെക്കൻ ഫ്രാൻസിലെ പ്രോയിയെൽ എന്ന സ്ഥലത്തുവച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഡൊമിനിക് ഒരു തീഗോളം കണ്ടുവെന്നാണ് പറയപ്പെടുന്നത്. ഈ സ്ഥലത്താണ് മഠം സ്ഥാപിക്കേണ്ടത് എന്നതിന് ഒരു അടയാളമായി ഡോമിനിക് ഇത് സ്വീകരിച്ചു. 1206 പ്രോയിയെൽ എന്ന സ്ഥലത്ത് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവന്ന സ്ത്രീകൾക്കായി മഠം സ്ഥാപിതമായി, ഈ മഠം ഡൊമിനിക്കൻ സന്യാസിനിസഭയുടെ അമ്മ വീടായി. ഈ കമ്മ്യൂണിറ്റിക്കായി നിയമവും ഭരണഘടനയും ഡൊമിനിക് തയ്യാറാക്കി നൽകി. ലോകമെമ്പാടുമുള്ള ഡൊമിനിക്കൻ സന്യാസിനികൾ അവരുടെ പ്രാർത്ഥനയിലൂടെയും പ്രായശ്ചിത്തപ്രവൃത്തികളിലൂടെയും ഡൊമിനിക്കൻ സന്യാസികൾ നടത്തുന്ന ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയുള്ള പ്രയത്നങ്ങളിൽ പങ്കുചേർന്ന്കൊണ്ടിരിക്കുന്നു.
സംരക്ഷണപ്രാര്‍ത്ഥന
ദൈവ പിതാവിന്റെ അമൂല്യ സമ്മാനമായ പരിശുദ്ധാത്മാവേ, എന്നിൽ ആവസിച്ച് ദൈവ രാജ്യത്തിനുവേണ്ടി ശുശ്രൂഷ ചെയ്യാനുള്ള തീക്ഷ്ണതയാൽ ഞാൻ നിറയുവാൻ എന്നെ തീ പിടിപ്പിക്കണമേ . തൊണ്ണൂറ്റൊൻപത് ആടുകളെയും വിട്ട് നഷ്ടപ്പെട്ട പോയ ഒന്നിനെ തേടിവന്ന നല്ല ഇടയനായ ഈശോയെ, അങ്ങയുടെ സഹായം ഞങ്ങൾക്ക് എന്നും ഉണ്ടായിരിക്കട്ടെ. ഈശോ നാഥാ, ദുർബലർ , രോഗികൾ, സമൂഹത്തിൽ നിന്നും പുറത്താക്കപ്പെട്ടവർ, മോശക്കാരായി മുദ്രകുത്തപ്പെട്ടവർ എന്നിവർക്കെല്ലാം ജീവിതത്തിൽ ഇടം നൽകണമെന്ന് വി. ഡൊമിനിക്കിന്റെ ജീവിതം ഞങ്ങളെ പറയുന്നു . ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അരൂപിയായ പരിശുദ്ധാത്മാവേ, ഈശോയുടെ ജീവിക്കുന്ന സാക്ഷികളായി മാറുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ.
“എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.”
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8)
ആമേൻ
1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.
വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.