ഇന്നത്തെ വിശുദ്ധ: വി. കാതറിന്‍ ഓഫ് അലക്‌സാന്‍ഡ്രിയ
November 25 – വി. കാതറിന്‍ ഓഫ് അലക്‌സാന്‍ഡ്രിയ
അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. തന്റെ 18-മത്തെ വയസ്സില്‍ അവള്‍ ശാസ്ത്രവിജ്ഞാനത്തില്‍ തന്റെ സമകാലികരെ എല്ലാവരെയും പിന്തള്ളി. ക്രിസ്ത്യാനികള്‍ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധ ചക്രവര്‍ത്തിയായ മാക്സിമിന്‍റെ അടുക്കല്‍ പോവുകയും അദ്ദേഹത്തിന്റെ ഈ ക്രൂരതയെ വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ ആത്മരക്ഷ വേണമെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കണമെന്ന് വ്യക്തമായ കാര്യകാരണങ്ങള്‍ നിരത്തികൊണ്ട് അവള്‍ വാദിച്ചു.
അവളുടെ ബുദ്ധിയിലും അറിവിലും അമ്പരന്ന ചക്രവര്‍ത്തി അവളെ തടവിലാക്കുവാന്‍ കല്‍പ്പിച്ചു. തുടര്‍ന്ന്‍ ഏറ്റവും പ്രഗല്‍ഭരായ ധാരാളം തത്വചിന്തകരെ വിളിച്ചു വരുത്തുകയും വിശുദ്ധയുമായി വാഗ്വാദത്തില്‍ വിജയിക്കുവാന്‍ ധാരാളം പേരെ ഏര്‍പ്പാടാക്കി. അവളെ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്നും പിന്തിരിക്കുകയും ചെയ്താല്‍ ധാരാളം പ്രതിഫലം നല്‍കാം എന്ന് രാജാവ് വാഗ്ദാനവും നടത്തി. എന്നാല്‍ വിശുദ്ധയുടെ വാദത്തിലെ യുക്തിയിലും അവളുടെ വാക്ചാതുര്യത്തിലും, ക്രിസ്തുവിലുള്ള അവളുടെ വിശ്വാസത്തിലും ആശ്ചര്യപ്പെട്ട പണ്ഡിതന്മാര്‍ സുവിശേഷത്തിനായി തങ്ങളുടെ ജീവന്‍ വരെ ബലികഴിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
അതിനെതുടര്‍ന്ന്‍ ചക്രവര്‍ത്തി മുഖസ്തുതിയിലും പ്രലോഭനങ്ങളാലും വിശുദ്ധയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതില്‍ കോപാകുലനായ ചക്രവര്‍ത്തി വിശുദ്ധയെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുവാനും മുള്ളാണികള്‍ നിറഞ്ഞ ചമ്മട്ടി കൊണ്ട് മുറിവേല്‍പ്പിക്കുവാനും ഉത്തരവിട്ടു. കൂടാതെ ഭക്ഷണമൊന്നും കൊടുക്കാതെ പതിനൊന്ന്‍ ദിവസത്തോളം കാരാഗ്രഹത്തില്‍ പട്ടിണിക്കിടുവാനും കല്‍പ്പിച്ചു. ചക്രവര്‍ത്തിയുടെ ഭാര്യയും, സൈന്യാധിപനായ പോര്‍ഫിരിയൂസ് തടവറയില്‍ വിശുദ്ധയെ സന്ദര്‍ശിച്ചു. വിശുദ്ധയുടെ വാക്കുകള്‍ അവരെയും ക്രിസ്തുവിലേക്കടുപ്പിച്ചു. യേശുവിലുള്ള തങ്ങളുടെ സ്നേഹം പിന്നീടവര്‍ തങ്ങളുടെ രക്തത്താല്‍ തന്നെ തെളിയിച്ചു.
വിശുദ്ധ കാതറിന്‍ അനുഭവിക്കേണ്ടി വന്ന അടുത്ത പീഡനം നല്ല മൂര്‍ച്ചയും മുനയുമുള്ള കത്തികളാല്‍ നിറഞ്ഞ ഒരു ചക്രത്തില്‍ കിടക്കുക എന്നതായിരുന്നു. അവളുടെ കീറിമുറിവേല്‍പ്പിക്കപ്പെട്ട ശരീരത്തില്‍ നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി. ആ നാരകീയ ശിക്ഷായന്ത്രം പല കഷണങ്ങളായി പൊട്ടിത്തെറിച്ചു. ഈ അത്ഭുതത്തിനു സാക്ഷികളായ എല്ലാവരും ക്രിസ്തുവില്‍ വിശ്വസിക്കുവാനാരംഭിച്ചു. ഒടുവില്‍ 312 നവംബര്‍ 25ന് ക്രിസ്തുവിന്റെ ഈ ദാസിയെ അവര്‍ തലയറുത്ത് കൊലപ്പെടുത്തി. വിശുദ്ധയുടെ ശരീരം സിനായി കുന്നിലാണ് സംസ്ക്കരിച്ചത്.
വിശുദ്ധ കാതറിന്റെ രക്തസാക്ഷിത്വത്തെ പറ്റിയുള്ള ഐതിഹ്യത്തില്‍ നിന്നും ചരിത്രപരമായ സാരാംശം വേര്‍തിരിച്ചെടുക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വളരെയേറെ വെല്ലുവിളികള്‍ നേരിടേണ്ടതായും വന്നിട്ടുണ്ട്. പൗരസ്ത്യ ദേശങ്ങളില്‍ നിന്നുമുള്ള പഴയ വിവരങ്ങളില്‍ ഈ വിശുദ്ധയെ കുറിച്ച് പരാമര്‍ശിച്ചു കാണുന്നില്ല. പാശ്ചാത്യ ദേശങ്ങളിലാകട്ടെ ഈ വിശുദ്ധയെ ആദരിക്കുന്നവര്‍ പതിനൊന്നാം നൂറ്റാണ്ടിന് മുന്‍പ് ഉള്ളതായി കാണുന്നില്ല. കുരിശു യുദ്ധക്കാരാണ് ഈ വിശുദ്ധയെ വണങ്ങുന്ന പതിവ് പ്രചാരത്തിലാക്കിയത്. “പതിന്നാല് പരിശുദ്ധ സഹായകരില്‍” ഒരാളെന്ന നിലയിലാണ് വിശുദ്ധയെ പരിഗണിക്കുന്നത്. തത്വചിന്താ വിജ്ഞാനീകരുടെ മാധ്യസ്ഥ എന്ന നിലയിലാണ് അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ അറിയപ്പെടുന്നത്.
വി. കാതറിന്‍ ഓഫ് അലക്‌സാന്‍ഡ്രിയ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.