വി. ബോണിഫാസിൻ്റെ കബറിടം : ജർമ്മനിയുടെ ശ്രീകോവിൽ
ജൂൺ അഞ്ചിന് ജർമ്മനിയുടെ അപ്പസ്തോലനായ വി. ബോണിഫാസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ബോണിഫാസ് എന്ന വാക്കിൻ്റെ അർത്ഥം ‘നന്മ ചെയ്യുന്നവൻ’ എന്നാണ്. ഈ ദിനത്തിൽ നന്മ ചെയ്ത് നടന്നുനീങ്ങിയ വി. ബോണിഫാസിൻ്റെ കബറിടത്തെക്കുറിച്ചും അത് സ്ഥിതിചെയ്യുന്ന ഫുൾഡാ കത്തീഡ്രലിനെക്കുറിച്ചും ഒരു കുറിപ്പ്.
ഇന്നത്തെ ഹോളണ്ടിലെ ദോക്കുവിൽ 754 ജൂൺ അഞ്ചിന് പെന്തക്കുസ്താ ദിനത്തിലാണ് ബോണിഫാസ് രക്തസാക്ഷിത്വം വരിച്ചത്. ഒരു മാസം കഴിഞ്ഞ് ജൂലൈ 5-ന് ജർമ്മനിയിയെ ഫുൾഡയിലാണ് ബോണിഫാസിൻ്റെ മൃതസംസ്കാരം നടത്തിയത്. ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനത്തുള്ള ഫുൾഡാ കത്തീഡ്രലിലാണ് വി. ബോണിഫാസിൻ്റെ കബറിടം സ്ഥിതി ചെയ്യുന്നത്.
1752-ൽ മുതലാണ് ഫുൾഡയിലെ ആബിയിലെ ആബട്ട് മെത്രാനായി നിയമിതനാകുന്നതിലൂടെയാണ് ഈ ആശമ ദൈവാലയം ഫുൾഡാ രൂപതയുടെ കത്തീഡ്രൽ ആകുന്നത്. 1802 ആശ്രമം ഇല്ലാതാവുകയും കത്തീഡ്രൽ ദൈവാലവും മെത്രാൻ മന്ദിരവുമായി തുടരുകയും ചെയ്തു. രക്ഷകനായ ക്രിസ്തുവിൻ്റെ നാമത്തിലാണ് ഈ ദൈവാലയം പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഒരുകാലത്ത് ആൽപ്സ് പർവ്വതനിരയുടെ വടക്കുഭാഗത്തെ ഏറ്റവും വലിയ ബസിലിക്കയായിരുന്ന റാറ്റ്ഗർ ബസിലിക്കയുടെ സ്ഥാനത്താണ് ഇപ്പോഴത്തെ കത്തീഡ്രൽ സ്ഥിതിചെയ്യുന്നത്. ജർമ്മനിയിലെ മഹനായ ബറോക്ക് ആർക്കിടെക്റ്റുകളിൽ ഒരാളായിരുന്ന യോഹാൻ ഡിയന്റ്സെൻഹോഫറാണ് (Johann Dientzenhofer) ഈ കത്തീഡ്രലിൻ്റെ പ്ലാൻ 1700-ൽ പ്രിൻസ്-അബോട്ട് അഡാൽബെർട്ട് വോൺ ഷ്ലീഫ്രാസ് -ന്റെ (Prince-Abbot Adalbert von Schleifras) താൽപര്യപ്രകാരം തയ്യാറാക്കിയത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആന്തരികഘടനയോട് സാമ്യമുള്ളതാണ് ഈ കത്തിഡ്രലിൻ്റെയും ആന്തരികഘടന. ബറോക്ക് രീതിയിൽ പുതിയ കത്തീഡ്രൽ നിർമ്മിക്കാനായി റാറ്റ്ഗർ ബസിലിക്ക പൊളിച്ചുമാറ്റി അതേ സ്ഥലത്തു തന്നെ 1704 ഏപ്രിൽ 23-ന് പുതിയ ദൈവാലയത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. 1712 ഓഗസ്റ്റ് 15-ന് പുതിയ ആശ്രമ ദൈവാലയത്തിൻ്റെ പണി പൂർത്തിയാക്കി സമർപ്പണം നടത്തി. പഴയ ബസിലിക്കയിലേതുപോലെ വിശുദ്ധ ബോണിഫാസിൻ്റെ കബറിടം സ്ഥിതിചെയ്തിരുന്ന കപ്പളേ പുതിയ ദൈവാലയത്തിലും സ്ഥാനം പിടിച്ചു.
രണ്ടാം ലോകമഹായുദ്ധ സമയത്ത് വ്യോമാക്രമണത്തിലുണ്ടായ കേടുപാടുകൾ പരിഹരിച്ചശേഷം 1954-ല് കത്തീഡ്രൽ ദൈവാലയം തീർത്ഥാടകർക്കായി വീണ്ടും തുറന്നു. 1867 മുതൽ ജർമ്മൻ മെത്രാൻസംഘം എല്ലാ വർഷവും ബിഷപ്സ് കോൺഫ്രൻസിൻ്റ ശരത്കാല സമ്മേളനത്തിനായി ഫുൾഡായിലാണു സമ്മേളിക്കുന്നത്. 1980 നവംബറിൽ ജോൺപോൾ രണ്ടാമൻ പാപ്പ ഫുൾഡാ സന്ദർശിച്ചപ്പോൾ ബോണിഫാസിൻ്റെ കബറിടത്തെ ജർമ്മനിയുടെ ശ്രീകോവിലായാണ് (the sanctuary of your country) വിശേഷിപ്പിച്ചത്.
ചരിത്രകാരനായ ഹെൻറിച്ച് ലിയോ ബോണിഫാസിനെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ജർമ്മനിയിൽ ഇന്നു കാണുന്ന രാഷ്ട്രീയവും ദൈവശാസ്ത്രപരവും ബൗദ്ധീകവുമായ എല്ലാ വികാസത്തിൻ്റെയും അടിസ്ഥാനം വി. ബോണിഫസ് നൽകിയ ദർശനങ്ങളാണ്. ഇസ്രായേക്കാർക്ക് അവരുടെ പിതാക്കന്മാരുടെ കബറിടം എത്രയോ പൂജ്യമാണോ അതിനെക്കാൾ പൂജ്യമാണ് ഫുൾഡയിലുള്ള ബോണിഫാസിൻ്റെ കബറിടം ഞങ്ങൾക്ക്. ഞങ്ങൾക്കും ഞങ്ങളുടെ പേരക്കിടാങ്ങൾക്കും ഞങ്ങളുടെ മഹാന്മാരായ ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും നൽകാൻ കഴിയുന്നതിനേക്കാൾ ബോണിഫാസ് നൽകിയിട്ടുണ്ട്.”
ഈ ദിനത്തിൽ ക്രിസ്തീയ ഉപവിയുടെയും ദാനധർമ്മത്തിൻ്റെയും പര്യായമായ ജർമ്മൻ സഭയ്ക്കുവേണ്ടി ഒരു നിമിഷം നമുക്കു പ്രാർത്ഥിക്കാം.
~ ഫാ. ജെയ്സണ് കുന്നേല് mcbs ~
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.