മനുഷ്യജീവന് രക്ഷിക്കുന്ന സെന്റ് ബെര്‍ണാഡ് നായ്ക്കള്‍
സെന്റ് ബെര്‍ണാഡ് നായ്ക്കള്‍ പ്രസിദ്ധമാണ്. അപകടകരമായ സാഹചര്യങ്ങളിലും മഞ്ഞിലുമെല്ലാം അകപ്പെട്ടു പോയ മനുഷ്യരെയും കുട്ടികളെയും രക്ഷിച്ച നിരവധി കഥകള്‍ ചരിത്രത്തിലുണ്ട്.
11 ാം നൂറ്റാണ്ടില്‍ ആല്‍പ്സ് പര്‍വതനിരയുടെ പടിഞ്ഞാറ് ഭാഗത്ത് മോഞ്ചോയിലെ വി. ബര്‍ണാഡ് ഒരു ആശ്രമവും ഒരു സത്രവും സ്ഥാപിച്ചു. ആല്‍പ്സ് പര്വതങ്ങളിലുള്ളവരെ സുവിശേഷവല്‍ക്കരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യമെങ്കിലും പിന്നീട് അതു വഴി റോമിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് സത്രമൊരുക്കുക എന്ന ഉദ്ദേശ്യവും കൈവന്നു.
അപകടത്തില്‍ പെട്ട അനേകരുടെ ജീവന് വി. ബെര്‍ണാഡും അദ്ദേഹത്തിന്റെ സഹതാപസന്മാരും ചേര്‍ന്ന് രക്ഷിച്ചിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഈ താപസന്മാര് ഒരു പ്രത്യേക ഇനത്തില്‍ പെട്ട നായ്ക്കളെ വളര്‍ത്തിയിരുന്നു, അപകടത്തില്‍ പെട്ടവരെയും ആവശ്യക്കാരെയും സഹായിക്കാനുള്ള സവിശേഷമായ കഴിവ് ഈ നായ്ക്കള്‍ക്ക് ഉണ്ടായിരുന്നു. വിശുദ്ധനോടുള്ള ബഹുമാനാര്‍ത്ഥം അവയ്ക്ക് സെന്റ് ബെര്‍ണാഡ് നായ്ക്കള്‍ എന്ന് പേര് വന്നു.
അനേക വര്‍ഷങ്ങള്‍ ഈ നായ്ക്കള്‍ നിരവധി ജീവനുകളെ രക്ഷിച്ചു. അതില്‍ ഒരു നായ് പ്രസിദ്ധനായിരുന്നു. ബാരി എന്നായിരന്നു, അതിന്റെ പേര്. 1800 മുതല്‍ 1812 വരെ അത് ആശ്രമത്തില്‍ ജീവിച്ചു. റെക്കോര്‍ഡ് പ്രകാരം ബാരി 40 പേരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഒരു സംഭവം ഇങ്ങനെയാണ്. കൊടുംകാറ്റുള്ള ഒരു ദിവസം ബാരി ഒരു മഞ്ഞു ഗുഹയില്‍ പെട്ടു കിടക്കുന്ന ഒരു കുട്ടിയെ കണ്ടു. ബാരി ആ കുട്ടിയെ നക്കി ഉണര്‍ത്തി. അപ്പോള്‍ കുട്ടു ബാരിയെ അള്ളിപ്പിടിച്ചു. കുട്ടിയെ പുറത്തിരുത്തി അവന് ആശ്രത്തിലേക്ക് എത്തിച്ചു. അവിടെ അവനെ ശുശ്രൂഷിച്ച് ആരോഗ്യം വീണ്ടെടുത്ത് താപസന്മാര് അവനെ അവന്റെ മാതാപിതാക്കളുടെ പക്കലെത്തിച്ചു.