അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 7/30
(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 7/30 – തുടരുന്നു)
ഗുരുവിനെ ഇല്ലാതാക്കാനുള്ള ഫ്‌ലോറെൻസിയുസിന്റെ ആദ്യ ശ്രമം വിഫലമായി. അതുകൊണ്ട് അയാൾ തന്റെ ആക്രമണം വിശുദ്ധ ബെനഡിക്ടിന്റെ ശിഷ്യൻമാർക്ക് നേരെ തിരിച്ചു വിട്ടു. അവരിൽ ജഡികാസക്തി വളർത്തി ആത്മനാശം വരുത്താനുള്ള ഗൂഢലക്ഷ്യത്തോടെ എഴ് യുവതികളെ ആഭാസനൃത്തം ചെയ്യാനായി ആശ്രമവളപ്പിൽ എത്തിച്ചു. ഈ ക്രൂര വിനോദത്തിന്റെ പിന്നിലൊളിഞ്ഞിരുന്ന മഹാവിപത്ത് മനസ്സിലായി വിശുദ്ധൻ ഏതാനും ശിഷ്യൻമാരോടു കൂടി ആശ്രമം വിട്ടുപോയി. തന്നൊടുള്ള വ്യക്തിവൈരാഗ്യമാണ് ഇത്തരമൊരു നീചകൃത്യത്തിന് ഫ്‌ലോറെൻസിയുസിനെ പ്രേരിപ്പിച്ചതെന്ന് തിരിച്ചറിയാൻ വിശുദ്ധന് ബുദ്ധിമുട്ടുണ്ടായില്ല. ശക്തരായ മേലധികാരികള തിരഞ്ഞെടുത്ത് നിയോഗിച്ചിട്ടാണ് അദ്ദേഹം പോയത്.
ഫ്‌ലോറെൻസിയുസിന്റെ ആഹ്ലാദത്തിന് അതിരുണ്ടായില്ല. വീടിന്റെ മട്ടുപ്പാവിൽ കയറി നിന്നയാൾ ആർത്ത് വിളിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. പെട്ടന്നു താൻ നിന്നിരുന്ന ഭാഗം മാത്രം പൊട്ടിയാർന്ന് അയാൾ നിലം പതിച്ചു. തൽക്ഷണം മരണമടഞ്ഞ ഫ്‌ലോറെൻസിയുസിന് തന്റെ പ്രവൃത്തിയേക്കുറിച്ച് അനുതപിക്കാൻ പോലും അവസരം കിട്ടിയില്ല. “തിന്‍മ ദുഷ്‌ടരെ സംഹരിക്കും; നീതിമാന്‍മാരെ ദ്വേഷിക്കുന്നവര്‍ക്കു ശിക്‌ഷാവിധിയുണ്ടാകും.”(സങ്കീര്‍ത്തനങ്ങള്‍ 34 : 21) എന്ന സങ്കീർത്തന വചനം അവിടെ നിറവേറി.
വിശുദ്ധ ബെനഡിക്ടും സംഘവും ആശ്രമത്തിൽ നിന്ന് പത്തു മൈൽ മാത്രം അകലയെത്തിയപ്പോഴാണ് ഈ അത്യാഹിതം. വത്സലശിഷ്യനായ മൗറസ് മരണ വിവരം അറിയിച്ചുകൊണ്ട് ഒരു സന്ദേശമയച്ചു. ഫ്‌ലോറെൻസിയുസ് മരിച്ചതിനാൽ മടങ്ങിവരണമെന്നതായിരുന്നു സാരാംശം. തന്നെ ശത്രുവായി കണ്ട അയാളുടെ മരണത്തിൽ വിശുദ്ധ ബെനഡിക്ട് ദുഃഖിച്ചു.
എന്നാൽ ആ മരണത്തിൽ മൗറസ് സന്തോഷിക്കുന്നു എന്ന വസ്തുത ബെനഡിക്ടിനെ വേദനിപ്പിച്ചു. ഈ കുറ്റത്തിന് തക്ക പ്രായശ്ചിത്തം ചെയ്യണമെന്ന് കൽപ്പന കൊടുത്തിട്ട് അദ്ദേഹം യാത്ര തുടർന്നു.
ദൈവത്തിൽ മാത്രം ദൃഷ്ടി ഉറപ്പിച്ച് മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാതെ ഒന്നിനെക്കുറിച്ചും പരാതിപ്പെടാതെ അവിടുത്തെ സ്തുതിക്കുന്ന ഒരു ജീവിതമായിരുന്നു വിശുദ്ധ ബെനഡിക്ടിന്റെത്. തന്നെ തളർത്താനും അപമാനിക്കുവാനും ഉപദ്രവിക്കാനും ശ്രമിച്ച
ഫ്‌ലോറെൻസിയുസിനെ സ്നേഹത്തോടും കരുണയോടും കൂടി വീക്ഷിച്ച അദ്ദേഹം യഥാർത്ഥത്തിൽ ഈശോയെ തന്നിലൂടെ പ്രതിഫലിപ്പിച്ചു. ഇതു പോലെ നമുക്കും ശത്രുക്കളെ സ്‌നേഹിക്കുന്നവരും പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നവരുമാകാം.(വി. മത്തായി 5:44) അതിനായി നമുക്ക് പ്രാർത്ഥിക്കാം.
പ്രാർത്ഥന
കർത്താവായ ഈശോയെ, അങ്ങാണ് നീതിമാന്‍മാരുടെ രക്‌ഷ, കഷ്‌ടകാലത്ത് അവരുടെ അഭയകേന്‌ദ്രം അങ്ങുതന്നെ.(സങ്കീര്‍ത്തനങ്ങള്‍ 37 : 39) ഞങ്ങളോട് തിന്മ ചെയ്യുകയും തിന്മ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന എല്ലാ ദുഷ്ടശക്തികളെയും വിശുദ്ധ ബെനസിക്ടിനെപോലെ അവഗണിക്കുവാനും തരണം ചെയ്യുവാനും വേണ്ട ശക്തി അങ്ങയുടെ കരുണയാൽ ഞങ്ങൾക്ക് നൽകണമേ. അപമാനവും പരിഹാസങ്ങളും നിന്ദനങ്ങളുമെല്ലാം അങ്ങയുടെ പീഡാസഹനത്തോട് താതാത്മ്യപ്പെട്ട് ഏറ്റെടുക്കുവാനും ക്ഷമയോടെ സഹിക്കുവാനും ഞങ്ങൾക്ക് ശക്തി നൽകണമേ. ഇത്തരത്തിൽ തിന്മയ്ക്ക് പകരം നന്മ ചെയ്ത് അനേകരെ അങ്ങയിലേക്ക് അടുപ്പിക്കുന്നതിനുള്ള തീക്ഷണത ഈശോയെ, ദയയാൽ തന്നരുളണമേ.
ആമ്മേൻ.
വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന
അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പി ക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷ ങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥത യാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച് അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാ ത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ
1സ്വർഗ്ഗ.1നന്മ. 1ത്രിത്വ
വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ