അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 5/30
(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 5/30 – തുടരുന്നു)
ശുദ്ധഗതിക്കാരനും സത്യസന്ധനുമായ ഒരു ഗോത്തുവംശജൻ വിശുദ്ധ ബെനഡിക്ടിന്റെ ശിഷ്യഗണത്തിൽ ഒരുവനായി ചേരുകയുണ്ടായി. തടാകതീരത്ത് കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് കൃഷിചെയ്യാൻ ഇയാളെ നിയോഗിച്ചു. മുൾപ്പടർപ്പുകളും മറ്റും വെട്ടി തെളിയിക്കുന്നതിനായി ഒരു വെട്ടരിവാളും നൽകി.
യുവസന്യാസി ജോലിയിൽ ഏർപ്പെട്ടു. തഴച്ചുവളർന്ന കാടും പടലുമെല്ലാം വെട്ടിമാറ്റികൊണ്ടിരിക്കെ പെട്ടെന്ന് അരിവാൾ പിടിയിൽനിന്ന് വേർപ്പെട്ടു. അത് ഊരിതെറിച്ച് തടാകത്തിൽ ചെന്നു വീണു. ആഴമേറിയ കയത്തിൽ നിന്ന് അത് കണ്ടെടുക്കുക പ്രയാസം. പേടിച്ചുവിറച്ച് അയാൾ വിശുദ്ധ ബെനഡിക്ടിന്റെ മറ്റൊരു ശിഷ്യനായ മൗറിസിന്റെ അടുക്കൽ പാഞ്ഞെത്തി. സംഭവിച്ചതെല്ലാം വിവരിച്ച് തെറ്റു പൊറുക്കണമെന്ന് അപേക്ഷിച്ചു. മൗറിസിൽ നിന്നും വിവരം ധരിച്ച വിശുദ്ധ ബെനഡിക്ട് അരിവാളിന്റെ കൈപ്പിടി വാങ്ങി വെള്ളത്തിൽ മുക്കിപ്പിടിച്ചു. ആ സമയം തടാകത്തിന് അടിത്തട്ടിൽനിന്ന് അരിവാൾ ഉയർന്നുവന്ന് വിശുദ്ധന്റെ കയ്യിലിരുന്ന അതിന്റെ പിടിയിൽ സ്വയം ഉറച്ചു! അദ്ദേഹമത് ഗോത്തിനെ ഏൽപ്പിക്കുകയും ജോലി തുടർന്നു കൊള്ളുക എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തു.
“അടയാളങ്ങളും അദ്‌ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ!” (പ്രഭാഷകന്‍ 36:6) എന്ന വചനം അദ്ദേഹം തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി.(വിശുദ്ധ ബെനഡിക്ട്: ജീവിതവും അത്ഭുതങ്ങളും ; മഹാനായ വിശുദ്ധ ഗ്രിഗറി,അദ്ധ്യായം 5)
ദൈവത്തിൽ മാത്രം സന്തോഷം കണ്ടെത്തിയ ഒരു ജീവിതമായിരുന്നു വിശുദ്ധ ബെനഡിക്ടിന്റെത്. ആയതിനാൽ ഈശോയെ സ്നേഹിക്കാനും അവിടുത്തെ വചനം വിശ്വസിക്കാനും അക്ഷരാർത്ഥത്തിൽ അത് പാലിക്കുവാനും അദ്ദേഹം പരിശ്രമിക്കുകയും തന്റെ ശിഷ്യന്മാരെ അത് പഠിപ്പിക്കുകയും ചെയ്തു. ഇതേ ചൈതന്യം നിറഞ്ഞിരുന്ന മറ്റൊരു വ്യക്തിയായിരുന്നു ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസ്.
“സ്‌തേഫാനോസ് കൃപാവരവും ശക്‌തിയുംകൊണ്ടു നിറഞ്ഞ് പല അദ്‌ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചു.” (അപ്പ. പ്രവര്‍ത്തനങ്ങള്‍ 6:8) ഈ ഇരുവരിലും നാം പൊതുവായി ദർശിക്കുന്നത് ഈശോയോടുള്ള സ്നേഹവും,ഭക്തിയും, വചനം പാലിക്കുന്നതിലുള്ള വിശ്വസ്തതയും, അത് പ്രഘോഷിക്കുന്നതിനുള്ള തീക്ഷ്ണതയുമാണ്. ഈ ചൈതന്യം നമ്മിലേക്കും പകരപ്പെടാൻ നമുക്ക് ആഗ്രഹിച്ച് പ്രാർത്ഥിക്കാം. നമ്മെ അറിഞ്ഞ നാം അറിഞ്ഞ ഈശോയെ ഇവരെപ്പോലെ നമുക്കും ലോകത്തിന് പകർന്നു കൊടുക്കാം.
പ്രാർത്ഥന
സകലത്തിന്റെയും നാഥനായ കർത്താവേ, അങ്ങാണ് അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്‌തി വെളിപ്പെടുത്തിയതും അങ്ങുതന്നെ. (സങ്കീര്‍ത്തനങ്ങള്‍ 77 : 14) ഈശോയെ അങ്ങയിലുള്ള വിശ്വാസത്തിൽ അടിയുറയ്ക്കുവാനും അതിൽ നിന്നുത്ഭവിക്കുന്ന സ്നേഹത്താലും ആനന്ദത്താലും മറ്റുള്ളവരെ അങ്ങയിലേക്ക് അടുപ്പിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.നാഥാ, ഞങ്ങളെ കാണുന്നവർ അങ്ങനെ ദർശിക്കുന്നവരാകുവാനും ഞങ്ങളെ കേൾക്കുന്നവർ അങ്ങയെ ശ്രവിക്കുന്നവരാകുവാനും പോന്ന മാറ്റം ഞങ്ങളിലുണ്ടാകട്ടെ. അങ്ങേ ജീവിക്കുന്ന സാക്ഷികളാക്കി ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ. അങ്ങനെയുള്ള വലിയ വിശ്വാസം ജനതകളിൽ ഉണരട്ടെ. വിശുദ്ധ ബനഡിക്ടിനെപോലെ അങ്ങയുടെ ശക്തിയിൽ വിശ്വസിക്കാനും അതനുസരിച്ച് പ്രവർത്തിക്കുവാനും വലിയ അത്ഭുതങ്ങൾക്ക് സാക്ഷികളാകുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ.
വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന
അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പി ക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷ ങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥത യാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച് അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാ ത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ
1സ്വർഗ്ഗ.1നന്മ. 1ത്രിത്വ
വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ