ഇന്നത്തെ വിശുദ്ധന്‍: വി. അഗസ്റ്റിന്‍, ഹിപ്പോയിലെ മെത്രാന്‍
August 28 – വി. അഗസ്റ്റിന്‍, ഹിപ്പോയിലെ മെത്രാന്‍
അസാധാരണമാണ് വി. അഗസ്റ്റിന്റെ ആത്മകഥ. ‘ദ കണ്‍ഫെഷന്‍സ്’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ലോകപ്രസിദ്ധമായ ആത്മകഥയില്‍ നിന്നാണ് നാം ഈ മഹാവിശുദ്ധന്റെ ജീവിതം മനസ്സിലാക്കുന്നത്. പാപത്തിന്റെ പടുകുഴിയില്‍ നിന്ന് ദൈവം ഒരാത്മാവിനെ രക്ഷിച്ചെടുക്കുന്ന ഉത്തേജനകരമായ അനുഭവമാണ് ഈ ഗ്രന്ഥം. തഗാസ്‌തേയില്‍ പട്രീഷ്യസ് എന്ന വിജാതീയന്റെയും മോനിക്ക എന്ന പുണ്യവതിയുടെയും മകനായി ജനിച്ച അഗസ്റ്റിന്‍ തന്റെ കൗമാരകാലത്ത് പല വിധ തിന്മകളിലേക്ക് കൂപ്പുകുത്തി. അതുല്യമായ ബുദ്ധിയുണ്ടായിരുന്ന അഗസ്റ്റിന്‍ തത്വചിന്തയിലേക്ക് വളരെ ചെറുപ്രായത്തില്‍ തന്നെ ആകൃഷ്ടനായി. ജഡിക പാപങ്ങളില്‍ മുഴുകിയിരുന്നപ്പോള്‍ പോലും അദ്ദേഹം സത്യാന്വേഷണം തുടര്‍ന്നു. എന്നാല്‍ അദ്ദേഹം പരമമായ സത്യത്തില്‍ എത്തുന്നതു വരെ പല വിധ അബദ്ധസിദ്ധാന്തങ്ങളിലും പെട്ടു പോയി. അതിലൊന്നാണ് മനിക്കേയിസം. അപ്പോഴൊക്കെയും അദ്ദേഹത്തിന്റെ വിശുദ്ധയായ അമ്മ മോനിക്കയുടെ പ്രാര്‍ത്ഥനയും കണ്ണീരും അദ്ദേഹത്തെ പിന്തുടര്‍ന്നു. മിലാനിലെ മെത്രാനായ വി. അംബ്രോസും അദ്ദേഹത്തെ സത്യവിശ്വാസത്തിലേക്ക് മടങ്ങി വരുന്നതിന് ഏറെ സഹായിച്ചു. ഒരിക്കല്‍ തന്റെ പൂന്തോട്ടത്തില്‍ അസ്വസ്ഥനായി എന്തു ചെയ്യണം എന്നറിയാതെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അഗസ്റ്റിന്‍ ഒരു സ്വരം ശ്രവിച്ചു: എടുത്ത് വായിക്കുക! അദ്ദേഹം ബൈബിള്‍ തുറന്നപ്പോള്‍ വി. പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനമാണ് ലഭിച്ചത്. അത് അദ്ദേഹത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റി മറിച്ചു. 33 ാം വയസ്സില്‍ അഗസ്റ്റിന്‍ ക്രിസ്തുമതം സ്വീകരിച്ചു. 36 ാം വയസ്സില്‍ വൈദികനും 41 വയസ്സില്‍ ഹിപ്പോയിലെ മെത്രാനുമായി. ഇന്ന് കത്തോലിക്കാ സഭയുടെ വേദപാരംഗതനായി വി. അഗസ്റ്റിന്‍ വാഴ്ത്തപ്പെടുന്നു.
വിശുദ്ധ അഗസ്തീനോസേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.